വരാപ്പുഴ പടക്കശാലയിലെ സ്ഫോടനം: ഒരു മരണം സ്ഥിരീകരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

വരാപ്പുഴയിൽ പടക്കശാലയിലെ സ്ഫോടനത്തിൽ ഒരു മരണം സ്ഥിരീകരിച്ചു. 7 പേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരു വീട് പൂർണമായും തകർന്നു. പ്രദേശത്തെ നിരവധി വീടുകൾക്കും വാഹനങ്ങൾക്കും അടക്കം കേടുപാട് സംഭവിച്ചിട്ടുണ്ട്. ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചതെന്ന് ജില്ലാ കളക്ടർ രേണു രാജ് വ്യക്തമാക്കി. (varappuzha blast one death)
വരാപ്പുഴ മേഖല ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ നടുങ്ങി. മുട്ടിനകത്ത് നാട്ടുകാരും റോഡിലെ യാത്രക്കാരും സംഭവിച്ചതെന്തെന്നറിഞ്ഞില്ല. പ്രദേശത്തെ പടക്ക നിർമ്മാണശാലക്ക് തീപിടിച്ചതാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്. അപ്പോഴേക്കും വീടുകളും സമീപത്തെ വാഹനങ്ങളുമൊക്കെ തകർന്നിരുന്നു. സംഭവത്തിൽ ഒരാൾ മരിച്ചു. 7 പേർക്ക് പരുക്കുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
Read Also: വരാപ്പുഴ കരിമരുന്ന് ശാലയിൽ സ്ഫോടനം; പത്ത് പേർക്ക് പരുക്ക്
പ്രദേശവാസിയായ ജാൻസൻ്റ ഉടമസ്ഥതയിൽ തന്നെയാണ് സ്ഥാപനം. ഇയാൾക്കും പൊള്ളലേറ്റു. പരുക്ക് പറ്റിയവരിൽ മൂന്ന് കുട്ടികളുമുണ്ട്. പടക്കനിർമ്മാണ ശാലയ്ക്ക് ലൈസൻസ് ഇല്ലെന്നും തഹസിൽദാറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടെന്നും സ്ഥലത്തെത്തിയ ജില്ലാ കളക്ടർ രേണു രാജ് പറഞ്ഞു.
വർഷങ്ങളായി പ്രദേശത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണിതെന്നാണ് നാട്ടുകാർ പറയുന്നത്. ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലാണ് പരുക്കേറ്റവർ ഉള്ളത്. മരിച്ചയാളുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Story Highlights: varappuzha blast one death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here