കുട്ടികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുക; എസ്എസ്എൽസി ഒരുക്കങ്ങൾ പൂർണമെന്ന് വി.ശിവൻകുട്ടി

വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതാനായുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. കുട്ടികൾ ആത്മവിശ്വാസത്തോടുകൂടി പരീക്ഷ എഴുതുക. ഒരു ഉത്കണ്ഠയുടെയും പ്രശ്നമില്ല. മോഡൽ പരീക്ഷ നടത്തി കുട്ടികളുടെ ഉള്ള ഉത്കണ്ഠയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലി യ പരീക്ഷയാണ്. ദേശീയ അടിസ്ഥാനത്തിൽ ശ്രദ്ധിക്കപ്പെടുന്ന പരീക്ഷയാണ്. രക്ഷിതാക്കൾ എല്ലാവിധ പിന്തുണയും നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
മോഡൽ പരീക്ഷ കഴിഞ്ഞതിന് ശേഷം കുട്ടികൾ നല്ല തയ്യാറെടുപ്പിലാണ്. അവർക്ക് ആത്മവിശ്വാസമുണ്ട്. കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ കൊടുത്തിട്ടുണ്ട്. രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് കൊടുത്തിട്ടുണ്ട്. കൊവിഡിന്റെ കാലഘട്ടത്തിനെ പോലുള്ള നിയന്ത്രണങ്ങളൊന്നുമില്ലെന്നും വിദ്യാഭ്യാസമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും. 4,19,362 റെഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്. പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.
Read Also: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും
വേനൽ കണക്കിലെടുത്ത് കുട്ടികൾക്കായി ക്ലാസ്സുകളിൽ കുടിവെള്ളം കരുതാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സർക്കാർ നിർദേശിച്ചു. സുരക്ഷാ കാര്യങ്ങൾ വിലയിരുത്താൻ സംസ്ഥാന ഡിജിപിയുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ആശയവിനിമയം നടത്തി. മാർച്ച് 29 ന് അവസാനിയ്ക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ 26 വരെ നടക്കും. മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിക്കും. മേയ് രണ്ടാം വാരത്തിൽ ഫലം പ്രസിദ്ധീകരിക്കുന്നതിനാണ് തീരുമാനം.
Story Highlights: All preparations are complete SSLC Exam, V Sivankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here