Advertisement

തല്ലുകൊള്ളുന്ന ബൗളർമാർ, അടിച്ചുപൊളിക്കുന്ന ബാറ്റർമാർ; വനിതാ ക്രിക്കറ്റിന് ഗുണമില്ലാത്ത ഡബ്ല്യുപിഎൽ പിച്ചുകൾ

March 9, 2023
Google News 3 minutes Read
wpl batting pitches overview

വിമൻസ് പ്രീമിയർ ലീഗിലെ ശരാശരി ടീം സ്കോർ 190നു മുകളിലാണ്. അതായത് 6 മത്സരങ്ങൾ അവസാനിച്ചപ്പോൾ നാലെണ്ണത്തിലും ടീം ടോട്ടൽ 200 കടന്നു. ബാക്കിയുള്ള രണ്ട് മത്സരങ്ങളിലൊന്നിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുന്നോട്ടുവച്ച 156 വിജയലക്ഷ്യം വെറും 14.2 ഓവറിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. യുപിയും ഗുജറാത്തും തമ്മിൽ നടന്ന മത്സരത്തിലാണ് 200നു താഴെ ആദ്യ ഇന്നിംഗ്സ് സ്കോർ വരുന്നതും അത് ചേസ് ചെയ്യാൻ അവസാന ഓവർ വരെ വേണ്ടിവരുന്നതും. അതായത് ഡബ്ല്യുപിഎൽ ബാറ്റർമാരുടെ പറുദീസയാണെന്ന് സാരം. (wpl batting pitches overview)

ഇന്ത്യൻ മധ്യനിര ബാറ്റർ ഹർലീൻ ഡിയോൾ ഗുജറാത്ത് ജയൻ്റ്സിലാണ് കളിക്കുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 113 റൺസ് സ്കോർ ചെയ്ത ഹർലീൻ്റെ സ്ട്രൈക്ക് റേറ്റ് 143. രാജ്യാന്തര ടി-20യിൽ 22 മത്സരം കളിച്ച ഹർലീൻ്റെ സ്ട്രൈക്ക് റേറ്റ് അറിഞ്ഞാൽ അതിശയമാണ്. 89.1. അതായത് രാജ്യാന്തര ടി-20 യിൽ ഒരു പന്തിൽ ഒരു റൺസ് എന്ന നിലയിൽ പോലും സ്കോർ ചെയ്യാത്ത ഒരു താരമാണ് ഹർലീൻ. വിരലിലെണ്ണാവുന്ന വളരെ ചുരുക്കം ഇന്നിംഗ്സുകളിലാണ് ഹർലീൻ 100നു മുകളിൽ സ്ട്രൈക്ക് റേറ്റ് സൂക്ഷിച്ച് സ്കോർ ചെയ്തിട്ടുള്ളത്.

Read Also: തോൽവി തുടക്കഥയാക്കി ബാംഗ്ലൂർ; ഗുജറാത്തിന് ആദ്യ ജയം

ഗുജറാത്ത് ജയൻ്റ്സിൽ തന്നെ കളിക്കുന്ന മറ്റൊരു താരമാണ് ഡയലൻ ഹേമലത. രാജ്യാന്തര ടി-20യിൽ 15 മത്സരങ്ങളിൽ നിന്ന് 90 റൺസ് നേടിയ ഹേമലതയുടെ സ്ട്രൈക്ക് റേറ്റ് 93.8. വനിതാ പ്രീമിയർ ലീഗിൽ ഇത് 153.48. ഫിനിഷറായാണ് ഹേമലത ഗുജറാത്തിനായി കളിക്കുന്നത്. 3 മത്സരങ്ങളിൽ നിന്ന് നേടിയത് 66 റൺസ്.

ഇനി മുംബൈ ഇന്ത്യൻസിൻ്റെ രണ്ട് മത്സരങ്ങളിലും തിളങ്ങി ഓറഞ്ച് ക്യാപ്പ് ലിസ്റ്റിൽ രണ്ടാമതുള്ള ഹേലി മാത്യൂസ്. മാത്യൂസ് ഒരു ക്വാളിറ്റി ഓൾറൗണ്ടറാണ്. വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ. എങ്കിലും 82 രാജ്യാന്തര ടി-20കൾ കളിച്ച ഹേലി മാത്യൂസിൻ്റെ സ്ട്രൈക്ക് റേറ്റ് 104.2. വനിതാ പ്രീമിയർ ലീഗിൽ ഇത് 179.71.

കഴിഞ്ഞ വർഷത്തെ എമർജിങ്ങ് ക്രിക്കറ്റർ പുരസ്കാരം നേടിയ രേണുക സിംഗ് താക്കൂർ, ആർസിബിയിലെ താരമാണ്. പവർ പ്ലേയിൽ സ്വിങ്ങ് കൊണ്ട് ബാറ്റർമാരെ വിറപ്പിക്കുന്ന പ്ലയർ. രാജ്യാന്തര സൂപ്പർ സ്റ്റാറുകൾ അടക്കം രേണുകയുടെ ഇൻ സ്വിങ്ങിനു മുൻപിൽ ചൂളിപ്പോയിട്ടുണ്ട്. കഴിഞ്ഞ ടി-20 ലോകകപ്പിൽ അസാമാന്യ പ്രകടനം. 32 ടി-20കളിൽ നിന്ന് 6.43 എക്കോണമിയിൽ 31 വിക്കറ്റ്. വിമൻസ് പ്രീമിയർ ലീഗിൽ 3 മത്സരങ്ങളിൽ ഒരു വിക്കറ്റ് നേടിയ രേണുകയുടെ എക്കോണമി 8.80.

ആർസിബിയിൽ തന്നെ കളിക്കുന്ന ഓസീസ് ബൗളറാണ് മേഗൻ ഷൂട്ട്. ലോകകപ്പുളടക്കം നേടിയ ഓസീസ് ടീമിലെ താരം. രാജ്യാന്തര ടി-20യിൽ 96 മത്സരങ്ങൾ കളിച്ച് 124 വിക്കറ്റുള്ള ഷൂട്ടിൻ്റെ എക്കോണമി 6.21 ആണ്. വിമൻസ് പ്രീമിയർ ലീഗിൽ ഷൂട്ട് 3 മത്സരങ്ങളിൽ നിന്ന് നേടിയത് ഒരു വിക്കറ്റ്. എക്കോണമി 10.30. ഷൂട്ട് ദേശീയ ടീമിൽ ബാറ്റ് ചെയ്തിട്ടുള്ളത് 12 ഇന്നിംഗ്സുകളിലാണ്. 28 റൺസ്, 90 സ്ട്രൈക്ക് റേറ്റ്. പ്രീമിയർ ലീഗിൽ 151 ആണ് സ്ട്രൈക്ക് റേറ്റ്. ഉയർന്ന സ്കോർ 30 നോട്ടൗട്ട്. ആകെ 50 റൺസ്.

പട്ടിക നീണ്ടതാണ്. ടി-20 ക്രിക്കറ്റിൻ്റെ ‘എൻ്റർടെയിന്മെൻ്റ്’ ഫാക്ടർ അംഗീകരിക്കുമ്പോഴും ഇത്തരം ബാറ്റർമാർക്ക് മാത്രം നേട്ടമുണ്ടാവുന്ന പിച്ചുകളൊരുക്കിയിട്ട് ഇന്ത്യൻ വനിതാ ക്രിക്കറ്റിന് എന്താണ് നേട്ടമെന്ന് മനസിലാവുന്നില്ല. സ്വിങ്ങ് ലഭിക്കാത്തതിനാൽ ഫുൾ ലെംഗ്തിലേക്ക് നിർബന്ധപൂർവം മാറേണ്ടിവന്നതാണ് രേണുക സിംഗിനു തിരിച്ചടിയായത്. ഇന്ത്യയുടെ പ്രൈം ബൗളർ, ഫോമിൻ്റെ പരകോടിയിൽ നിൽക്കുമ്പോൾ ആത്‌മവിശ്വാസം പോലും തകർത്തുകളയുന്നതാണ് ഇത്തരം പിച്ചുകൾ. ടി-20 ബാറ്റർമാരുടെ കളിയാണ്, സമ്മതിച്ചു. കാണികൾക്ക് വേണ്ടതും റൺസാണ്. പക്ഷേ, എൻ്റർടെയിന്മെൻ്റ് പരിഗണിച്ച് ബൗളർമാരെ പാടെ മറന്ന് ഇത്തരം ബാറ്റിംഗ് പാരഡൈസുകൾ ഉണ്ടാക്കുന്നത് ഫലത്തിൽ കാണികൾക്ക് മാത്രമേ ഗുണം ചെയ്യൂ. സ്പോർട്ടിംഗ് വിക്കറ്റെങ്കിലും ഒരുക്കിയെങ്കിൽ മാത്രമേ ഇന്ത്യൻ വനിതാ ക്രിക്കറ്റ് അതിൽ നിന്ന് എന്തെങ്കിലും പ്രയോജനമുണ്ടാക്കൂ. ഐപിഎൽ പോലെ ഹോം, എവേ ഫോർമാറ്റിൽ വിവിധ സ്റ്റേഡിയങ്ങളിൽ ഫുൾ ഫ്ലെജ്ഡായി വനിതാ പ്രീമിയർ നടക്കുമ്പോൾ ഇങ്ങനെയാവുമെന്ന് കരുതാം.

Story Highlights: wpl batting pitches doing nothing overview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here