Advertisement

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴയിടപാടിൽ സഭയിൽ വാക്‌പോര്

February 28, 2023
Google News 2 minutes Read
dispute in assembly over life mission case

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴയിടപാടിൽ സഭയിൽ വാക്‌പോര്. ലൈഫ് ഭവന പദ്ധതി സ്തംഭനാവസ്ഥയിലാണെന്നാരോപിച്ച് പ്രതിപക്ഷത്ത് നിന്ന് മാത്യു കുഴൽനാടൻ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. ലൈഫ് കോഴയിലെ ഇഡി കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ജയിലിലായതും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും പ്രതിപക്ഷം ഉന്നയിച്ചു. ( dispute in assembly over life mission case )

‘കേരളം കണ്ട ശാസ്ത്രീയവും ആസൂത്രിതവുമായ അഴിമതിയാണ് ലൈഫ് മിഷൻ കോഴയിടപാട്. മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവർ അറിഞ്ഞു നടന്ന ഇടപാടുകളാണ് ഇത്. ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിക്കെതിരെ പരാമർശമുണ്ട്. സഭയോട് മറുപടി പറയാൻ മുഖ്യമന്ത്രി തയാറാവണം’- മാത്യു കുഴൽനാടൻ പറഞ്ഞു.

മാത്യു കുഴൽനാടന്റെ മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ മുഖ്യമന്ത്രിയും മാത്യു കുഴൽനാടനും നേർക്കുനേർ ഏറ്റുമുട്ടി. മാത്യു കുഴൽ നാടന്റെ പരാമർശം നീക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകീർത്തികരമായ പരാമർശം നീക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ താൻ ഉന്നയിച്ചത് ദുരാരോപണമല്ലെന്ന് മാത്യു കുഴൽനാടൻ സഭയിൽ പറഞ്ഞു.

അതേസമയം, പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം അപ്രസക്തമാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഇതേ വിഷയം മുൻപും സഭയിൽ കൊണ്ടുവന്നിരുന്നതാണെന്നും ഒരേ വിഷയം ഒന്നിലധികം തവണ കൊണ്ടുവരാനാകില്ലെന്നും എംബി രാജേഷ് ചൂണ്ടിക്കാട്ടി. ‘പ്രതിപക്ഷ അവകാശം മാനിക്കുന്നു. പക്ഷെ വീഞ്ഞും പഴയതാണ് കുപ്പിയും പഴയതാണ്. ആള് മാത്രം മാറി. ലേബലും പഴയതാണ്’- എംബി രാജേഷ് പറഞ്ഞു. വടക്കാഞ്ചേരി പദ്ധതിയിൽ ലൈഫ് മിഷനും സർക്കാരിനും സാമ്പത്തികമായി ഉത്തരവാദിത്വം ഇല്ല.

കരാറുകാരെ കണ്ടെത്തിയത് റെഡ്ക്രസന്റാണ്. യൂണിറ്റാക് കമ്മീഷൻ നൽകിയെന്ന് പറയുന്നതിൽ ലൈഫ്മിഷന് പങ്കില്ല. ലൈഫ് മിഷൻ ഒരു ചില്ലിക്കാശ് വിദേശ സഹായം സ്വീകരിച്ചിട്ടില്ല. വിഷയത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ലൈഫ് മിഷൻ കോഴ ഇടപാട് എന്ന പ്രയോഗം തന്നെ തെറ്റിദ്ധാരണാജനകമാണെന്നും റെഡ്ക്രസന്റ് നടപ്പാക്കിയ പദ്ധതിയിൽ ഏതെങ്കിലും ക്രമക്കേടുണ്ടെങ്കിൽ അന്വേഷിക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും എംബി രാജേഷ് പറഞ്ഞു. ലൈഫ് മിഷനിൽ അഴിമതി നടന്നിട്ടില്ലെന്നും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ സഭ ചർച്ച ചെയ്യേണ്ട കാര്യമില്ലയെന്നും മുൻ വിധിയോടെയുള്ള നിലപാടിൽ നിന്നാണ് അടിയന്തര പ്രമേയ നോട്ടീസെന്നും എംബി രാജേഷ് പറഞ്ഞു.

Story Highlights: dispute in assembly over life mission case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here