Advertisement

‘കൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയായില്ല’; 4 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നയാളെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രിം കോടതി

March 3, 2023
Google News 2 minutes Read
Man Raped Killed Released

4 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നയാളെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രിം കോടതി. മധ്യ പ്രദേശിലെ ധാർ ജില്ലയിൽ 2017ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് കോടതി വിധി. ഇപ്പോൾ 20 വയസുകാരനായ പ്രതിയ്ക്ക് കൃത്യം നടക്കുമ്പോൾ പ്രായപൂർത്തി ആയിരുന്നില്ല എന്ന് ജസ്റ്റിസ് ബിആർ ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വധശിക്ഷ വിധിക്കപ്പെട്ട പ്രതിയെയാണ് സുപ്രിം കോടതി ഇടപെട്ട് മോചിപ്പിച്ചത്. പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (Man Raped Killed Released)

2018 നവംബർ 15നാണ് മധ്യപ്രദേശ് ഹൈക്കോടതിയിലെ ഇൻഡോർ ബെഞ്ച് പ്രതിയ്ക്ക് വധശിക്ഷ വിധിച്ചത്. ഈ വിധി റദ്ദാക്കിയാണ് സുപ്രിം കോടതി ഇയാളെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. കൃത്യം നടക്കുമ്പോൾ ഇയാൾക്ക് 15 വയസും 4 മാസവും 20 ദിവസവുമായിരുന്നു പ്രായം എന്ന് കോടതി നിരീക്ഷിച്ചു. ജനന സർട്ടിഫിക്കറ്റ് അടക്കം പ്രതിഭാഗം ഹാജരാക്കിയിരുന്നു. പ്രതി പ്രായപൂർത്തിയായിരുന്നില്ലെന്ന വാദം തെളിയിക്കുന്നതിനുള്ള പരിശോധന നടത്തണമെന്ന സംസ്ഥാന സർക്കാരിൻ്റെ ആവശ്യം കോടതി തള്ളി. പരിശോധനയ്ക്ക് കൃത്യതയില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിൻ്റെ നാൾവഴിയിൽ പ്രതി പ്രായപൂർത്തിയായാലും കൃത്യം നടക്കുന്ന സമയത്തെ പ്രായം പരിഗണിച്ച് നിയമത്തിൻ്റെ സംരക്ഷണം ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Read Also: ബിജെപി എംഎൽഎയുടെ മകന്റെ വസതിയിൽ ലോകായുക്ത റെയ്ഡ്; ആറ് കോടി പിടികൂടി, അറസ്റ്റിൽ

2017 ഡിസംബർ 15ന് കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. മാതാപിതാക്കൾ പരാതിനൽകിയെങ്കിലും പിറ്റേന്ന് രാവിലെ വീടിന് ഏതാനും മീറ്ററുകൾക്കകലെ നിന്ന് കുട്ടിയുടെ നഗ്നമായ ശരീരം ലഭിച്ചു. കുട്ടിയെ കല്ലു കൊണ്ടിടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലായി. 2018 മെയ് 17ന് പ്രതിയ്ക്ക് കീഴ് കോടതി വധ ശിക്ഷ വിധിച്ചു.

ജുവനൈൽ ആക്ട് പ്രകാരം, 16 വയസിനു മുകളിലും 18 വയസിനു താഴെയുമുള്ള ഒരു കുട്ടി നിഷ്ഠൂരമായ കുറ്റകൃത്യം ചെയ്താൽ ആ കുട്ടി പ്രായപൂർത്തി ആയതായി പരിഗണിക്കണം. 3 വർഷത്തിനു മുകളിൽ തടവിനു ശിക്ഷിക്കാമെങ്കിലും വധശിക്ഷയോ ജീവ പര്യന്തം തടവോ വിധിക്കാൻ നിയമമില്ല.

Story Highlights: Man Raped Killed 4-Year-Old Released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here