Advertisement

ചൈനയില്‍ മാവോയിസത്തിന്റെ കാലം കഴിഞ്ഞു; ഇനി ‘ഷി’യിസം

March 11, 2023
3 minutes Read
Chinese president xi jinping profile

പടിഞ്ഞാറ് പോലും വല്ലാതെ സ്വാധീനം ചെലുത്തിയ മാര്‍ക്സിസം, ലെനിനിസം, മാവോയിസം എന്നിവ പോലെ ഷീയിസം എന്ന ആധികാരികമായ സൈദ്ധാന്തിക പാരമ്പര്യം അവകാശപ്പെടുന്ന തരത്തിലേക്ക് ചൈനയില്‍ ഷീ ജിന്‍ പിങ് വളര്‍ന്നോ എന്ന തരത്തില്‍ ചൈനയുടെ അക്കാദമിക് വൃത്തങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. ചരിത്രത്തിലാദ്യമായി മൂന്നാം വട്ടവും ചൈനയുടെ പ്രസിഡന്റാകാിനിരിക്കുകയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പതിറ്റാണ്ടിലധികം കാലം സ്വന്തം കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്ത ഷീ ജിന്‍പിങ് എന്ന ലോകനേതാവിന്റെ വളര്‍ച്ച ലോകക്രമത്തെ തന്നെ മാറ്റുന്ന ഒന്നായി കണക്കാക്കുന്ന ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. ലിബറലെന്ന പ്രതിച്ഛായയില്‍ നിന്ന് ഏകാധിപതിയെന്ന കുറ്റപ്പെടുത്തലുകളിലേക്കാണ് ഷിയുടെ രാഷ്ട്രീയ ജീവിതം വളരുന്നത്. മാവോയ്ക്ക് ശേഷം ചൈന കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയായി ഷീ മാറുമ്പോള്‍ ഷീയിസത്തിന് കീഴില്‍ ചൈനയുടെ ഭാവി എന്താകും? (Chinese president xi jinping profile)

ചൈനയുടെ ചരിത്രത്തിലെ ഏറ്റവും ലിബറലായ ഭരണാധികാരിയാകും ഷീ ജിന്‍പിങ് എന്ന് 2012ല്‍ പ്രവചനങ്ങളുണ്ടാകാന്‍ ചില കാരണങ്ങളുണ്ടായിരുന്നു. ഷീയുടെ സൗമ്യമായ പെരുമാറ്റവും മനോഭാവവും കുടുംബപശ്ചാത്തലവും അദ്ദേഹത്തിന് അന്നൊക്കെ ഒരു ലിബറല്‍ പ്രതിച്ഛായ നല്‍കി. എന്നാല്‍ ഷീയെ സംബന്ധിച്ച പ്രവചനങ്ങളെല്ലാം പത്ത് വര്‍ഷങ്ങള്‍ കൊണ്ട് തകിടം മറിയുകയാണ്. ചൈനീസ് ജീവിതത്തിന്റെ സമസ്ത മേഖലകളിലും നുഴഞ്ഞുകയറി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും എതിര്‍പ്പുകളോട് പരമാവധി അസഹിഷ്ണുത പ്രകടിപ്പിച്ചും ഷീ ചൈനയെ ഉരുക്കുമുഷ്ടിയില്‍ ഒതുക്കുകയാണ്.

സംഭവബഹുലമായ ബാല്യകാലമാണ് ഷിയ്ക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പിതാവ് ഷി സോങ്ഷൂണ്‍ ചൈനയിലെ അറിയപ്പെടുന്ന ഒരു വിപ്ലവ നായകനായിരുന്നു. പിതാവിന്റെ പേരും പ്രശസ്തിയും കൊണ്ട് ഒരു രാജകുമാരനെപ്പോലെയാണ് ഷീ വളര്‍ന്നുവന്നത്. എന്നാല്‍ അണികളുടെ കലാപത്തെ ഭയന്നുകൊണ്ടുള്ള മാവോയുടെ സാംസ്‌കാരിക വിപ്ലവത്തിന്റെ കാലത്ത് സോങ്ഷൂണ്‍ ചൈനീസ് വിപ്ലവത്തിന്റെ ശത്രുവെന്ന രീതിയില്‍ മുദ്രകുത്തപ്പെട്ടു. 1962ല്‍ സോങ്ഷൂണ്‍ മാവോയുടെ തടവറയിലായി. അത് ഷി കുടുംബത്തെ സംബന്ധിച്ച് വല്ലാത്ത ദുരന്ത കാലമായിരുന്നു. ഷിയുടെ മാതാവിന് പിതാവിനെ തള്ളിപ്പറയേണ്ടി വന്നു. സ്‌കൂളിലും നാട്ടിലും പൊതുവിടങ്ങളിലും ഷി ജിന്‍പിങിന് അവഗണനകള്‍ നേരിടേണ്ടി വന്നു. പീഡനത്തെത്തുടര്‍ന്ന് ഷീയുടെ അര്‍ധസഹോദരി ജീവനൊടുക്കുക വരെ ചെയ്തു. ആരേയും ആശ്രയിക്കാതെ ജീവിക്കാന്‍ പിന്നീടുള്ള ഏഴ് വര്‍ഷത്തോളം ഷിയ്ക്ക് കഠിനാധ്വാനമാണ് ചെയ്യേണ്ടി വന്നത്. രാജകുമാരനില്‍ നിന്ന് ഒറ്റുകാരന്റെ മകനെന്ന നിലയിലേക്കുള്ള പതനം ഷീയുടെ സ്വഭാവ രൂപീകരണത്തെ ഏറെ സ്വാധീനിച്ചതായി പിന്നീട് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ എഴുതി.

Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?

എന്നാല്‍ ബാല്യകാലത്തെ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് വിരോധമുണ്ടാകുന്നതിന് പകരം പക്ഷേ ഷീ ശ്രമിച്ചത് പാര്‍ട്ടിയോട് കൂടുതല്‍ അടുക്കാനാണ്. പാര്‍ട്ടി അംഗത്വത്തിനായി പല തവണ ഷീ ശ്രമിച്ചെങ്കിലും അച്ഛന്റെ പേരില്‍ ഷീയ്ക്ക് മുന്നില്‍ പാര്‍ട്ടിയുടെ വാതിലുകള്‍ ദീര്‍ഘകാലം തുറന്നില്ല. 1974നാണ് ഷി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കെത്തുന്നത്. അവിടെ വച്ച് അദ്ദേഹം പടിപടിയായി വളര്‍ന്നു. 1989ല്‍ ബയ്ജിംഗിലെ ടിയാനന്‍മെന്‍ സ്വക്വയറില്‍ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായി പ്രതിഷേധം അരങ്ങേറുമ്പോള്‍ ഷി ഫുജിയാന്‍ പ്രവശ്യയിലെ നിംഗ്ഡെ നഗരത്തില്‍ പാര്‍ട്ടി തലവനായി പ്രവര്‍ത്തിക്കുകയായിരുന്നു. ബീജിംഗില്‍ നിന്ന് വളരെ ദൂരെയായിരുന്നെങ്കിലും പ്രതിഷേധത്തിന്റെ അലയൊലികള്‍ നിംഗ്ഡെയിലുമെത്തി. അവയെ അടിച്ചമര്‍ത്തുന്നതില്‍ ഷീ നിര്‍ണായക പങ്ക് വഹിച്ചു.

ടിയാനന്‍മെന്‍ സ്‌ക്വെയറിലെ രക്തച്ചൊരിച്ചിലുകള്‍ 2000ലെ ഒളിമ്പിക്സില്‍ ആതിഥേയത്വം വഹിക്കാനുള്ള അവസരം ചൈനയ്ക്ക് നഷ്ടപ്പെടുത്തി. പിന്നീട് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം 2008ല്‍ ബീജിംഗില്‍ ഒളിമ്പിക്സ് നടക്കുമ്പോള്‍ അതിന്റെ ചുമതല ഏല്‍പ്പിച്ചത് ഷീയെയാണ്. മികച്ച ആതിഥേയരായി ലോകത്തിന് മുന്നില്‍ തങ്ങളെ തന്നെ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ഷീയുടെ കീഴില്‍ അന്ന് ചൈന നന്നായി ഉപയോഗിച്ചു.

ഒരു സെലിബ്രിറ്റി ഗായികയുടെ ഭര്‍ത്താവെന്ന നിലയിലാണ് ഷീ മുന്‍പ് അറിയപ്പെട്ടിരുന്നതെങ്കിലും തന്റെ വ്യക്തിപ്രഭാവവും വാക്ചാതുര്യവും പാര്‍ട്ടിയിലും പൊതുസമൂഹത്തിലും അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുകയും ഷീ പോളിറ്റ്ബ്യൂറോ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് 2012ല്‍ അദ്ദേഹം ചൈനയുടെ പ്രസിഡന്റാകുകയും ചെയ്തു.

Read Also: കൊവിഡ് ലോക്ക്ഡൗണിൽ വലഞ്ഞ് ചൈന; ഷി ജിൻ പിങ്ങിനെതിരെ ആയിരങ്ങൾ തെരുവിൽ

തേന്‍ മധുരമുള്ള മത്തങ്ങകള്‍ കായ്ക്കുന്നത് തൊട്ടാല്‍ കയ്ക്കുന്ന വള്ളികളിലാണ്, മധുരമുള്ള ഈന്തപ്പഴങ്ങള്‍ വളരുന്നതോ നിറയെ മുള്ളുകള്‍ തിങ്ങിനില്‍ക്കുന്ന മരത്തിലും… ഈ ചൈനീസ് നാടോടിപ്പാട്ടിലെ തത്വചിന്തപോലെയാണ് കാര്യങ്ങളെല്ലാം. മുഴുവന്‍ ചിത്രവും കാണാതെ ഒന്നിനേയും എല്ലാം തികഞ്ഞതായി കാണാനാകില്ല. ഡാവൂസിലെ ലോക സാമ്പത്തിക വേദിയില്‍ ആഗോളവത്ക്കരണത്തെക്കുറിച്ച് ഷി ജിന്‍പിങ് പറഞ്ഞ വാക്കുകളാണിത്. മധുരത്തിനൊപ്പം ഒളിപ്പിച്ചുവച്ച കയ്പ്പും മുള്ളുകളും നിറഞ്ഞ മുഴുവന്‍ ചിത്രം ഷിയുടെ കാര്യത്തില്‍ പക്ഷേ പൂര്‍ണമായി തെളിഞ്ഞുവന്നത് വളരെ സാവധാനത്തിലാണ്.

മുന്‍പ് സൂചിപ്പിച്ച ബാല്യ കൗമാര നാളുകളിലെ സംഭവവികാസങ്ങള്‍ റെഡെര്‍ താന്‍ റെഡ് അഥവാ ചുവപ്പേറിയ ചുവപ്പ് ആണെന്ന് തെളിയിക്കാന്‍ ഷീയില്‍ കൂടുതല്‍ ബാധ്യത ഏല്‍പ്പിച്ചിട്ടുണ്ടാകാം. സോവിയേറ്റ് യൂണിയന്റെ അവസാനത്തിലേക്കും യുഗോസ്ലാവിയ യുദ്ധത്തിലേക്കും നയിച്ച രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഷി ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ പിന്തുടര്‍ന്നു. പാര്‍ട്ടി അധികാരം ഉപേക്ഷിച്ചാല്‍ രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമെന്നും രാജ്യം ആക്രമിക്കപ്പെടുമെന്നും ഷി വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

Read Also: മാവോയ്ക്ക് ശേഷം തുടര്‍ച്ചയായി രണ്ടിലധികം തവണ പാര്‍ട്ടി തലപ്പത്തേക്ക്; ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ‘ഷി’ തന്നെ

ചൈനീസ് രാഷ്ട്രത്തിന്റെ പുനരുജ്ജീവനം എന്ന ചൈനീസ് സ്വപ്നമാണ് ഷി ശക്തമായി പിന്തുടര്‍ന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വ്യവസായങ്ങള്‍ വെട്ടിക്കുറയ്ക്കുക, മലിനീകരണം കുറയ്ക്കുക, ചൈനയുടെ ആഗോള വ്യാപാര ബന്ധം വിപുലീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള മള്‍ട്ടി-ബില്യണ്‍ ഡോളര്‍ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതി ആവിഷ്‌കരിക്കുക തുടങ്ങിയ ലിബറലെന്ന് വിളിക്കാവുന്ന നയങ്ങളാണ് ചൈനയ്ക്കായി ഷി നടപ്പിലാക്കിയത്. ലോക സാമ്പത്തികവേദിയിലെത്തുന്ന ആദ്യ ചൈനീസ് നേതാവായി ഷീ മാറി. ആഗോളവത്ക്കരണം മുള്ളുകളും മധുരവുമുള്ള ഒന്നാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

മാവോയ്ക്ക് ശേഷം വ്യക്തിയാരാധനയുടെ ഒരു സംസ്‌കാരം ചൈനയില്‍ വളര്‍ന്നുവന്നത് ഷീയ്ക്ക് ചുറ്റുമാണ്. അത്തരമൊരു ആരാധന തനിക്ക് ചുറ്റും വ്യാപിക്കാന്‍ ഷി അനുവദിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയുമായിരുന്നു. അഴിമതിയ്ക്കെതിരായ ഷിയുടെ ചൂടന്‍ പ്രസംഗങ്ങള്‍ മുതല്‍ ചില വിദേശരാജ്യങ്ങള്‍ക്ക് നേര്‍ക്കുള്ള അദ്ദേഹത്തിന്റെ കടുത്ത നിലപാടുള്‍ വരെ വ്യക്തിയാരാധന വളര്‍ത്താന്‍ ഇടയാക്കി. എന്നാല്‍ വളരെ കുറച്ച് അഭിമുഖങ്ങള്‍ മാത്രമേ ഷി അനുവദിച്ചിട്ടുള്ളൂ എന്ന് ഷിയുടെ ജീവചരിത്രകാരായ സ്റ്റെഫാന്‍ ഓസ്റ്റ്, അഡ്രിയാന്‍ ജീജെസ് ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തയാറായി വന്ന് പറയാറുള്ള പ്രസംഗങ്ങളിലൂടെയാണ് ഷി ജിന്‍പിങ് എന്ന നേതാവ് തന്നിലേക്ക് ആരാധകരെ വലിച്ചടുപ്പിക്കുന്നത്. ഷി ഒരു മനുഷ്യന്‍ എന്നതിനേക്കാള്‍ പറഞ്ഞും അറിഞ്ഞും സൃഷ്ടിക്കപ്പെട്ട ഒരു ചൈനീസ് മിത്താണെന്ന് ജീവചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്.

പിതാവ് ജയിലില്‍ പോയതിന് ശേഷമുള്ള ഷിയുടെ ദാരിദ്ര്യത്തില്‍ മുങ്ങിയ കൗമാരക്കാലത്തെക്കുറിച്ച് ചൈനയില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്ന ഒരു സംഭവമുണ്ട്. വടക്കന്‍ ചൈനയിലെ ലിയാങ്ജിയാഹെയില്‍ ഒരു ഗുഹയിലാണ് കൗമാരക്കാരനായ ഷി താമസിച്ചിരുന്നതെന്നും തൊട്ടടുത്ത ഒരു വയലില്‍ കഠിനാധ്വാനം ചെയ്തും ഇടവേളകളില്‍ പുസ്തകം വായിച്ചുമാണ് അദ്ദേഹം തന്റെ ചെറുപ്പകാലം തള്ളിനീക്കിയിരുന്നതെന്നുമാണ് ജീവചരിത്രകാരന്മാര്‍ പറയുന്നത്. പകല്‍ മുഴുവന്‍ ജോലി ചെയ്ത് തളര്‍ന്ന് ഷി വൈക്കോല്‍ പായ വിരിച്ച് ഉറങ്ങിയതെന്ന് പറയുന്ന ലിയാങ്ജിയാഹെയിലെ ഗുഹ ഇന്ന് ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്. ഷിയുടെ ഈ ഭൂതകാലം പിന്നീട് ഒരു കമ്മ്യൂണിസ്റ്റ് നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്വീകാര്യതയും ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വീകാര്യത തന്നെയും വളര്‍ത്തി.

പൗര പ്രസ്ഥാനങ്ങളുടേയും മാധ്യമങ്ങളുടേയും സ്വാതന്ത്ര്യങ്ങളെ ഷീ അമര്‍ച്ച ചെയ്ത വിധം വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. വടക്കുപടിഞ്ഞാറന്‍ സിന്‍ജിയാങ് മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ലോകം പഴിയ്ക്കുന്നത് ഷിയെയാണ്. അക്കാദമിക് സ്വാതന്ത്ര്യങ്ങള്‍ ചൈനയില്‍ ഖനിക്കപ്പെടുന്നു. മുന്‍ ഭരണാധികാരികളേക്കാള്‍ ഷി കൂടുതല്‍ ആക്രമണാത്മക വിദേശനയം പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതി വിവിധ ഇടങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. ചൈനയെ മികവിലേക്ക് എത്തിക്കുക എന്ന തന്റെ ചൈനീസ് സ്വപ്നവും ദേശീയതയും ദേശസ്നേഹവും തന്നെയായിരുന്നു പല ഏകാധിപതികളേയും പോലെ ഷിയുടേയും മറയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നുണ്ട്.

Read Also: കൊവിഡ് മുതല്‍ അതിര്‍ത്തി തര്‍ക്കം വരെ;പാര്‍ട്ടി കോണ്‍ഗ്രസില്‍ ‘ഷി’ക്ക് മറുപടി പറയാന്‍ വിഷയങ്ങളേറെ

കിഴക്കന്‍ യൂറോപ്പില്‍ സോവിയേറ്റ് യൂണിയന്റേയും സോഷ്യലിസത്തിന്റേയും പതനം വലിയ ആഘാതമായാണ് ഷി കാണുന്നത്. അതിനാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തമായ നേതൃത്വമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിലേക്ക് ചൈനയെ നയിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതായും ഷി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.

വിദേശശക്തികളുമായുള്ള കൂട്ടുകെട്ടിനെ ക്രിമിനല്‍വത്ക്കരിക്കുന്ന രീതിയില്‍ 2020ല്‍ ദേശീയ സുരക്ഷാ നിയമത്തില്‍ ഒപ്പുവച്ച് ഷി ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളെ പ്രതിരോധിക്കുകയാണ്. എതിര്‍പ്പുകളോട് ഷി വല്ലാതെ അസഹിഷ്ണുത കാണിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ജനങ്ങള്‍ പരസ്യമായി തന്നെ പറയാന്‍ തുടങ്ങി. പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും അധികാരം തന്നിലേക്ക് കേന്ദ്രീകരിച്ച് വീണ്ടും ഷി ഒരു തവണ കൂടി ചൈനയെ ഭരിക്കാനൊരുങ്ങുമ്പോള്‍ ഒരു രാജ്യം ഒറ്റ വ്യക്തിയായി ചുരുങ്ങുന്ന എല്ലാ രാജ്യങ്ങളേയും പോലെ ചൈനയുടെ ഭാവിയും ചരിത്രകാരന്മാരെ ആശങ്കപ്പെടുത്തുന്നുണ്ട്.

Story Highlights: Chinese president xi jinping profile

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top