‘പിച്ച് ഭയന്ന് ഗാംഗുലി പിന്മാറിയതാണ് രസകരം’; 2004 നാഗ്പൂർ ടെസ്റ്റ് ക്യൂറേറ്റർ കിഷോർ പ്രധാൻ

ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ഏറ്റവും പ്രശസ്തമോ അല്ലെങ്കിൽ കുപ്രസിദ്ധമോ എന്ന് വിശേഷിപ്പിക്കാവുന്ന മത്സരങ്ങളിൽ ഒന്നായിരുന്നു 2004 ലെ ഇന്ത്യ-ഓസ്‌ട്രേലിയ പര്യടനം. നാല് മത്സരങ്ങളുടെ പരമ്പര 2-1ന് വിജയിച്ച് സന്ദർശകർ നാട്ടിലേക്ക് മടങ്ങി. അന്ന് ബംഗളൂരുവിലും നാഗ്പൂരിലും ഓസ്‌ട്രേലിയ വിജയിച്ചപ്പോൾ മുംബൈയിൽ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. ഈ ചരിത്രപരമ്പര കണ്ടവർ ഇപ്പോഴും ഓർക്കുന്നുണ്ടാകും നാഗ്പൂർ ടെസ്റ്റിന്റെ ബിൽഡ് അപ്പും പിന്നീട് ഉണ്ടായ വീഴ്ചയും.
ബെംഗളൂരുവിൽ നടന്ന ആദ്യ മത്സരത്തിൽ തോൽക്കുകയും ചെന്നൈയിൽ അടുത്ത മത്സരം സമനിലയിലാവുകയും ചെയ്ത ഇന്ത്യ പരമ്പരയിൽ ഇതിനകം 1-0 ന് പിന്നിലായിരുന്നു. നിർണായക നാഗ്പൂർ ടെസ്റ്റിൽ വിജയിച്ച് തിരിച്ചുവരാനായിരുന്നു അന്നത്തെ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ പദ്ധതി. ഹോം ഗ്രൗണ്ടിൽ കളിക്കുമ്പോൾ ആതിഥേയർക്ക് അനുയോജ്യമായ പിച്ചുകളാണ് സാധാരണ നിലയിൽ തയ്യാറാക്കുക. ടീമിൻ്റെ ശക്തിക്കൊത്ത വിക്കറ്റുകൾ ക്യൂറേറ്റർമാർ രൂപകൽപ്പന ചെയ്യും. എന്നാൽ 2004 ൽ നാഗ്പൂർ പിച്ചിന്റെ ക്യൂറേറ്ററായിരുന്ന കിഷോർ പ്രധാൻ ചെയ്തത് മറ്റൊന്നായിരുന്നു.
സ്പിൻ കരുത്തിൽ ഇറങ്ങിയ ഇന്ത്യക്കായി അദ്ദേഹം ഒരുക്കിയത് ഒരു ബൗൺസി ട്രാക്ക്. ബൗൺസി-പേസി വിക്കറ്റ് സന്ദർശകർക്ക് കൂടുതൽ അനുയോജ്യമായി മാറി. ഇതോടെ ഓസ്‌ട്രേലിയ 2-0 ന് അപരാജിത ലീഡ് നേടി. പിന്നീട് പ്രധാൻ നേരിട്ടത് വിമർശനങ്ങളുടെ പെരുമഴ. 2009-ൽ വിദർഭ ക്രിക്കറ്റ് അസോസിയേഷനിൽ നിന്നും പ്രധാൻ സ്വമേധയാ വിരമിച്ചു. ഒരു ദശാബ്ദത്തിലേറെയായി വിശ്രമ ജീവിതം നയിക്കുന്ന 83-കാരൻ വീണ്ടും ആ കാലത്തെ കുറിച്ച് തുറന്നു പറയുകയാണ്. നാഗ്പൂർ പിച്ചിന്റെ കാര്യത്തിൽ തനിക്ക് പശ്ചാത്താപമില്ലെന്ന് ഉറച്ച ബോധ്യത്തോടെ പ്രധാൻ പറയുന്നു. “ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്” അഭിമുഖത്തിലായിരുന്നു അദ്ദേഹത്തതിന്റെ വെളിപ്പെടുത്തൽ.
“സൗരവ് ഗാംഗുലി പിച്ച് കണ്ടപ്പോൾ, ഞാൻ അത് സ്വന്തമായി ഒരുക്കുകയായിരുന്നുവെന്ന് അദ്ദേഹം കരുതി. രണ്ട് ടീമുകളുടെയും ശക്തിയും ബലഹീനതയും വിശദീകരിച്ച് അദ്ദേഹം എന്നോട് സംസാരിച്ചു. പിന്നാലെ അദ്ദേഹം അന്നത്തെ വിസിഎ പ്രസിഡന്റ് ശശാങ്ക് മനോഹറുമായി കൂടിക്കാഴ്ച നടത്തി. വിസിഎ മേധാവിയും പരിശീലകൻ കെ ജയന്തിലാലുമായി കൂടിയാലോചിച്ചാണ് പിച്ച് തയ്യാറാക്കിയിട്ടുള്ളതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഈ വിക്കറ്റിലാണ് നിങ്ങൾ കളിക്കേണ്ടതെന്നും ഗാംഗുലിയോട് വ്യക്തമാക്കി”- കിഷോർ പ്രധാൻ അഭിമുഖത്തിൽ പറയുന്നു.
“ഓഫ്‌സ്‌പിന്നർ ഹർഭജൻ സിംഗിനെപ്പോലെ പരിക്ക് ചൂണ്ടിക്കാട്ടി ഗാംഗുലി മത്സരത്തിൽ നിന്ന് പിന്മാറിയതാണ് രസകരം. നിർഭാഗ്യവശാൽ മത്സരം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഞങ്ങളുടെ ബാറ്റർമാർ യുദ്ധം തോറ്റു. നാഗ്പൂർ പിച്ചിന്റെ കാര്യത്തിൽ എനിക്ക് പശ്ചാത്താപമില്ല”- പ്രധാൻ കൂട്ടിച്ചേത്തു.
Story Highlights: 2004 Nagpur Test curator Kishore Pradhan