‘അപകടമുണ്ടാക്കിയത് വിപരീതദിശയില്‍ നിന്ന് വീശിയ കാറ്റ്’; പാരാഗ്ലൈഡിംഗിനിടെ കുടുങ്ങിയ ഓപ്പറേറ്റര്‍ സന്ദീപ് പറയുന്നു…

വര്‍ക്കല പാപനാശം ബീച്ചില്‍ പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ് ലൈറ്റ് പോസ്റ്റില്‍ കുരുങ്ങിക്കിടക്കേണ്ടി വന്ന സംഭവം വിശദീകരിച്ച് അപകടത്തില്‍പ്പെട്ട ഓപ്പറേറ്റര്‍ സന്ദീപ്. വിപരീതദിശയില്‍ നിന്ന് ശക്തമായ കാറ്റ് വീശിയതാണ് അപകടത്തിന് കാരണമായതെന്ന് സന്ദീപ് ട്വന്റിഫോറിനോട് പറഞ്ഞു. ഒപ്പമുണ്ടായിരുന്നയാളെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചു. തനിക്കും മുറിവേറ്റു. സാങ്കേതികമായി ഒന്നും ചെയ്യാന്‍ കഴിയില്ല. എല്ലാം കൈ കൊണ്ട് നിയന്ത്രിക്കേണ്ടതാണെന്നും സന്ദീപ് വിശദീകരിച്ചു. (operator sandeep describes paragliding accident)
ആറു വര്‍ഷമായി പാരഗ്ലൈഡിംഗ് ട്രെയിനിംഗ് നല്‍കി വരികയാണെന്നാണ് സന്ദീപ് പറയുന്നത്. വര്‍ക്കലയില്‍ ഈ വര്‍ഷം മുതലാണ് എത്തിയത്. നഗരസഭയുടേത് ഉള്‍പ്പടെ എല്ലാ ലൈസന്‍സും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈമാസ് ലൈറ്റ് പോസ്റ്റില്‍ കുടുങ്ങിയ ഇരുവരേയും രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ആശങ്കകള്‍ക്കും പരിശ്രമത്തിനും ഒടുവിലാണ് സുരക്ഷിതമായി താഴെയിറക്കിയത്. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വര്‍ക്കല പൊലീസും ഫയര്‍ഫോഴ്‌സും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
സന്ദീപിനെക്കൂടാതെ കോയമ്പത്തൂര്‍ സ്വദേശിയായ പവിത്രയെന്ന യുവതിയുമാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരേയും വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവര്‍ക്കും മറ്റ് അപകടങ്ങളില്ല എന്ന വിവരം ആശ്വാസമാകുന്നുണ്ട്.
പ്രത്യേകമായി മോട്ടോര്‍ ഘടിപ്പിച്ച് ലൈറ്റ് പോസ്റ്റ് സാവധാനത്തില്‍ താഴേക്ക് കൊണ്ടുവന്നാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ യുവാവിന്റെയോ യുവതിയുടേയോ കാല്‍ തെന്നിയാല്‍ അപകടം ഒഴിവാക്കുന്നതിനായി താഴെ നെറ്റും കെട്ടിയിരുന്നു. മോട്ടറിന്റെ സഹായത്തോടെ വളരെ സാവധാനത്തില്‍ പോസ്റ്റ് താഴേക്ക് കൊണ്ടുവരികയായിരുന്നു.
സുരക്ഷാ കാര്യത്തില്‍ പാരാഗ്ലൈഡിംഗ് വിനോദം സംഘടിപ്പിച്ച സ്വകാര്യ ഏജന്‍സിക്ക് പിഴവ് സംഭവിച്ചിട്ടുണ്ടോ എന്നടക്കം പരിശോധിച്ചുവരികയാണ്. കമ്പനിയുടെ വിശദീകരണം അല്‍പ സമയത്തിനുള്ളില്‍ പുറത്തുവരും.
Story Highlights: operator sandeep describes paragliding accident