Advertisement

ആര്‍എസ്എസ് നേതൃത്വവുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചര്‍ച്ച; ദുരൂഹതയേറുന്നുവെന്ന് കെ ടി ജലീല്‍

February 16, 2023
Google News 5 minutes Read

ആര്‍എസ്എസ് നേതൃത്വവുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചര്‍ച്ചയില്‍ ദുരൂഹതയേറുന്നുവെന്ന് കെ ടി ജലീല്‍ എംഎല്‍എ. കൂടിക്കാഴ്ച വിവാദമായതിനെ തുടര്‍ന്ന് ജമാത്തത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ടി ആരിഫലി സാഹിബ് മുഖപുസ്തകത്തില്‍ ചില വിശദീകരണങ്ങള്‍ നല്‍കിയിരുന്നു. (kt jaleel criticised rss jamaat e islami discussion)

അതിന്റെ തുടര്‍ച്ചയെന്നോണം ചര്‍ച്ചയില്‍ പങ്കെടുത്ത ആര്‍.എസ്.എസ് ദേശീയ നിര്‍വ്വഹക സമിതി അംഗം ഇന്ദ്രേഷ് കുമാറിന്റെ അഭിമുഖമെന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ വിമർശിച്ചു.

‘ഹിറാ സെന്റെറിലെ അടുക്കളക്കാര്യങ്ങളല്ല ചര്‍ച്ചയില്‍ വിഷയമായതെന്ന് ആര്‍എസ്എസ് നേതാവിന്റെ അഭിപ്രായ പ്രകടനത്തില്‍ വ്യക്തമാണ്. നടന്നു എന്ന് ഇരുകൂട്ടരും സമ്മതിച്ച ചര്‍ച്ചകള്‍ പിന്നിടുമ്പോള്‍ മാനസാന്തരം വന്നത് ആര്‍ക്കാണ്? ജമാഅത്തെ ഇസ്ലാമിക്കോ അതോ ആര്‍എസ്എസ്സിനോ?’, കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: കൃത്രിമം നടന്നെന്ന് ആരോപണം; പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ഹൈക്കോടതി കസ്റ്റഡിയിലുള്ള വോട്ട് പെട്ടികൾ ഇന്ന് പരിശോധിക്കും

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയില്‍ ദുരൂഹത ഏറുന്നു! ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ദുരൂഹത വര്‍ധിക്കുകയാണ്. കൂടിക്കാഴ്ച വിവാദമായതിനെ തുടര്‍ന്ന് ജമാത്തത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ടി ആരിഫലി സാഹിബ് മുഖപുസ്തകത്തില്‍ ചില വിശദീകരണങ്ങള്‍ നല്‍കിയിരുന്നു.

അതിന്റെ തുടര്‍ച്ചയെന്നോണം ചര്‍ച്ചയില്‍ പങ്കെടുത്ത ആര്‍.എസ്.എസ് ദേശീയ നിര്‍വ്വഹക സമിതി അംഗം ഇന്ദ്രേഷ് കുമാറിന്റെ അഭിമുഖം ഇന്നത്തെ (15.2.2023) ‘ന്യു ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സില്‍’ അച്ചടിച്ചു വന്നിട്ടുണ്ട്. അതിന്റെ രത്‌നച്ചുരുക്കം താഴെ പറയും പ്രകാരമാണ്.

‘2023 ജനുവരി 14 നാണ് ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി ന്യൂഡല്‍ഹിയില്‍ വെച്ച് അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടന്നത്. ആര്‍.എസ്.എസ് സഹ സര്‍കാര്യവാഹക് ഡോ: ഗോപാല്‍കൃഷ്ണയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി നേതാക്കളോട് ആര്‍.എസ്.എസ് പങ്കുവെച്ച കാര്യങ്ങള്‍ ഇങ്ങിനെ സംഗ്രഹിക്കാം:1) എല്ലാവരും വിശ്വാസികളായിരിക്കെ എന്തിനാണ് മുസ്ലിങ്ങള്‍ മറ്റു മതസ്ഥരെ ‘കാഫിര്‍’അഥവാ മതനിഷേധി എന്ന് വിളിക്കുന്നത്?2) ബോംബ് കൊണ്ട് നടക്കുന്നവര്‍ ഭീകരവാദികളായിരിക്കെ എങ്ങിനെയാണ് മുസ്ലിങ്ങള്‍ അവരെ ‘മനുഷ്യര്‍’ എന്ന് വിളിക്കുക?
3) ”ലൗ ജിഹാദ്’വഴിയോ മറ്റു മാര്‍ഗ്ഗേണയോ ഇതര മതസ്ഥരെ മത പരിവര്‍ത്തനം ചെയ്യില്ലെന്ന് മുസ്ലിങ്ങള്‍ പ്രതിജ്ഞയെടുക്കണം.4) ‘ഭാരത് മാതാകീ ജയ്’ എന്ന് വിളിക്കുന്നതിനെ മുസ്ലിം സംഘടനകള്‍ എന്തിനാണ് എതിര്‍ക്കുന്നത്?5) ഹിന്ദുക്കര്‍ ‘ഗോമതാവായി’ കാണുന്ന പശുവിനെ മുസ്ലിങ്ങള്‍ അറുത്ത് ഭക്ഷിക്കുന്നത് ഒഴിവാക്കണം.6) ഖുര്‍ആനില്‍ ഒരിടത്തും പശുവിനെ അറുത്ത് തിന്നാന്‍ പറഞ്ഞിട്ടില്ലെന്ന് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞു. പ്രവാചകന്‍ മുഹമ്മദ് നബി പാലും വെണ്ണയും മനുഷ്യന്റെ സൗന്ദര്യവും ആരോഗ്യവും വര്‍ധിപ്പിക്കുമെന്ന് ചൂണ്ടിക്കാണിച്ച കാര്യം ഞാനും (ഇന്ദ്രേഷ് കുമാര്‍) അവരുടെ ശ്രദ്ധയില്‍ പെടുത്തി’.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് എന്ത് മറുപടിയാണ് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ നല്‍കിയതെന്നറിയാന്‍ സാധാരണ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ഹിറാ സെന്റെറിലെ അടുക്കളക്കാര്യങ്ങളല്ല ചര്‍ച്ചയില്‍ വിഷയമായതെന്ന് അര്‍.എസ്.എസ് നേതാവിന്റെ അഭിപ്രായ പ്രകടനത്തില്‍ വ്യക്തമാണ്. നാട്ടില്‍ ഒരു പട്ടി ചത്താല്‍ അതിന്റെ ‘ഇസ്ലാമിക പരിപ്രേക്ഷ്യം’ നെടുനീളന്‍ ലേഖനമായി തൊട്ടടുത്ത ദിവസം എഴുതി പ്രസിദ്ധീകരിക്കാറുള്ള ‘ഇസ്ലാമിക് ബുജീവികള്‍’ എന്തേ ആര്‍.എസ്.എസ് പ്രകടിപ്പിച്ച തെറ്റിദ്ധാരണയില്‍ നിന്ന് ഉല്‍ഭൂതമായ ചോദ്യങ്ങളെ കുറിച്ചും അവക്ക് നേതാക്കള്‍ നല്‍കിയ ‘സുവ്യക്ത’ മറുപടികളെ കുറിച്ചും ഒരക്ഷരം ഉരിയാടാതിരുന്നത്? നടന്നു എന്ന് ഇരുകൂട്ടരും സമ്മതിച്ച ചര്‍ച്ചകള്‍ പിന്നിടുമ്പോള്‍ മാനസാന്തരം വന്നത് ആര്‍ക്കാണ്? ജമാഅത്തെ ഇസ്ലാമിക്കോ അതോ ആര്‍.എസ്.എസ്സിനോ?

Story Highlights: kt jaleel criticised rss jamaat e islami discussion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here