തായ്‌വേരുകള്‍ പാലക്കാടന്‍ മണ്ണ്; ആരാണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വിവേക് രാമസ്വാമി?

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മിഡിയ ചര്‍ച്ച ചെയ്യുന്ന പേരാണ് വിവേക് രാമസ്വാമിയുടേത്. പാലക്കാട്ട് വേരുകളുള്ള ‘മലയാളി’ അമേരിക്കക്കാരന്‍ 2024ലെ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ആരാണ് ഈ വിവേക് രാമസ്വാമി എന്ന ചോദ്യങ്ങള്‍ സോഷ്യല്‍ മിഡിയയില്‍ വ്യാപകമായത്.(who is vivek ramaswamy who announce us presidential bid 2024
അമേരിക്കയിലെ ഹെല്‍ത്ത് കെയര്‍, ടെക് മേഖലയിലെ വ്യവസായിയും എഴുത്തുകാരനുമായ വിവേക് രാമസ്വാമിയാണ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് പ്രഖ്യാപിച്ചത്.’ഈ രാജ്യത്ത് പുതിയ ആശയങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ഞാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഈ പ്രഖ്യാപനത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും വിവേക് രാമസ്വാമി പറഞ്ഞിരുന്നു.
തായ്‌വേരുകള്‍ പാലക്കാട്
പാലക്കാട്ടുകാരാണ് വിവേക് രാമസ്വാമിയുടെ മാതാപിതാക്കള്‍. കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഇവരുടെ മകന്‍ അങ്ങനെ യുഎസില്‍ ജനിച്ചു. 1985 ആഗസ്റ്റില്‍ ഒഹായോയിലെ സിന്‍സിനാറ്റിയിലായിരുന്നു വിവേകിന്റെ ജനനം. പിതാവ് ജി രാമസ്വാമിക്ക് ഒഹായോയിലെ ഈവന്‍ഡേലിലുള്ള ജനറല്‍ ഇലക്ട്രിക് പ്ലാന്റില്‍ ജോലി. അമ്മ ഗീത സിന്‍സിനാറ്റിയിലെ മനോരോഗ വിദഗ്ധയായി ജോലി ചെയ്തു.
വിദ്യാഭ്യാസം, ബിസിനസ്
ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സ് സ്ഥാപകനും സ്‌ട്രൈവ് അസ്റ്റ് മാനേജ്‌മെന്റ് സഹസ്ഥാപകനുമാണ് വിവേക്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 2007ല്‍ മോളിക്യുലാര്‍ ബയോളജിയില്‍ ബിരുദം നേടി. ഹാര്‍വാര്‍ഡില്‍ നിന്ന് ബിരുദം നേടിയ വിവേക്, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ക്യുവിടി ഫിനാന്‍ഷ്യല്‍ എല്‍പിയില്‍ അനലിസ്റ്റായി ജോലി ചെയ്തു. ശേഷം എംപിഎം ക്യാപിറ്റല്‍ എന്ന ലൈഫ് സയന്‍സ് വെഞ്ച്വര്‍ ക്യാപിറ്റലിലേക്ക്. അവിടെ ബയോടെക്‌നോളജിയിലും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലും നിക്ഷേപം നടത്തുന്നതിലായിരുന്നു വിവേക് രാമസ്വാമിയുടെ ശ്രദ്ധ.
2015ല്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സസ് സ്ഥാപിച്ചു. അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, കാന്‍സര്‍ എന്നിവയ്ക്കുള്ള ചികിത്സകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അനുബന്ധ സ്ഥാപനങ്ങളും വിവേകിന്റെ കീഴിലുണ്ട്.
തെക്കുപടിഞ്ഞാറന്‍ ഓഹോയിലാണ് വിവേകും കുടുംബവും താമസിക്കുന്നത്. വ്യത്യസ്തനായി നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ നീ മികച്ച ആളായിരിക്കണം എന്നാണ് കുട്ടിക്കാലത്തേ തന്റെ മാതാപിതാക്കള്‍ പറഞ്ഞുതന്നിട്ടുള്ളതെന്ന് വിവേക് പറയുന്നു. ഓരോ നേട്ടങ്ങളും മുന്നോട്ടുള്ള യാത്രയുടെ ടിക്കറ്റായി ഉപയോഗിക്കുകയായിരുന്നുവെന്നും വിവേക് ഓര്‍മിക്കുന്നു. ഒപ്പം ദൈവവിശ്വാസവും.
കുടിയേറ്റത്തിലുള്ള നിലപാട്
അര്‍ഹമായ കുടിയേറ്റത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും നിയമം ലംഘിച്ച് രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നുമാണ് വിവേകിന്റെ നിലപാട്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ചില നയങ്ങള്‍ക്കെതിരെ പ്രത്യേകിച്ച് സാമ്പത്തിക വിഷയങ്ങളില്‍ വിവേക് രാമസ്വാമി തന്റെ എതിര്‍പ്പ് പരസ്യപ്പെടുത്തിയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരെയും കുടിയേറ്റ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച വിവേക്, കുടിയേറ്റത്തെക്കുറിച്ചുള്ള പാര്‍ട്ടിയുടെ നിലപാട് യാഥാസ്ഥിതിക തത്വങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും സമ്പദ്‌വ്യവസ്ഥയെ ഇത് ദോഷകരമായി ബാധിക്കുമെന്നും വാദിക്കുകയുണ്ടായി. ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയ ‘Woke, Inc.: Inside Corporate America’s Social Justice Scam’ എന്ന പുസ്തകം വിവേകിന്റേതാണ്.
2024ല്‍ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് മൂന്ന് പേരാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, യുഎന്നിലെ അമേരിക്കയുടെ മുന്‍ സ്ഥാനപതിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി എന്നിവരാണ് മറ്റ് രണ്ടുപേര്‍.
Story Highlights: who is vivek ramaswamy who announce us presidential bid 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here