നഗരമാലിന്യങ്ങൾ എന്ത് ചെയ്യരുതെന്നതിന് ഉദാഹരണം ബഹ്റിനിലുണ്ട്; ശ്രദ്ധേയമായി ഫേസ്ബുക്ക് പോസ്റ്റ്

ബ്രഹ്‌മപുരം മാലിന്യ പ്ലാൻ്റിൽ തീപിടിച്ചതുമായി ബന്ധപ്പെട്ട് ബഹ്റിനിലെ മാലിന്യ സംസ്കരണത്തെപ്പറ്റിയുള്ള ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ബഹ്റിൻ മിനിസ്റ്ററി ഓഫ് ഹൗസിംഗിലെ ജീവനക്കാരനും ഇടുക്കി രാജകുമാരി സ്വദേശിയുമായ സജി മാർക്കോസിൻ്റെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. നമ്മുടെ മാലിന്യ നിക്ഷേപകേന്ദ്രങ്ങൾ വരും തലമുറകൾക്ക് വലിയ തലവേദന വരുത്തിവെക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. (brahmapuram plant facebook post)
സജി മാർക്കോസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
നഗര മാലിന്യങ്ങൾ എന്തു ചെയ്യണം എന്നല്ല, മറിച്ച് എന്തു ചെയ്യരുത് എന്നതിന് ഒരു ഉദാഹരണം. 20-25 വർഷം മുൻപ് വരെ, അതായത് മാലിന്യ സംസ്ക്കരണ പ്ലാന്റുകൾ (STP) നിർമ്മിക്കുന്നതുവരെ ബഹറിനിലെ എല്ലാ മാലിന്യങ്ങളും കൊണ്ടുവന്നു തള്ളിയിരിയുന്നത് ആൾപാർപ്പില്ലാത്ത ബുഹൈർ വാലിയിലാണ്. വർഷങ്ങൾ കഴിഞ്ഞ് മാലിന്യ സംസ്ക്കരണ പ്ലാന്റുകൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ബുഹൈർ വാലി മണ്ണിട്ടു മൂടിക്കളഞ്ഞു. നഗരം വളർന്ന് ബുഹൈർവാലിയോളം എത്തി, സർക്കാർ ഭവന നിർമ്മാണ പദ്ധതിയ്ക്കുവേണ്ടി ബുഹൈർ വാലി തിരഞ്ഞെടുത്തു. മണ്ണുകുഴിച്ചപ്പോൾ അസഹ്യമായ ദുർഗന്ധം വമിച്ചു. തുടർന്ന് നടന്ന പഠനങ്ങളുടെ ഫലമായ മുഴുവൻ മാലിന്യവും കോരി മാറ്റാൻ തീരുമാനമായി. ഏതാണ്ട് 25,000 ട്രെയിലർ മാലിന്യം കോരി മാറ്റി. സംസ്ക്കരിക്കാതെ, വായു സഞ്ചാരമില്ലാതെ മൂടിയിട്ടതിന്റെ ഫലമായി മാലിന്യം ദ്രവിച്ചിട്ടില്ലെന്നു മാത്രമല്ല, ദുസ്സഹമായ ദുർഗന്ധവും സമീപ പ്രദേശത്ത് വ്യപിച്ചിരിയ്ക്കുന്നു. തുടർന്ന് പരിസ്ഥിതി ഉന്നതാധികാര സമിതി തുടർ ജോലി നിർത്തി വയ്ക്കാൻ ഉത്തരവിട്ടു. അവിടം വാസയോഗ്യമാക്കുവാൻ ചെയ്ത ചിലവ് പറയുന്നില്ല – അതി ഭീമമായിരുന്നു.
ബ്രഹ്മപുറത്ത് കത്തുന്നത് വൻ ദുരന്തം! കത്താത്തതിരുന്നെങ്കിൽ ദുരന്തം പിന്നീട് ആകുമായിരുന്നു എന്ന് മാത്രം. നമ്മുടെ മാലിന്യ നിക്ഷേപകേന്ദ്രങ്ങൾ ഇപ്പോഴുണ്ടാക്കുന്ന പാരിസ്ഥിതി-ആരോഗ്യ പ്രശ്നങ്ങൾ മാത്രമല്ല, അടുത്ത തലമുറയ്ക്ക് ഒരു വൻ തലവേദനയാണ് വരുത്തിവയ്ക്കാൻ പോകുന്നത്. മെട്രോ റെയിലും, വിമാനത്താവളങ്ങളും ഉണ്ടാക്കുന്നതിന്റെ ആയിരത്തിൽ ഒന്നു മുതൽ മുടക്കും സാങ്കേതിക ജ്ഞാനവും മാത്രമേ, മാലിന്യ സംസ്ക്കരണ പ്ലാന്റുകൾക്ക് ആവശ്യമുള്ളൂ. മെട്രോ റെയിലും വിമാനത്താവളവും വേണ്ടന്നല്ല – ഒപ്പം മാലിന്യ സംസ്‌കരണവും നടത്തണം.
Story Highlights: brahmapuram plant facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here