Advertisement

168 മണിക്കൂറുകൾ കടന്നു; 40 അടി മാലിന്യകൂമ്പാരത്തിൽ നിന്നുയരുന്നത് അതിമാരക വിഷപ്പുക; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

March 7, 2023
Google News 3 minutes Read
Brahmapuram plant kochi smoke health issues
  • ഫെബ്രുവരി 5ലെ നഗരത്തിലെ വായു മലിനീകരണത്തിന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണ്

  • കൊച്ചിയിൽ പരക്കുന്ന വിഷവാതകം മാരക രോഗങ്ങൾക്ക് കാരണമാകുന്നു

ഒരിറ്റ് ശുദ്ധവായുവിനായി പിടയുകയാണ് ഇന്ന് കൊച്ചി. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ ജനത ശ്വസിക്കുന്നത് വിഷപ്പുകയാണ്. നാൽപ്പതടിയോളം വരുന്ന ബ്രഹ്‌മപുരത്തെ മാലിന്യ കൂമ്പാരത്തിൽ കത്തിയമരുന്നത് ഡയോക്‌സിൻസും, മെർക്കുറിയും, പോളിക്ലോറിനേറ്റഡ് ബൈഫിനൈലും പുറന്തള്ളുന്ന അടങ്ങിയ പ്ലാസ്റ്റിക് മാത്രമല്ല, ലെഡും ഫ്‌ളൂറൈഡും ഉൾപ്പെടെയുള്ള വിഷം തുപ്പുത്തുന്ന ബാറ്ററികളും കൂടിയാണ്. അങ്ങനെ നമുക്ക് അറിയാത്ത എത്രയെത്ര വസ്തുക്കളാണ് വിഷം വമിപ്പിച്ചുകൊണ്ട് അവിടെ നീറിപ്പുകയുന്നത് ? കൊച്ചിയുടെ ഓരോ മുക്കിലും മൂലയിലുമുള്ളവർ ഓരോ നിശ്വാസത്തിലും വലിച്ചുകയറ്റുന്നത് ഈ വിഷവസ്തുക്കൾ അടങ്ങുന്ന, ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്ന അതിമാരക വിഷവാതകമാണ്. ഈ വിഷവാതകം വന്ധ്യതയ്ക്ക് വരെ കാരണമായേക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ( Brahmapuram plant kochi smoke health issues )

എന്താണ് കൊച്ചിയിലെ നിലവിലെ അവസ്ഥ ?

ബ്രഹ്‌മപുരത്ത് നിന്നുള്ള കരിമ്പുക കൊച്ചിയുടെ ആശങ്കയായിട്ട് ഇന്ന് ഏഴ് നാൾ. ഫെബ്രുവരി 5ലെ നഗരത്തിലെ വായു മലിനീകരണത്തിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. കുണ്ടന്നൂരിൽ വായു മലിനീകരണ തോത് -325 ആണ്. തേവര – 319, ഹൈക്കോർട്ട് – 306, വൈറ്റില – 319, മറൈൻ ഡ്രൈവ് – 317, ഇടപ്പള്ളി – 260, കാക്കനാട് – 280, കലൂർ – 313, കടവന്ത്ര – 323 എന്നിങ്ങനെയാണ് മലിനീകരണ തോത്. ശ്വാസം മുട്ടിയ ജനം വാതിലും, ജനലുമെല്ലാം അടച്ച് വീടിനകത്തിരിക്കേണ്ട അവസ്ഥയാണ്. എന്നാൽ കഴിഞ്ഞ ദിവസത്തേക്കാൾ വായുനിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്ന് എറണാകുളം ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. വൈറ്റില സ്റ്റേഷനിൽ 2.5 പിപിഎമ്മിന്റെ തോത് കാണിക്കുന്നത് 146 ഉം, ഏലൂർ സ്‌റ്റേഷനിൽ 92 ഉം ആണ് കാണിക്കുന്നത്.

Read Also: വായു മലിനീകരണം എത്രത്തോളം അപകടകരം? എന്താണ് ഈ പിഎം 2.5?

ഇത്തരം തീപിടുത്തങ്ങൾ വായുവിൽ പിഎം 2.5 എന്ന കണികാ ദ്രവ്യങ്ങൾ അന്തരീക്ഷത്തിൽ പടരുന്നതിന് കാരണമാകുന്നു. കൊച്ചിയിൽ പുകമഞ്ഞ് ഉണ്ടാകാൻ കാരണവും പിഎം 2.5 ആണ്. മനുഷ്യന്റെ ശ്വാസനാളത്തിലേക്കും രക്തക്കുഴലുകളിലേക്കുമൊക്കെ ശ്വസനത്തിലൂടെ ചെന്നെത്തുന്ന ഈ കണികകൾ അതിഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.

വിഷപ്പുക മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ

പിഎം 2.5 നേരിട്ട് ശ്വാസകോശത്തിൽ പ്രവേശിച്ച് അവിടെ ഡെപ്പോസിറ്റ് ചെയ്യാൻ സാധ്യത കൂടുതലാണെന്ന് കുസാറ്റ് കെമിക്കൽ എഞ്ചിനിയറിംഗ് ആന്റ് സേഫ്റ്റി എഞ്ചിനിയറിംഗ് പ്രൊഫസർ ഡോ.ജി. മധു ട്വന്റിഫോറിനോട് പറഞ്ഞു. ശ്വാസകോശം വഴി തന്നെ ഇത് രക്തത്തിൽ കലരുന്നു. നേരത്തെ തന്നെ ശ്വാസകോശ സംബന്ധ രോഗമുള്ളവരുടെ lung capacity കുറയ്ക്കാൻ ഇത് കാരണമാകും. പിഎം 2.5 ൽ കാർസിനോജെനിക്ക് ആയ രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ, അവ രക്തത്തിൽ കലർന്നാൽ ക്യാൻസർ പോലുള്ള രോഗങ്ങൾക്കും ഇത് കാരണമായേക്കാം.

വിഷപ്പുക ശ്വസിക്കുന്ന ഒരു വ്യക്തിക്ക് തലവേദന, പുളിച്ചു തികട്ടൽ പോലുള്ള അസ്വസ്ഥകൾ ഉണ്ടാകും. എന്നാൽ നിർത്താതെയുള്ള ചുമ, ശ്വാസം മുട്ടൽ, ഛർദി, വയറുവേദന എന്നീ ലക്ഷണങ്ങളുണ്ടായാൽ ഉടൻ വൈദ്യ സഹായം തേടണമെന്ന് മുൻ ഐഎംഎ പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ് ട്വന്റിഫോറിനോട് പറഞ്ഞു. ഏറെ നാൾ ഈ പുക ശ്വസിച്ചാൽ ക്രോണിക് ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ് പോലെ ശ്വാസകോശ സംബന്ധമായ എല്ലാ രോഗങ്ങളിലേക്കും ഇത് വഴി മാറും.

ലെഡ് പോലുള്ള വസ്തുക്കൾ കത്തിയുള്ള പുക ഏറെ നാൾ ശ്വസിച്ചാൽ കുടൽ സംബന്ധമായ രോഗങ്ങളും വന്ധ്യത പോലുള്ള അവസ്ഥകളും വരാം. ലെഡിന് നേരിട്ട് ശ്വാസകോശത്തിൽ പ്രവേശിക്കാനുള്ള കഴിവുണ്ട്. എത്ര ശതമാനം ലെഡ് ടോക്‌സിസിറ്റി എത്ര നാൾ ശ്വസിക്കുന്നു എന്നതിനനുസരിച്ച് മാത്രമേ വന്ധ്യതയെ കുറിച്ച് പറയാൻ സാധിക്കൂവെന്ന് ഡോ. എബ്രഹാം വർഗീസ് വ്യക്തമാക്കി.

ജനങ്ങൾ അടിയന്തരമായി ചെയ്യേണ്ടതെന്ത് ?

നാൽപ്പത് അടിയോളം ഉയരത്തിലാണ് ബ്രഹ്‌മപുരത്തെ മാലിന്യ കൂമ്പാരം. അതുകൊണ്ട് തന്നെ എത്ര വെള്ളം തളിച്ചാലും പുറംഭാഗത്തെ തീ മാത്രമേ അണയുകയുള്ളു. അതിനകത്തേക്ക് വെള്ളമിറങ്ങാത്തതുകൊണ്ട് തന്നെ അകത്തെ ചൂടിൽ വീണ്ടും മാലിന്യങ്ങൾ നീറിപ്പുകയുകയാണ്. ഫയർഫോഴ്‌സ് ശ്രമിക്കുന്നത് താഴേക്ക് വെള്ളമിറക്കാനാണ്. സാധാരണ ഒരു മനുഷ്യന് മൂന്നോ നാലോ മണിക്കൂറിനപ്പുറത്തേക്ക് അവിടെ നിന്ന് പ്രവർത്തിക്കാനാകില്ല. അത്ര ദുർഗന്ധവും പുകയുമാണ് ബ്രഹ്‌മപുരത്ത്. അതുകൊണ്ട് തന്നെ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന്റെ 4-5 കിലോമീറ്ററിലുള്ളവർ ഉടൻ തന്നെ മാറി താമസിക്കുന്നതാണ് നല്ലതെന്ന് ഡോ.എബ്രഹാം വർഗീസ് പറഞ്ഞു. ആ പ്രദേശത്തും കൊച്ചി നഗരത്തിലുള്ളവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. എൻ 95 മാസ്‌ക് തന്നെ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് പ്രൊഫസർ മധു ഓർമിപ്പിച്ചു. ഒപ്പം പ്രഭാത സവാരി പോലെ, വീടിന് പുറത്ത് നിന്ന് ചെയ്യുന്ന വ്യായാമങ്ങളും തത്കാലം നിർത്തിവയ്ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യായാമം ചെയ്യുമ്പോൾ അമിതമായി ശ്വാസമെടുക്കേണ്ടി വരും. ഗ്യാസ് ചേമ്പറിന് സമാനമായ കൊച്ചിയുടെ നിലവിലെ അവസ്ഥയിൽ ഇത് ദോഷം ചെയ്യും.

Story Highlights: Brahmapuram plant kochi smoke health issues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here