ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു

വേനൽ ശക്തമാക്കുന്നതിന് മുമ്പേ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. 2354.40 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22 അടിയോളം ജലനിരപ്പ് കുറവാണിപ്പോൾ. നിലവിലെ അളവിൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചാൽ രണ്ടു മാസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. ( drastic decrease in idukki dam water level )
സംഭരിക്കാൻ കഴിയുന്ന അളവിന്റെ 49.50 ശതമാനത്തോളം മാത്രമാണ് നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞവർഷം ഇതേസമയം 71% വെള്ളം അണക്കെട്ടിൽ ഉണ്ടായിരുന്നു. ജലനിരപ്പ് 2199 അടിയെത്തിയാൽ മൂലമറ്റത്ത് വൈദ്യുതി ഉൽപ്പാദനം നിർത്തേണ്ടി വരും. ഇത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകും. 670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ വേണ്ടത്.
തുലാവർഷമഴ കിട്ടാതിരുന്നതും വേനൽ മഴ പെയ്യാത്തതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. നിലവിൽ ഉൽപ്പാദിപ്പിക്കുന്നത് ദിവസേന അഞ്ചു ദശലക്ഷം യൂണിറ്റോളം വൈദ്യുതിയാണ്. ചൂടു കൂടിയതിനാൽ ഉപഭോഗവും വർദ്ധിച്ചിട്ടുണ്ട്. വൈദ്യുത്പാദനം കൂട്ടിയാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.
Story Highlights: drastic decrease in idukki dam water level