വെള്ളക്കരം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
പ്രതിഷേധങ്ങള്‍ക്കിടെ വെളളക്കരം കൂട്ടിയുളള പുതുക്കിയ താരിഫ് സർക്കാർ പുറത്തിറക്കി. വിവിധ സ്ലാബുകളിലായി ഗാർഹിക ഉപഭോക്താക്കൾക്ക് മിനിമം 50 മുതൽ 550 വരെയാണ് കൂടുന്നത്. അതിനിടെ, വെള്ളക്കരം കൂട്ടിയ തീരുമാനം നിയമസഭയില്‍ തന്നെ പ്രഖ്യാപിക്കുന്നതായിരുന്നു ഉചിതമെന്ന് സ്പീക്കര്‍ റൂള്‍ ചെയ്തു.
ഫെബ്രുവരി മൂന്നിന് പ്രാബല്യത്തില്‍ വന്നുവെന്ന നിലയിലാണ് വാട്ടർ അതോറിറ്റി പുതുക്കിയ താരിഫ് പുറത്തിറക്കിയത്. ഗാർഹിക ഉപഭോക്താക്കള്‍ക്ക് ഒമ്പത് സ്ലാബുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഗാർഹിക ഉപഭോക്താക്കൾക്ക് മിനിമം 50 മുതൽ 550 വരെയാണ് കൂടുന്നത്. മിനിമം നിരക്ക് 22.05 രൂപയിൽ നിന്നും 72.05 രൂപയായി ഉയരുകയും ചെയ്തിട്ടുണ്ട്.
1000 ലിറ്റർ വരെ ഉപയോഗിക്കുന്നതിന് 14.41 രൂപയാണ് പുതുക്കിയ നിരക്ക്. ഇതിന് ശേഷം 5000 ലിറ്റർ വരെ ഉപയോഗിക്കുന്ന ആദ്യ സ്ലാബിന് 72.05 രൂപയാണ് പുതുക്കിയ നിരക്ക്. നേരത്തെ 5000 ലിറ്ററിന് നിരക്ക് 22.05 രൂപയായിരുന്നു. ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 15,000 ലിറ്റർ വരെ സൌജന്യമായി ലഭിക്കും. അതേസമയം, വെള്ളക്കരം കൂട്ടിയുളള തീരുമാനത്തില്‍ ജലവിഭവമന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കർ റൂളിംങ് നടത്തി.
തീരുമാനം സഭയില്‍ പ്രഖ്യാപിക്കുന്നതായിരുന്നു ഉചിതമെന്നായിരുന്നു സ്പീക്കറുടെ റൂളിങ്. എ.പി അനില്‍കുമാർ ഉന്നയിച്ച ക്രമപ്രശ്നത്തിലായിരുന്നു സ്പീക്കറുടെ റൂളിങ്. എന്നാല്‍ വെള്ളക്കരം കൂട്ടാന്‍ നേരത്തെ തീരുമാനിച്ചതാണെന്നും നടപടിക്രമങ്ങള്‍ ഇപ്പോള്‍ പൂര്ത്തിയായത് കൊണ്ടാണ് ഉത്തരവ് വന്നതെന്നും റോഷി അഗസ്റ്റിന്‍ വിശദീകരിച്ചു.
Story Highlights: kerala increases water tax
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here