Advertisement

‘കേരളത്തിലെ മന്ത്രിമാർ പ്രതിപക്ഷ നേതാവിൻ്റെ വാലാട്ടികളല്ല’; വി ഡി സതീശനെതിരെ പിഎ മുഹമ്മദ് റിയാസ്

March 16, 2023
Google News 2 minutes Read
pa muhammad riyas satheesan

നിയമസഭാ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെ മന്ത്രിമാർ പ്രതിപക്ഷ നേതാവിൻ്റെ വാലാട്ടികളല്ല എന്ന് അദ്ദേഹം പ്രതികരിച്ചു. ബിജെപിക്കെതിരെ പ്രസ്താവന ഇറക്കിയിട്ടുണ്ട്, സമരം ചെയ്തിട്ടുണ്ട് എന്നൊക്കെ കാണിക്കാൻ പത്ര കട്ടിങ്ങുമായി വരണ്ട ഒരു ഗതികേടിലേക്ക് കേരളത്തിലെ കോൺഗ്രസ് പ്രതിപക്ഷ നേതാവ് എത്തി എന്നും റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. (pa muhammad riyas satheesan)

“നിലവാരം താണ പ്രവർത്തനം നടത്താൻ മാർഗനിർദ്ദേശവും ഉപദേശവും നൽകാൻ അദ്ദേഹം തയ്യാറായിട്ടുണ്ടോ എന്ന് തോന്നുന്ന നിലയിലേക്കാണ് ഇന്ന് അദ്ദേഹം അത് ഏറ്റുപിടിച്ചപ്പോൾ കാണാൻ സാധിച്ചത്. അതിന് അദ്ദേഹത്തെ പ്രത്യേകം അഭിനന്ദിക്കുന്നു. വ്യക്തിപരമായി മന്ത്രിമാരെ ആക്രമിക്കുന്നു. രാഷ്ട്രീയമായി അഭിപ്രായം പറയാം. വ്യക്തിപരമായി എന്നെ ആക്ഷേപിക്കുന്നു. എനിക്കെതിരെ മാത്രമല്ല. അദ്ദേഹം പറയുന്നത് കേട്ടുകൊണ്ട് മിണ്ടാതിരിക്കുക എന്നൊരു ധാരണ അദ്ദേഹത്തിനുണ്ടോ എന്നറിയില്ല. വളരെ വിനയപൂർവം പറയട്ടെ, കേരളത്തിലെ മന്ത്രിമാർ പ്രതിപക്ഷ നേതാവിൻ്റെ വാലാട്ടികളല്ല. അങ്ങനെ പ്രതിപക്ഷ നേതാവിൻ്റെ താളത്തിനൊത്ത് തുള്ളുന്ന നിലയിൽ, പ്രതിപക്ഷ നേതാവിനെ പ്രീതിപ്പെടുത്തി മന്ത്രിപ്പണിയെടുക്കാമെന്ന ഗതികേടിൽ ഇടതുപക്ഷ എംഎൽഎമമാർ എത്തിയിട്ടില്ല. അദ്ദേഹത്തിൻ്റെ ഒരു താൻ പ്രമാണിത്വം പൊതുവേ പ്രകടിപ്പിക്കുകയാണ്. തിരിച്ചെന്നേ പറഞ്ഞാൽ മാത്രം കുറച്ചു ദിവസത്തേക്ക് അത് കുറയും. പിന്നെ പിന്നെയും അതിൻറെ ഉഗ്രരൂപത്തിലേക്ക് എത്തുകയാണ്. സ്വന്തം പാർട്ടിയിൽ പോലും അദ്ദേഹത്തിൻറെ താൻ പ്രമാണിത്വം അംഗീകരിക്കുന്നില്ല. സ്വന്തം പാർട്ടിയിൽ ചിലവാകാത്തത് ഞങ്ങളുടെ നേർക്ക് വന്നാൽ അത് നടക്കുമോ? അതുകൊണ്ട് താൻ പ്രമാണിത്തം വീണ്ടും സ്ഥാപിക്കുന്ന നിലയിൽ ചില കാര്യങ്ങൾ കൂടി അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.”

“പിന്നെ അദ്ദേഹം പറഞ്ഞ ഒരു ഭാഗ്യത്തെ കുറിച്ച് ചിലത് പറഞ്ഞു. രണ്ടായിരത്തി ഇരുപത്തി ഒന്നിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ കേരളത്തിൽ ആര് പ്രതിപക്ഷ നേതാവാകണം എന്ന് നിശ്ചയിക്കാൻ ശ്രീ ഖാർഗെയുടെ നേതൃത്വത്തിൽ ഒരു കേന്ദ്ര സംഘം കെപിസിസി ഓഫീസിൽ വന്നിരുന്നു. കോൺഗ്രസിൻറെ എംഎൽഎമാരെ വ്യക്തിപരമായി കണ്ടു. അഭിപ്രായമെടുത്തു. ഇരുപത്തൊന്ന് കോൺഗ്രസ് എംഎൽഎമാരിൽ അന്ന് പറഞ്ഞു കേട്ടതും ഞാൻ പിന്നെ മനസ്സിലാക്കിയതും നാല് പേർ മാത്രമാണ്. ശ്രീ വിഡി സതീശനെ പ്രതിപക്ഷ നേതാവായി പറഞ്ഞിട്ടുള്ളത്. ബാക്കി മഹാ മഹാ ഭൂരിപക്ഷവും അതിനു മുമ്പുള്ള പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയുടെ പേരാണ് പറഞ്ഞത് എന്നുള്ളത് അങ്ങാടി പാട്ടാണ്. എന്നിട്ടും അദ്ദേഹത്തിന് പ്രതിപക്ഷ നേതാവിനായി. അപ്പോ ആ ഒരു ഭാഗ്യം കിട്ടിയ ആളാണ് അദ്ദേഹം. യഥാർത്ഥത്തിൽ അദ്ദേഹം ഒരു ഭാഗ്യവാനാണ്. ആ ഭാഗ്യം കിട്ടിയതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത് എന്ന് പൊതുവെ ആളുകൾ പറയുന്നത് കേട്ടാൽ അത് തെറ്റ് പറയാൻ വേണ്ടി പറ്റില്ല. മൂന്നാമത്തേത് ഇന്നലെ പറഞ്ഞ ഒരു കാര്യം അക്ഷരംപ്രതി അദ്ദേഹം അംഗീകരിച്ചിരിക്കുകയാണ്.”

Read Also: നിയമസഭയിലെ കയ്യാങ്കളി; ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ്

“ബിജെപിക്കെതിരെ കേരളത്തിൻ്റെ നിയമസഭയിൽ ചർച്ച നടത്താനോ കേന്ദ്ര സർക്കാരിൻ്റെയും ബിജെപിയുടെയും രാഷ്ട്രീയ അജണ്ടകൾക്കെതിരെയുള്ള ഒരു പോരാട്ട വേദിയാക്കി നിയമസഭയെ മാറ്റാനോ വളരെ ബോധപൂർവ്വം പ്രതിപക്ഷ നേതാവ് തയ്യാറാകുന്നില്ല. ആർ എസ് എസുമായി ഒരു അന്തർധാര കേരളത്തിലെ പ്രതിപക്ഷ നേതാവിനുണ്ട്. പിന്നെ നട്ടെല്ലും വാഴപ്പിണ്ടിയും അത് ആവർത്തിക്കുന്നില്ല. ആർ എസ് എസിന് അത് പണയം വെച്ചിരിക്കുകയാണ്. ഇത് പറഞ്ഞപ്പോൾ തന്നെ ഇന്നലെ ഞാൻ പറഞ്ഞു, പേരിന് ചില ഫോട്ടോ ഷൂട്ട് സമരങ്ങൾ ബിജെപിക്കെതിരെ നടത്തിയത് കൊണ്ട് കാര്യമില്ല. ഫോട്ടോ ഷൂട്ട് സമരമെന്ന് പറഞ്ഞാൽ പത്രത്തിൽ ഫോട്ടോ വരാൻ വേണ്ടി മാത്രമുള്ള സമരം. തുടർ സമരങ്ങളില്ല. മണ്ണിലിറങ്ങി തുടർച്ചയായി കേന്ദ്ര സർക്കാരിനെതിരെയുള്ള ക്യാമ്പയിനില്ല. താഴെ തട്ടിൽ കേന്ദ്ര ഗവൺമെന്റിന് എതിരെയുള്ള പ്രക്ഷോഭം നടത്തുന്നില്ല. രാജ്യത്തിന്റെ വലിയ വെല്ലുവിളി നേരിടുമ്പോൾ അതിനെതിരെയുള്ള തുടർച്ചയായ മുദ്രാവാക്യങ്ങൾ ഉയർത്തിയിട്ടുള്ള പ്രക്ഷോഭമില്ല. പേരിന് ഒരു ഫോട്ടോ ഷൂട്ട് സമരം. എന്തിനാ ഫോട്ടോ ഷൂട്ട് സമരം? ബിജെപിക്കെതിരെ കോംപ്രമൈസ് ആണ്. പ്രതിപക്ഷ നേതാവിന് ആർ എസ് എസുമായി അന്തർധാരയുണ്ട്. എന്നൊക്കെ പറയുമ്പോ ഇല്ല. എന്ന് സ്ഥാപിക്കാൻ വേണ്ടിയാണ് ഇത്തരം ഫോട്ടോ ഷൂട്ട് സമരം എന്നുള്ളത് ഞാൻ ഉദ്ദേശിച്ചത്. ഇന്നത് വളരെ ശരിയായിരിക്കുകയാണ്.”

“അദ്ദേഹം പത്രമായിട്ടാ വന്നത്. ഞാൻ ബിജെപിക്കെതിരെ സമരം ചെയ്തിട്ടുണ്ട്. ചെയ്യാറുണ്ട്. ഞങ്ങൾ ചെയ്യാറുണ്ട് എന്ന് പറഞ്ഞ് പത്രത്തിലെ ഫോട്ടോ എടുത്ത് കാട്ടി ഇരിക്കുകയാണ്. അത് തന്നെയാ ഇന്നലെ പറഞ്ഞത്. ഒരു കേരളത്തിലെ ഒരു കോൺഗ്രസ് പ്രതിപക്ഷ നേതാവിന്റെ ഗതികേട് നോക്കൂ. ബിജെപിക്കെതിരെ പ്രസ്താവന ഇറക്കിയിട്ടുണ്ട്. സമരം ചെയ്തിട്ടുണ്ട് എന്നൊക്കെ കാണിക്കാൻ പത്ര കട്ടിങ്ങുമായി വരണ്ട ഒരു ഗതികേടിലേക്ക് കേരളത്തിലെ കോൺഗ്രസ് പ്രതിപക്ഷ നേതാവ് എത്തി എന്നുള്ളത് ഏറ്റവും വലിയ ഉദാഹരണല്ലേ? അത് വളരെ വ്യക്തമാണ്.”

“അപ്പൊ ഇതിൽ വളരെ കൃത്യമായി മനസ്സിലാക്കേണ്ട കാര്യങ്ങൾ ഒരു ഭാഗത്ത് ബിജെപിക്കെതിരെ മിണ്ടുന്നില്ല. ബിജെപിക്കെതിരെ മിണ്ടണ്ട കാര്യങ്ങൾ വളരെ ബോധപൂർവ്വം ഡൈവേർട്ട്ചെയ്യാൻ വേണ്ടി പ്രതിപക്ഷ നേതാവ് നിയമസഭാ വേദിയെ ഉപയോഗിക്കുന്നു. കോൺഗ്രസ്സിലെ ഈ എംഎൽഎമാരിൽ ഉൾപ്പെടെ ബിജെപി വിരുദ്ധത ഇല്ലാതാക്കാൻ വേണ്ടി വളരെ ബോധപൂർവ്വം നിലപാട് സ്വീകരിക്കുന്നു എന്നുള്ളത് അക്ഷരംപ്രതി ശരിവെക്കുന്ന നിലയിലേക്കാണ് അദ്ദേഹത്തിന്റെ പത്ര കട്ടിങ്ങുമായിട്ടുള്ള ഇന്നത്തെ പത്രസമ്മേളനം വന്നിട്ടുള്ളത്. യഥാർത്ഥത്തിൽ അദ്ദേഹം അങ്ങനെ പത്രക്കട്ടിങ് കാണിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ 2006ൽ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ ഗോൾവാർക്കറിന്റെ ജന്മശതാബ്ദിക്ക് പൂജ നടത്തിയപ്പോ വഴങ്ങി നിന്ന് പോയ ഒരു ഫോട്ടോ ഉണ്ട്. അത് പറവൂർ മനക്കപ്പടി സ്കൂളിന്റെ ഗോൾവാൾക്കറിന്റെ താണുവണങ്ങി ബഹുമാന്യനായ ശ്രീ വിഡി സതീശൻ അന്ന് വിളക്ക് കത്തിക്കുന്ന ഫോട്ടോ വന്നു. ആ ഫോട്ടോ ഇന്ന് പത്രസമ്മേളനത്തിൽ ഉപയോഗിക്കുന്നതായിരുന്നു നല്ലത്.”

“അപ്പൊ പറയുന്നത് ഓരോന്നും ശരിവെക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോയിട്ടുള്ളത്. വ്യക്തിപരമായി ആരെയെങ്കിലുമൊക്കെ ആക്ഷേപിച്ച് രാഷ്ട്രീയമായി പറയേണ്ട ഉത്തരത്തിൽ നിന്ന് രക്ഷപ്പെടാം എന്ന് കരുതിയാൽ അങ്ങനെ രക്ഷപ്പെടാൻ വേണ്ടി പോകുന്നില്ല ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ. രാഷ്ട്രീയമായി ചോദിക്കേണ്ടത് രാഷ്ട്രീയമായി തന്നെ ചോദിക്കും. വ്യക്തിപരമായി കാര്യങ്ങൾ ജനം നിശ്ചയിക്കട്ടെ. അതൊക്കെ നിശ്ചയിക്കാനുള്ള പ്രബുദ്ധത കേരളത്തിലെ നല്ലവരായ ജനങ്ങൾക്കുണ്ട് എന്നുള്ളതിൽ ഒരു സംശയവുമില്ല. കേരളത്തിലെ മന്ത്രിമാരെ പ്രതിപക്ഷ നേതാവിന് ഇഷ്ടപ്പെടാത്ത നിലയിൽ നിലപാട് സ്വീകരിച്ചാൽ ആക്ഷേപിക്കുകയും വ്യക്തിപരമായി അത് ഒരു മന്ത്രിയല്ല എല്ലാ മന്ത്രിമാരെയും വ്യക്തിപരമായും അറ്റാക്ക് ചെയ്യുകയും ചെയ്യുന്ന രീതി പ്രതിപക്ഷ നേതാവ് അവസാനിപ്പിക്കണം. കേരളത്തിലെ മന്ത്രിമാർ പ്രതിപക്ഷ നേതാവിൻ്റെ വാലാട്ടികളല്ല എന്ന് പ്രതിപക്ഷ നേതാവ് മനസ്സിലാക്കുന്നത് നല്ലതാണ്. പ്രതിപക്ഷ മതനിരപേക്ഷ കോൺഗ്രസ് പാരമ്പര്യമുള്ളവരെ വഞ്ചിക്കരുത്.”

“കേരളത്തിന്റെ നിയമസഭ ഉജ്ജ്വലമായ മതനിരപേക്ഷ പാരമ്പര്യമുള്ള സഭയാണ്. ആ നിയമസഭയിൽ ആർ എസ് എസും ബിജെപിയും കേന്ദ്രസർക്കാരും ഉയർത്തുന്ന അപകടകരമായ രാഷ്ട്രീയത്തെ ചർച്ചാ വേദിയാക്കി മാറ്റി തീർക്കാതിരിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് ഇനിയും തുറന്ന് കാണിക്കും. കോൺഗ്രസ് പാർട്ടിക്കകത്തും തുറന്ന് കാണിക്കും. യുഡിഎഫിനകത്തും തുറന്ന് കാണിക്കും. കേരളത്തിലെ ജനങ്ങൾക്കിടയിലും അത് തുറന്ന് കാണിക്കും. കേരളത്തോട് കടുത്ത അവഗണന കാട്ടിയ കേന്ദ്ര ബഡ്ജറ്റിനെതിരെ നിയമസഭയിൽ ഒരക്ഷരം മിണ്ടാൻ എന്തുകൊണ്ട് കേരളത്തിലെ പ്രതിപക്ഷ നേതാവ് തയ്യാറായിട്ടില്ല. കേന്ദ്ര ബജറ്റിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മിണ്ടാൻ കേരള നിയമസഭയിൽ എന്തുകൊണ്ട് പ്രതിപക്ഷ നേതാവ് തയ്യാറായിട്ടില്ല? പാചകവാതക വില വർധനവിനെതിരെ മിണ്ടാൻ എന്തുകൊണ്ട് നിയമസഭയിൽ പ്രതിപക്ഷ നേതാവ് തയ്യാറായിട്ടില്ല? കേരളത്തിലെ ജനങ്ങളെ അപമാനിക്കാൻ മുന്നിട്ടിറങ്ങിയ അമിത്ഷാക്കെതിരെ ശബ്ദിക്കാൻ നിയമസഭയിൽ എന്തുകൊണ്ട് പ്രതിപക്ഷ നേതാവ് തയ്യാറാകുന്നില്ല? കേരളം നാളെ പിടിക്കുമെന്ന് പറഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ ശബ്ദിക്കാൻ എന്തുകൊണ്ട് നിയമസഭയിൽ പ്രതിപക്ഷ നേതാവ് തയ്യാറായിട്ടില്ല? ഈ ചോദ്യം ഞങ്ങൾ കൊണ്ടേയിരിക്കും.”

Story Highlights: pa muhammad riyas vd satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here