ആർസിബിയെ രക്ഷിച്ച് വാലറ്റം; മുംബൈക്ക് 156 റൺസ് വിജയലക്ഷ്യം

വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് 156 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് നിശ്ചിത 18.4 ഓവറിൽ 155 റൺസിന് ഓളൗട്ടായി. മുന്നേറ്റ നിര നിരാശപ്പെടുത്തിയപ്പോൾ മധ്യനിരയും വാലറ്റവുമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. റിച്ച ഘോഷ് ആണ് ആർസിബിയുടെ ടോപ്പ് സ്കോറർ. മുംബൈ ഇന്ത്യൻസിനായി ഹേലി മാത്യൂസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. (wpl royal challengers mumbai)
സോഫി ഡിവൈനും സ്മൃതി മന്ദനയും ചേർന്ന് മികച്ച തുടക്കമാണ് ആർസിബിയ്ക്ക് നൽകിയത്. 39 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ ഡിവൈൻ (11 പന്തിൽ 16) മടങ്ങി. ദിശ കസത് (0) വീണ്ടും നിരാശപ്പെടുത്തി. ഏറെ വൈകാതെ ക്യാപ്റ്റൻ സ്മൃതി മന്ദനയും (17 പന്തിൽ 23) ഹെതർ നൈറ്റും (0) മടങ്ങി. അഞ്ചാം വിക്കറ്റിൽ എലിസ് പെറിയും റിച്ച ഘോഷും ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചു. എന്നാൽ, 28 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ പെറി റണ്ണൗട്ടായി മടങ്ങി. വാലറ്റത്ത് കനിക അഹുജ (13 പന്തിൽ 22), ശ്രേയങ്ക പാട്ടിൽ (15 പന്തിൽ 23) മേഗൻ ഷൂട്ട് (14 പന്തിൽ 20) എന്നിവർ റിച്ച ഘോഷിനൊപ്പം (26 പന്തിൽ 28) മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു. വാലറ്റക്കാരുടെ പ്രകടനങ്ങളാണ് ആർസിബിയെ രക്ഷപ്പെടുത്തിയെടുത്തത്. ഇന്ത്യൻ ആഭ്യന്തര താരങ്ങളുടെ മിടുക്ക് ഈ മത്സരത്തിൽ വ്യക്തമായെന്നതും ശ്രദ്ധേയമാണ്.
ഹേലി മാത്യൂസിനൊപ്പം സായ്ക ഇഷാഖ്, അമേലിയ കെർ എന്നിവരും ബൗളിംഗിൽ തിളങ്ങി. ഇരുവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights: wpl royal challengers innings mumbai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here