രണ്ട് മണിക്കൂര്‍ നീണ്ട ആശങ്കയ്‌ക്കൊടുവില്‍ താഴേക്ക്; പാരാഗ്ലൈഡിംഗിനിടെ പോസ്റ്റില്‍ കുരുങ്ങിയ രണ്ടുപേരെയും രക്ഷപ്പെടുത്തി

വര്‍ക്കല പാപനാശം ബീച്ചില്‍ പാരാഗ്ലൈഡിങ്ങിനിടെ കുരുങ്ങിക്കിടന്ന യുവാവിനേയും യുവതിയേയും താഴെയിറക്കി. ഹൈമാസ് ലൈറ്റ് പോസ്റ്റില്‍ കുടുങ്ങിയ ഇരുവരേയും രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ആശങ്കകള്‍ക്കും പരിശ്രമത്തിനും ഒടുവിലാണ് സുരക്ഷിതമായി താഴെയിറക്കിയത്. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വര്‍ക്കല പൊലീസും ഫയര്‍ഫോഴ്‌സും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. (Two people who got stuck in the post while paragliding were rescued)
കോയമ്പത്തൂര്‍ സ്വദേശിയായ പാര്‍വതിയെന്ന യുവതിയും ഇന്‍സ്ട്രക്ടറുമാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരേയും വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവര്‍ക്കും മറ്റ് അപകടങ്ങളില്ല എന്ന വിവരം ആശ്വാസമാകുന്നുണ്ട്.
പ്രത്യേകമായി മോട്ടോര്‍ ഘടിപ്പിച്ച് ലൈറ്റ് പോസ്റ്റ് സാവധാനത്തില്‍ താഴേക്ക് കൊണ്ടുവന്നാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ യുവാവിന്റെയോ യുവതിയുടേയോ കാല്‍ തെന്നിയാല്‍ അപകടം ഒഴിവാക്കുന്നതിനായി താഴെ നെറ്റും കെട്ടിയിരുന്നു. മോട്ടറിന്റെ സഹായത്തോടെ വളരെ സാവധാനത്തില്‍ പോസ്റ്റ് താഴേക്ക് കൊണ്ടുവരികയായിരുന്നു.
സുരക്ഷാ കാര്യത്തില്‍ പാരാഗ്ലൈഡിംഗ് വിനോദം സംഘടിപ്പിച്ച സ്വകാര്യ ഏജന്‍സിക്ക് പിഴവ് സംഭവിച്ചിട്ടുണ്ടോ എന്നടക്കം പരിശോധിച്ചുവരികയാണ്. കമ്പനിയുടെ വിശദീകരണം അല്‍പ സമയത്തിനുള്ളില്‍ പുറത്തുവരും.
Story Highlights: Two people who got stuck in the post while paragliding were rescued
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here