Advertisement

അദാനി ഗ്രൂപ്പിന് ഇന്ന് നിര്‍ണായക ദിനം: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതി പരിഗണിക്കും

February 10, 2023
Google News 3 minutes Read
supreme court will consider plea against adani group today

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ സമിതിയെ നിയമിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണം എന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. (supreme court will consider plea against adani group today)

അദാനി വിഷയത്തിലെ പൊതു താത്പര്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ട് വിശാല്‍ തിവാരി എന്ന അഭിഭാഷകനാണ് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനെ സമീപിച്ചത്. ഇന്ന് ഇതേ വിഷയത്തില്‍ മറ്റൊരു ഹര്‍ജി പരിഗണിക്കാനിരിക്കെ തന്റെ ഹര്‍ജി കൂടി കേള്‍ക്കണമെന്ന തിവാരിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപ ഗവേഷണ സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വിരമിച്ച സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണം. ഇതിന് കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

Read Also: ‘തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ ബന്ധുക്കളുടെ കരച്ചിൽ കേൾക്കാൻ കഴിയുന്നുണ്ട്’; സിറിയയിൽ നിന്ന് വരുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകൾ

വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് 500 കോടി രൂപയിലധികം ലോണ്‍ നല്‍കിയതിനെക്കുറിച്ച് പരിശോധിക്കാന്‍ പ്രത്യേക സമിതി വേണമെന്നും തിവാരിയുടെ ഹര്‍ജിയില്‍ പറയുന്നു. നിഷ്‌കളങ്കരായ നിക്ഷേപകരെ ചൂഷണം ചെയ്ത ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്‌സനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച എം എല്‍ ശര്‍മ എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

അതേസമയം അദാനി ഗ്രൂപ്പിനോട് 50 കോടി ഡോളറിന്റെ അധിക നിക്ഷേപത്തിന് വായ്പ നല്‍കിയ ചില സ്ഥാപനങ്ങള്‍ കൂടുതല്‍ ഈട് ആവശ്യപ്പെട്ടെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഓഹരികളുടെ പിന്‍ബലത്തില്‍ എടുത്ത 110 കോടി ഡോളറിന്റെ വായ്പയിലാണ് ഈട് വേണ്ടത്. നിക്ഷേപകരുടെ വിശ്വാസം സംരക്ഷിക്കാനാണ് നടപടി. അടുത്തമാസം ബാര്‍ക്ലേയ്‌സ്, സ്റ്റാര്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ഡച്ച് ബാങ്ക് എന്നിവയില്‍ 50 കോടി ഡോളറിന്റെ മുന്‍കൂര്‍ വായ്പാ തിരിച്ചടവിന് അദാനി തയാറെടുക്കുന്നതായി ബ്ലൂംബെര്‍ഗും റിപ്പോര്‍ട്ട് ചെയ്തു. 450 കോടി ഡോളറാണ് ഈ ബാങ്കുകളില്‍ അദാനിയുടെ മൊത്തം കടം.

Story Highlights: supreme court will consider plea against adani group today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here