ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തം; പുകശല്യം പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ എത്രയും വേഗം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ പുകശല്യം ശാശ്വതമായി പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്നാണ് നിർദേശം. ചീഫ് സെക്രട്ടറി, എറണാകുളം ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെൻ്റൽ എഞ്ചിനിയർ, കൊച്ചി നഗരസഭാ സെക്രട്ടറി എന്നിവർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നോട്ടീസയച്ചത്. ( Brahmapuram fire; Human Rights Commission with intervention ).
രൂക്ഷമായ പുകശല്യം കാരണം നിരവധിയാളുകൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം രണ്ടു ദിവസം കൊണ്ട് പൂർണമായും അണക്കാൻ സാധിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചിട്ടുണ്ട്. സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണ്. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിൽ പരിഭ്രാന്തിയുടെ സാഹചര്യം ഇല്ല. വായു ഗുണനിലവാരം മെച്ചപ്പെട്ടിട്ടുമുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫലപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ആശുപത്രികളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം പരിശോധന ഒഴിവാക്കാൻ മനഃപൂർവമായുണ്ടാക്കിയതാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. മാലിന്യ പ്ലാന്റിലെ തീപിടിത്തം ഒരു പ്രദേശത്തുള്ളവരെ മുഴുവൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളി വിടുകയാണ്. പ്രതിരോധിക്കാൻ വേണ്ടി ഒരു സംവിധാനവും ചെയ്തില്ല. ജൈവ അജൈവ മാലിന്യങ്ങൾ ഒന്നിച്ചു കൂട്ടിയിടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തിൽ കോർപറേഷനെതിരെ വിമർശനവുമായി ഫയർഫോഴ്‌സ് രംഗത്തെത്തിയിരുന്നു. മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാൻ ഹിറ്റാച്ചി എത്തിക്കുന്നില്ല. ലഭിച്ചത് നാലോ അഞ്ചോ ഹിറ്റാച്ചി മാത്രമാണെന്നാണ് കോർപറേഷനെതിരെയുള്ള വിമർശനം. ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യം വാരി വിതറി വെള്ളം തളിക്കാതെ തീ കെടില്ലെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നു. ഹിറ്റാച്ചികളെത്തിച്ചാൽ രണ്ട് ദിവസം കൊണ്ട് തീ നിയന്ത്രിക്കാം. നിലവിലത്തെ സാഹചര്യത്തിൽ തീ കെടുത്തിയാലും വീണ്ടും കത്തുമെന്നും ഫയർഫോഴ്‌സ് പറഞ്ഞു.
കുണ്ടന്നൂർ, വൈറ്റില, ഇടപ്പള്ളി, പാലാരിവട്ടം എന്നിവിടങ്ങളിൽ ഇന്നും പുക മൂടിയിരിക്കുകയാണ്. ദേശീയ പാതയിലും പുക രൂക്ഷമാണ്. ബ്രഹ്‌മപുരത്തെ തീപിടുത്തവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് ജനകീയ സമിതിയുടെ സമരം നടക്കുന്നുണ്ട്. നഗരമാലിന്യം താത്കാലികമായി എവിടെ നിക്ഷേപിക്കണമെന്നതിലും ഇന്ന് തീരുമാനം വരും.
ബ്രഹ്‌മപുരത്തെ തീ അണയാതെ തുടരുന്നതോടെ കൊച്ചിയിലെ മാലിന്യ സംസ്‌കരണം നിലച്ച മട്ടാണ്. റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. അടുക്കള മാലിന്യവും റോഡിലേക്ക് എത്തുന്നുണ്ട്. അതേസമയം പ്രദേശങ്ങളിലേയും സ്‌കൂളുകൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് വരെയുള്ള ക്ലാസുകൾക്കാണ് അവധി.
Story Highlights: Brahmapuram fire; Human Rights Commission with intervention
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here