ഡൽഹി മദ്യനയ അഴിമതി കേസ്; മനീഷ് സിസോദിയ ഇഡി കസ്റ്റഡിയിൽ

ഡൽഹി മദ്യനയ അഴിമതി കേസിൽ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 7 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു. മനീഷ് സിസോദിയയും ബിആർഎസ് നേതാവ് കവിതയും തമ്മിൽ രാഷ്ട്രീയ ധാരണ ഉണ്ടായിരുന്നു എന്നും സിസോദിയ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നും ഇഡി റോസ് അവന്യു കോടതിയിൽ ആരോപിച്ചു. സിസോദിയക്കെതിരെ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ആം ആദ്മി പാർട്ടി പറഞ്ഞു. ആം ആദ്മി പാർട്ടിയുടെയും ബിജെപിയുടെയും പ്രവർത്തകർ സംഭവത്തിൽ പ്രതിഷേധിച്ചു. (manish sisodia ed custody)
ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ ഗുരുതരമായ ആരോപണനങ്ങളാണ് ഇഡി ഉന്നയിച്ചത്. ഡൽഹി മദ്യനയത്തിന്റെ കരട് തയ്യാറാക്കുന്ന ഘട്ടത്തിൽ തന്നെ അഴിമതി ആരംഭിച്ചു. മനീഷ് സിസോദിയയും ബിആർഎസ് നേതാവ് കവിതയും തമ്മിൽ രാഷ്ട്രീയ ധാരണ ഉണ്ടായിരുന്നു എന്ന് കവിതയുടെ മുൻ ഓഡിറ്റർ മൊഴി നൽകിയിട്ടുണ്ട്. സിസോദിയ ഒരു വർഷത്തിനിടെ 14 മൊബൈൽ ഫോണുകൾ ഉപയോഗിച്ചു. മറ്റുള്ളവരുടെ പേരിലുള്ള മൊബൈൽ ഫോണുകളും സിം കാർഡുകളുമാണ് സിസോദിയ ഉപയോഗിച്ചത് എന്നും ഇഡി വാദിച്ചു.
Read Also: മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയിൽ ഹാജരാക്കും
എന്നാൽ മനീഷ് സിസോദിയയുടെ വീടടക്കമുള്ള ഇടങ്ങളിൽ നടത്തിയ റെയ്ഡ്ൽ രേഖകളോ പണമോ കണ്ടെത്തിയിട്ടില്ലെന്ന് സിസോദിയയുടെ അഭിഭാഷകൻ അറിയിച്ചു. മറ്റു പ്രതികളുമായി ചേർത്ത് സിസോദിയയെ ചോദ്യം ചെയ്യാൻ 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടു. കോടതി 7 ദിവസത്തെ കസ്റ്റഡി അനുവദിച്ചു. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 21 ലേക്ക് മാറ്റി.
അതേസമയം, കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പങ്ക് വ്യക്തമായെന്നും കേജ്‌രിവാൾ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരും സിസോദിയയുടെ അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടിയും പ്രതിഷേധിച്ചു.
മദ്യവിൽപ്പന പൂർണമായി സ്വകാര്യവത്കരിക്കുന്ന കഴിഞ്ഞ നവംബറിലെ ഡൽഹി എക്‌സൈസ് നയമാണ് വിവാദത്തിനാധാരം. നയം രൂപവത്കരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ ലെഫ്. ഗവർണർ സിബിഐ അന്വേഷണത്തിന് ശുപാർശചെയ്തു. മദ്യനയത്തിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. എക്‌സൈസ് മന്ത്രിയായ സിസോദിയ ഉൾപ്പെടെ 15 പേർക്കെതിരേയാണ് എഫ്‌ഐആർ തയ്യാറാക്കിയത്. പിന്നീട് ഇഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാദങ്ങൾക്കിടെ മദ്യനയം സർക്കാർ പിൻവലിക്കുകയും ചെയ്തു.
Story Highlights: new delhi manish sisodia ed custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here