നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ ധനകാര്യവകുപ്പിന് ഗുരുതര വീഴ്ച; കെടുകാര്യസ്ഥതകൾ അക്കമിട്ട് നിരത്തി സിഎജി റിപ്പോർട്ട്
ധനകാര്യവകുപ്പിന്റെ കെടുകാര്യസ്ഥതകൾ അക്കമിട്ട് നിരത്തി സിഎജി റിപ്പോർട്ട്. നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ ഉൾപ്പെടെ ധനകാര്യവകുപ്പ് ഗുരുതര വീഴ്ച വരുത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 7100 കോടി രൂപയുടെ റവന്യു കുടിശിക നിലനിൽക്കുന്നതായും ബജറ്റിൽ പ്രഖ്യാപിക്കുന്ന നികുതിയേതര വരുമാനം പകതിപോലും സമാഹരിക്കാനാകുന്നില്ലെന്നും സിഎജി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ( CAG report against Kerala Finance Department ).
നികുതി പിരിവ് കാര്യക്ഷമമല്ല എന്നതാണ് സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന വിമർശനം. ഇതിന് അടിവര ഇടുന്നതാണ് സിഎജി കണ്ടെത്തലുകൾ. 12 വകുപ്പുകളിലായി പിരിച്ചെടുക്കാനുള്ള റെവന്യു കുടിശിക 7100.32 കോടി രൂപയാണ്. ഇതിൽ 6422 കോടി രൂപയും, സർക്കാർ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നാണ്. നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ ഡാറ്റ ബാങ്ക് തയ്യാറാക്കണമെന്നും സിഎജി ശുപാർശ ചെയ്യുന്നു.
തെറ്റായ നികുതി പിരിവും, അനർഹമായ ഇളവുകളും അനുവദിച്ചതിലൂടെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ജി എസ് ടി വകുപ്പിന് ലഭിക്കേണ്ട 51 കോടി 28 ലക്ഷം രൂപ നഷ്ടമായതായും റിപ്പോർട്ടിലുണ്ട്. ബഡ്ജറ്റിലെ നികുതിയേര വരുമാന മാർഗങ്ങൾ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുന്നതായും സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2020- 21 കാലത്തെ ബജറ്റ് പ്രഖ്യാപനത്തിലെ നികുതിയേതര വരുമാനത്തിൽ പകുതി മാത്രമാണ് സമാഹരിക്കാനായത്. ബജറ്റ് മതിപ്പിൽ നിന്ന് 49.16 ശതമാനത്തിന്റെ കുറവാണ് സി എ ജി ചൂണ്ടിക്കാട്ടുന്നത്.
യാഥാർത്ഥ്യ ബോധത്തോടെയുള്ള ആസൂത്രണം ബഡ്ജറ്റ് നിയന്ത്രണത്തിൽ നടപ്പാക്കണമെന്നും സിഎജി നിർദ്ദേശിക്കുന്നു. മാനദണ്ഡങ്ങളിലെ വീഴ്ചമൂലം രജിസ്ട്രേഷൻ, സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ ഒരു കോടി 54 ലക്ഷത്തിന്റെ വരുമാന നഷ്ടമാണ് സംഭവിച്ചത്. എക്സൈസ് കമ്മീഷ്ണർക്കെതിരെയും സിഎജി റിപ്പോർട്ടിൽ വിമർശനമുണ്ട്.
രണ്ട് ലൈസൻസുകൾ അനധികൃതമായി കൈമാറ്റം ചെയ്യാൻ എക്സൈസ് കമ്മീഷണർ നിയമങ്ങൾ ദുരുപയോഗം ചെയ്തതായാണ് കണ്ടെത്തൽ. ഇതിലൂടെ 26 ലക്ഷം രൂപ നഷ്ടമുണ്ടായതായും സിഎജി കണ്ടെത്തി. കൂടാതെ കൃത്യമായി പിഴചുമത്തുന്നതിൽ ഉൾപ്പെടെ സംഭവിച്ച വീഴ്ച മൂലം 1 കോടി 34 ലക്ഷം രൂപയുടെ നഷ്ടവും എക്സൈസ് വകുപ്പിന് ഉണ്ടായി. സർക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റിനെ നിരന്തരം പഴിക്കുന്ന പ്രതിപക്ഷത്തിന് വീണു കിട്ടിയ മറ്റൊരു ആയുധമാവുകയാണ് സി എ ജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ.
Story Highlights: CAG report against Kerala Finance Department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here