ഇന്നലെ നടന്നത് ആക്രമണമല്ലെന്ന എസ്എഫ്‌ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പ്രതികരിക്കാതെ ഡിവൈഎഫ്‌ഐ

ആലപ്പുഴ ഹരിപ്പാട് ഡിവൈഎഫ്‌ഐ ഭാരവാഹി ആക്രമിച്ചെന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ടുള്ള എസ്എഫ്‌ഐ വനിതാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് പ്രതികരിക്കാതെ ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോ.സെക്രട്ടറി അമ്പാടി ഉണ്ണിയെ പുറത്താക്കിയത് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നേതൃത്വം വ്യക്തമാക്കി. അമ്പാടി അക്രമം നടത്തിയതിനെകുറിച്ചുള്ള തെളിവുകളും മൊഴികളും ശേഖരിച്ചിട്ടുണ്ട്. അമ്പാടിക്കെതിരെയുള്ള പാര്‍ട്ടി കമ്മീഷന്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. (dyfi response on sfi leader facebook post)
ഇന്നലെയുണ്ടായത് അപകടം മാത്രമായിരുന്നുവെന്ന് വിശദീകരിച്ചായിരുന്നു എസ്എഫ്‌ഐ നേതാവ് ചിന്നുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചിലരുടെ വ്യക്തി താത്പര്യങ്ങള്‍ക്കുവേണ്ടി എസ്എഫ്‌ഐയേയും ഡിവൈഎഫ്‌ഐയേയും വലിച്ചിഴയ്ക്കുന്നുവെന്നും ഫേസ്ബുക്ക് പോസറ്റിലൂടെ ചിന്നു ചൈത്രം ആരോപിച്ചിരുന്നു.
ഡിവൈഎഫ്‌ഐ ഭാരവാഹി അമ്പാടി ഉണ്ണിയും സംഘവും വാഹനം ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്ന് ചിന്നുവിന്റെ സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് വ്യാപക ചര്‍ച്ചകള്‍ നടന്നത്. ഇന്നലെയാണ് സംഭവം നടന്നത്. ആദ്യഘട്ടത്തില്‍ വനിതാ നേതാവ് പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് തനിക്ക് സംഭവിച്ചത് അപകടം മാത്രമാണെന്ന വിധത്തില്‍ ചിന്നു പൊലീസിന് മൊഴി നല്‍കുകയായിരുന്നു. ഇത്തരത്തില്‍ മൊഴി നല്‍കാന്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഉള്‍പ്പെടെ പെണ്‍കുട്ടിയ്ക്ക് കടുത്ത സമ്മര്‍ദമുണ്ടായെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ചിന്നുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
പ്രിയ്യപ്പെട്ടവരേ..
കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു ആക്സിഡന്റുമായി ബന്ധപ്പെട്ട് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയിലും മറ്റ് വാര്‍ത്താ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ തികച്ചും വാസ്തവ വിരുദ്ധമാണ്.
അതുമായി ബന്ധപ്പെട്ട് എന്റെ പ്രസ്ഥാനങ്ങളായ SFI യേയും DYFI യേയും CPI(M) നേയും ബോധപുര്‍വ്വമായി വലിച്ചിഴക്കുന്നത് ചിലരുടെ വ്യക്തിതാല്‍പര്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയിട്ടാണ്.
ഇത്തരത്തില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അറിവോ സമ്മതത്തോടോ കൂടിയല്ല.
എന്റെ സുഹൃത്തുക്കളോട് എനിക്കൊന്നേ പറയാനുള്ളൂ ഞാന്‍ ആരോഗ്യവതിയായി തന്നെ എന്റെ വീട്ടിലുണ്ട്..
Story Highlights: dyfi response on sfi leader facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here