ഖാലിസ്താൻ അനുകൂല ഉള്ളടക്കം: ആറ് യൂട്യൂബ് ചാനലുകളെ നിരോധിച്ച് കേന്ദ്രം

ദേശവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി തുടർന്ന് കേന്ദ്രം. ഖാലിസ്താൻ അനുകൂല വിവരങ്ങൾ സംപ്രേക്ഷണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ആറ് യൂട്യൂബ് ചാനലുകളെ നിരോധിച്ചു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി അപൂർവ ചന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്.
ഖാലിസ്താൻ അനുകൂല വികാരം പ്രചരിപ്പിച്ചുവെന്നാരോപിച്ചുള്ള യൂട്യൂബ് ചാനലുകൾ കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം 48 മണിക്കൂറിനുള്ളിൽ ബ്ലോക്ക് ചെയ്തു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ വിദേശത്ത് നിന്ന് പ്രവർത്തിപ്പിക്കുന്ന ആറ് മുതൽ എട്ട് യൂട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്തതായും അപൂർവ ചന്ദ്ര പറഞ്ഞു. ഈ ചാനലുകൾ തങ്ങളുടെ ഉള്ളടക്കം പഞ്ചാബി ഭാഷയിലാണ് നൽകുന്നതെന്നും, അതിർത്തിയിൽ സംഘർഷം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമമെന്നും ചന്ദ്ര വ്യക്തമാക്കി.
ഇന്ത്യ വിരുദ്ധ ഉള്ളടക്കം നീക്കം ചെയ്യാനും അത്തരം ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്ന ചാനലുകൾക്കെതിരെ നടപടിയെടുക്കാനും സർക്കാർ യൂട്യൂബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ കൂട്ടാളികളിൽ ഒരാളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കടുത്ത ഖാലിസ്താൻ അനുഭാവിയായ അമൃത്പാൽ സിങ്ങിന്റെ അനുയായികൾ വാളുകളും തോക്കുകളുമായി അജ്‌നാലയിലെ പൊലീസ് സ്‌റ്റേഷൻ അടിച്ചു തകർത്തതിനെ തുടർന്നാണ് സർക്കാർ നടപടി.
Story Highlights: Centre blocks 6 YouTube channels streaming pro-Khalistan content
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here