Advertisement

ഗ്യാസ് ചേംബറായി കൊച്ചി; ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക

March 7, 2023
2 minutes Read
kochi smoke health symptoms
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊച്ചി ഒരു ഗ്യാസ് ചേംബറിന് തുല്യമായിരിക്കുകയാണ്. നാം ശ്വസിക്കുന്ന ഓരോ അംശത്തിലും അടങ്ങിയിരിക്കുന്നത് ഡയോക്‌സിൻസും, മെർക്കുറിയും, പോളിക്ലോറിനേറ്റഡ് ബൈഫിനൈലും ലെഡുമെല്ലാമാണ്. ഇവ മനുഷ്യ ശരീരത്തിൽ അതിഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ( Kochi smoke health symptoms )

ബ്രഹ്‌മപുരത്തെ തീപിടുത്തം വായുവിൽ പിഎം 2.5 എന്ന കണികാ ദ്രവ്യങ്ങൾ അന്തരീക്ഷത്തിൽ പടരുന്നതിന് കാരണമാകുന്നു. കൊച്ചിയിൽ പുകമഞ്ഞ് ഉണ്ടാകാൻ കാരണവും പിഎം 2.5 ആണ്. മനുഷ്യന്റെ ശ്വാസനാളത്തിലേക്കും രക്തക്കുഴലുകളിലേക്കുമൊക്കെ ശ്വസനത്തിലൂടെ ചെന്നെത്തുന്ന ഈ കണികകൾ അതിഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.

പിഎം 2.5 നേരിട്ട് ശ്വാസകോശത്തിൽ പ്രവേശിച്ച് അവിടെ ഡെപ്പോസിറ്റ് ചെയ്യാൻ സാധ്യത കൂടുതലാണെന്ന് കുസാറ്റ് കെമിക്കൽ എഞ്ചിനിയറിംഗ് ആന്റ് സേഫ്റ്റി എഞ്ചിനിയറിംഗ് പ്രൊഫസർ ഡോ.ജി. മധു ട്വന്റിഫോറിനോട് പറഞ്ഞു. ശ്വാസകോശം വഴി തന്നെ ഇത് രക്തത്തിൽ കലരുന്നു. നേരത്തെ തന്നെ ശ്വാസകോശ സംബന്ധ രോഗമുള്ളവരുടെ ഹൗിഴ രമുമരശ്യേ കുറയ്ക്കാൻ ഇത് കാരണമാകും. പിഎം 2.5 ൽ കാർസിനോജെനിക്ക് ആയ രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ, അവ രക്തത്തിൽ കലർന്നാൽ ക്യാൻസർ പോലുള്ള രോഗങ്ങൾക്കും ഇത് കാരണമായേക്കാം.

വിഷപ്പുക ശ്വസിക്കുന്ന ഒരു വ്യക്തിക്ക് തലവേദന, പുളിച്ചു തികട്ടൽ പോലുള്ള അസ്വസ്ഥകൾ ഉണ്ടാകും. എന്നാൽ നിർത്താതെയുള്ള ചുമ, ശ്വാസം മുട്ടൽ, ഛർദി, വയറുവേദന എന്നീ ലക്ഷണങ്ങളുണ്ടായാൽ ഉടൻ വൈദ്യ സഹായം തേടണമെന്ന് മുൻ ഐഎംഎ പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ് ട്വന്റിഫോറിനോട് പറഞ്ഞു. ഏറെ നാൾ ഈ പുക ശ്വസിച്ചാൽ ക്രോണിക് ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ് പോലെ ശ്വാസകോശ സംബന്ധമായ എല്ലാ രോഗങ്ങളിലേക്കും ഇത് വഴി മാറും.

ലെഡ് പോലുള്ള വസ്തുക്കൾ കത്തിയുള്ള പുക ഏറെ നാൾ ശ്വസിച്ചാൽ കുടൽ സംബന്ധമായ രോഗങ്ങളും വന്ധ്യത പോലുള്ള അവസ്ഥകളും വരാം. ലെഡിന് നേരിട്ട് ശ്വാസകോശത്തിൽ പ്രവേശിക്കാനുള്ള കഴിവുണ്ട്. എത്ര ശതമാനം ലെഡ് ടോക്‌സിസിറ്റി എത്ര നാൾ ശ്വസിക്കുന്നു എന്നതിനനുസരിച്ച് മാത്രമേ വന്ധ്യതയെ കുറിച്ച് പറയാൻ സാധിക്കൂവെന്ന് ഡോ. എബ്രഹാം വർഗീസ് വ്യക്തമാക്കി.

നാൽപ്പത് അടിയോളം ഉയരത്തിലാണ് ബ്രഹ്‌മപുരത്തെ മാലിന്യ കൂമ്പാരം. അതുകൊണ്ട് തന്നെ എത്ര വെള്ളം തളിച്ചാലും പുറംഭാഗത്തെ തീ മാത്രമേ അണയുകയുള്ളു. അതിനകത്തേക്ക് വെള്ളമിറങ്ങാത്തതുകൊണ്ട് തന്നെ അകത്തെ ചൂടിൽ വീണ്ടും മാലിന്യങ്ങൾ നീറിപ്പുകയുകയാണ്. ഫയർഫോഴ്‌സ് ശ്രമിക്കുന്നത് താഴേക്ക് വെള്ളമിറക്കാനാണ്. സാധാരണ ഒരു മനുഷ്യന് മൂന്നോ നാലോ മണിക്കൂറിനപ്പുറത്തേക്ക് അവിടെ നിന്ന് പ്രവർത്തിക്കാനാകില്ല. അത്ര ദുർഗന്ധവും പുകയുമാണ് ബ്രഹ്‌മപുരത്ത്. അതുകൊണ്ട് തന്നെ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന്റെ 4-5 കിലോമീറ്ററിലുള്ളവർ ഉടൻ തന്നെ മാറി താമസിക്കുന്നതാണ് നല്ലതെന്ന് ഡോ.എബ്രഹാം വർഗീസ് പറഞ്ഞു. ആ പ്രദേശത്തും കൊച്ചി നഗരത്തിലുള്ളവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. എൻ 95 മാസ്‌ക് തന്നെ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് പ്രൊഫസർ മധു ഓർമിപ്പിച്ചു. ഒപ്പം പ്രഭാത സവാരി പോലെ, വീടിന് പുറത്ത് നിന്ന് ചെയ്യുന്ന വ്യായാമങ്ങളും തത്കാലം നിർത്തിവയ്ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യായാമം ചെയ്യുമ്പോൾ അമിതമായി ശ്വാസമെടുക്കേണ്ടി വരും. ഗ്യാസ് ചേമ്പറിന് സമാനമായ കൊച്ചിയുടെ നിലവിലെ അവസ്ഥയിൽ ഇത് ദോഷം ചെയ്യും.

Story Highlights: kochi smoke health symptoms

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement