ഗർഭനിരോധന വസ്തുക്കളുടെ വിൽപന വിലക്കി താലിബാൻ
ഗർഭനിരോധന വസ്തുക്കളുടെ വിൽപന വിലക്കി താലിബാൻ. അഫ്ഗാനിസ്താനിലെ രണ്ട് പ്രധാന നഗരങ്ങളിലാണ് വിലക്ക്. ഗർഭനിരോധന മാർഗങ്ങൾ മുസ്ലിം ജനസംഖ്യ നിയന്ത്രിക്കാനുള്ള പാശ്ചാത്യ ലോകത്തിന്റെ ഗൂഢാലോചനയാണെന്ന് ആരോപിച്ചായിരുന്നു വിലക്ക്. ഗാർഡിയനാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ( taliban bans contraceptive sale in afghanistan )
കാബൂളിലും മസർ-ഇ-ഷരീഫിലുമാണ് താലിബാൻ ഗർഭനിരോധന വസ്തുക്കൾ നിരോധിച്ചിരിക്കുന്നത്. താലിബാൻ പ്രവർത്തകർ ഓരോ വീട്ടിലും പോയി ഗർഭനിരോധന വസ്തുക്കൾ പിടിച്ചെടുക്കുകയും ഫാർമസികളിൽ നിന്നും മറ്റും ഗർഭനിരോധന ഉറകളും ഗുളികകളും നീക്കം ചെയ്തുവെന്നുമാണ് റിപ്പോർട്ട്. തോക്കുകളുമേന്തിയാണ് താലിബാൻ എത്തുന്നത്. അതുകൊണ്ട് തന്നെ ഇനി മുതൽ ഗർഭനിരോധന വസ്തുക്കൾ കടയിൽ വിൽക്കില്ലെന്ന് കാബൂളിലെ ഫാർമസിയുടമകൾ ഭീതിയോടെ പറയുന്നു.
മാതൃസുരക്ഷയിൽ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്താനിൽ പ്രസവിക്കുന്ന 14 പേരിൽ ഒരാൾ മരണപ്പെടുന്നുണ്ടെന്നാണ് സയന്റിഫിക് പബ്ലിക്കേഷനായ സയൻസ് ഡയറക്ട് 2022 ജൂണിൽ നടത്തിയ പഠനത്തിൽ പറയുന്നത്. 2021 ൽ അഫ്ഗാനിസ്താനിൽ നടന്ന ഒരു ലക്ഷം പ്രസവത്തിൽ 638 മരണങ്ങളുണ്ടായതായി ഇന്റർസോസ് എന്ന സംഘടനയും ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിൽ സ്വന്തം ശരീരത്തിന് മേലുള്ള സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്ന താലിബാൻ നടപടി വലിയ വിമർശനങ്ങൾക്കാണ് വഴി വച്ചിരിക്കുന്നത്. എന്നാൽ താലിബാന്റെ ആരോഗ്യ മന്ത്രാലയം ഇതുവരെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
കുടുംബാസൂത്രണമെന്നത് അടിസ്ഥാന മൗലികാവകാശമാണെന്നും ഇഷ്ടമുള്ള രീതിയിൽ ജീവിക്കുക, ലൈംഗികാരോഗ്യം നേടുക, എന്നിവ നിഷേധിക്കപ്പെടാൻ പാടില്ലെന്നും അഫ്ഗാൻ സ്വദേശിനിയായ സാമൂഹ്യ പ്രവർത്തക ഷബ്‌നം നസീമി പറഞ്ഞു. ഖുറാൻ ഗർഭനിരോധനം വിലക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ സ്വയം വ്യഖ്യാവം ചെയ്ത അർത്ഥങ്ങൾ കൊണ്ട് അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കാൻ താലിബാന് കഴിയില്ലെന്നും ഷബ്‌നം നസിമി വ്യക്തമാക്കി.
ഇതാദ്യമായല്ല താലിബാൻ സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിനെതിരെ ഇത്തരം കടന്നു കയറ്റം നടത്തുന്നത്. തൊഴിലിടങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെടുക, ഉന്നത വിദ്യാഭ്യാസം വിലക്കുക തുടങ്ങി അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടാണ് അഫ്ഗാൻ സ്ത്രീകൾ കഴിയുന്നത്. നിലവിൽ രണ്ട് നഗരങ്ങളിൽ മാത്രം നടപ്പാക്കപ്പെട്ട ഗർഭനിരോധന വസ്തുക്കളുടെ വിലക്ക് ഇനി മറ്റിടങ്ങളിലേക്കും വ്യാപിക്കപ്പെടുമോ എന്ന ആശങ്കയിലാണ് അഫ്ഗാൻ ജനത.
Story Highlights: taliban bans contraceptive sale in afghanistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here