തങ്ങള്‍ പൊന്നാട എടുത്ത് നല്‍കിയപ്പോള്‍ അണിയിച്ചെന്ന് മാത്രം; താന്‍ വിളിച്ചിട്ടാണ് ഇ.പി ക്ഷേത്രത്തില്‍ വന്നതെന്ന് എം.ബി.മുരളീധരന്‍

താന്‍ വിളിച്ചിട്ടാണ് ഇ.പി.ജയരാജന്‍ ക്ഷേത്രത്തില്‍ വന്നതെന്ന് എം.ബി.മുരളീധരന്‍. ക്ഷേത്രത്തിലെ ഉത്സവ സംഘാടക സമിതി അംഗമാണ് താന്‍. കെ.വി.തോമസും എത്തുന്നുണ്ടെന്നറിയിച്ചതോടെയാണ് വരാന്‍ തയ്യാറായത്. നന്ദകുമാര്‍ ക്ഷണിച്ചിട്ടില്ല, നേരിട്ട് ബന്ധമില്ല. ഇ.പി.ജയരാജന്‍ നന്ദകുമാറിന്റെ അമ്മയ്ക്ക് പൊന്നാടയണിയിച്ചത് തങ്ങള്‍ പൊന്നാട എടുത്ത് നല്കിയതുകൊണ്ട് മാത്രം. നന്ദകുമാറിന്റെ അമ്മയെന്ന് അറിഞ്ഞ് ചെയ്തതല്ലെന്നും എം.ബി.മുരളീധരന്‍ 24നോട് പറഞ്ഞു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽനിന്നു വിട്ടുനിൽക്കുന്നതിനിടെ, വിവാദ ഇടനിലക്കാരൻ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി ഇ.പി.ജയരാജൻ രംഗത്തെത്തി . അവിടെവച്ച് ഒരു അമ്മയെ ആദരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെടുകയായിരുന്നു. അത് നന്ദകുമാറിന്റെ അമ്മയാണെന്ന് അറിയില്ലായിരുന്നുവെന്ന് പറഞ്ഞ ജയരാജൻ, ഈ വാർത്തകൾക്കു പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും വ്യക്തമാക്കി.
Read Also: ഇ.പി എത്തിയത് അപ്രതീക്ഷിതമായി; താന്‍ ക്ഷണിച്ചിട്ടില്ലെന്ന് ദല്ലാള്‍ നന്ദകുമാര്‍
ജനകീയ പ്രതിരോധ ജാഥ ആരംഭിക്കുന്നതിന്റെ തലേന്നാണ് നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ഇ.പി. ജയരാജൻ പങ്കെടുത്തത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തായിരുന്നു. ജാഥയിൽനിന്ന് ഇ.പി. വിട്ടുനിൽക്കുന്നത് വിവാദമായിരിക്കെയാണ്, നന്ദകുമാർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട പുതിയ വിവാദം. ജയരാജനെയും ഒപ്പമുണ്ടായിരുന്ന കെ.വി.തോമസിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നാണ് നന്ദകുമാറിന്റെ വിശദീകരണം.
Story Highlights: m b muraleedharan Clarifies EP Jayarajan’s Visit in Nandakumar’s House
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here