അധിക സമയത്ത് സമനിലപൂട്ട് തകർത്ത് ആസിഫ്; സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയം

ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന 76മത് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ഗോവക്ക് എതിരെ കേരളത്തിന് വിജയം. ഫുൾടൈം കഴിഞ്ഞ് ആഡ് ഓൺ സമയത്തേക്ക് നീണ്ട ആവേശകരമായ മത്സരത്തിൽ ആസിഫിന്റെ ഗോളിലാണ് കേരളത്തിന്റെ വിജയം. Kerala won against Goa in Santosh Trophy
പുത്തൻ താരങ്ങളും പുതിയ മുഖവുമായി കിരീടം നിലനിർത്താനുറച്ച് ഇറങ്ങിയ കേരളത്തിന് വേണ്ടി ലീഡ് നേടിയത് നിജോ ഗിൽബർട്ട് ആയിരുന്നു. കേരള താരത്തെ പെനാൽറ്റി ബോക്സിൽ ഗോവ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി നിജോ കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
Read Also: ഈ വർഷത്തെ സന്തോഷ് ട്രോഫിയുടെ നോക്ക്ഔട്ട് ഘട്ടം സൗദി അറേബ്യയിൽ
കേരളത്തിന് ഒരു ഗോൾ ലീഡോടെ അവസാനിച്ച ഒന്നാം പകുതിയെ തീർത്തും നിഷ്പ്രഭമാക്കുന്നതായിരുന്നു മത്സരത്തിന്റെ രണ്ടാം പകുതി. 57 ആം മിനുട്ടിൽ റിസ്വാൻ അലിയുടെ ഗോളിൽ കേരളം രണ്ടാം പകുതിയിൽ ലീഡ് ഉയർത്തി. എന്നാൽ, മത്സരത്തിലേക്കുള്ള ഗോവയുടെ തിരിച്ചു വരവിനായിരുന്നു തുടർന്നുള്ള നിമിഷങ്ങൾ ഒഡിഷയിലെ ക്യാപിറ്റൽ അരീന സാക്ഷ്യം വഹിച്ചത്. മുഹമ്മദ് ഫഹീസിന്റെ ഇരട്ട ഗോളുകളിലൂടെ ഗോവ സമനില പിടിക്കുകയായിരുന്നു. പരുക്കുകൾ നിറഞ്ഞതായിരുന്നു മത്സരത്തിന്റെ രണ്ടാം പകുതി. ഇരു ടീമുകളുടെയും താരങ്ങൾ പരിക്കേറ്റ പുറത്ത് പോയി. അത് കളിയുടെ വേഗത മന്ദഗതിയിലാക്കി.
90 മിനുട്ടുകൾ കഴിഞ്ഞ് അധികമായി അഞ്ച് മിനുട്ടുകൾ റഫറി അനുവദിച്ചു. മത്സരം സമനിലയിൽ അവസാനിക്കും എന്ന ആരാധകരുടെ വിശ്വാസത്തെ തകർത്താണ് കേരളത്തിന്റെ മുഹമ്മദ് ആസിഫ് വിജയഗോൾ നേടുന്നത്. ആദ്യ മത്സരത്തിൽ വിജയം നേടിയതോടെ പോയിന്റ് പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്താണ്.
കേരളത്തിന്റെ അടുത്ത മത്സരം ഫെബ്രുവരി 12 ഞായറാഴ്ച രാവിലെ ഒൻപത് മണിക്ക് കർണാടകക്ക് എതിരെയാണ്.
Story Highlights: Kerala won against Goa in Santosh Trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here