മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷൻമാരും ജനറൽ സെക്രട്ടറിമാരും ഇന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണും

മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയെ ചൊല്ലി തർക്കം തുടരുന്നതിനിടെ പതിനാല് ജില്ലാ അധ്യക്ഷൻമാരും ജനറൽ സെക്രട്ടറിമാരും ഇന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണും. രാവിലെ പത്തുമണിക്ക് മലപ്പുറം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച്ച. നിലവിലെ ജനറൽ സെക്രട്ടറി പി.എം.എ സലാം പദവിയിൽ തുടരട്ടെയെന്നാണ് പി.കെ കുഞ്ഞാലിക്കുട്ടിയുൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. എന്നാൽ എം.കെ മുനീറിനെ മുൻ നിർത്തിയാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തിന്റെ നീക്കം. ജില്ലാ പ്രതിനിധികളുടെ ഭൂരിപക്ഷാഭിപ്രായം പരിഗണിച്ചാകും സംസ്ഥാന ജനറൽ സെക്രട്ടറിയെ പാർട്ടി അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കുക. മുസ്‌ലിം ലീഗിന്റെ സംസ്ഥാന കൗൺസിൽ ശനിയാഴ്ച നടക്കാനിരിക്കെയാണ് പാർട്ടിയിൽ തർക്കം രൂക്ഷമായത്. (muslim league shihab thangal)
മുസ്ലിം ലീഗ് കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങുകയാണെന്ന് സൂചനകളുണ്ട്. മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനു ശേഷം പാർട്ടിയിൽ അടിമുടി മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ട്വന്റിഫോറിനോട് പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ മഹാസഖ്യത്തെ മുസ്ലിം ലീഗ് പിന്തുണക്കും. അതിനാലാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ചത്. മതേതര കക്ഷികൾ ഒന്നിക്കണം എന്നതാണ് ലീഗ് നിലപാടെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
‘മുസ്ലിം ലീഗ് എന്നും മതേതര കക്ഷികളുമായി യോജിക്കുന്ന പ്രസ്താനമാണ്. പ്രത്യേകിച്ച് വർഗീ. ഫാസിസത്തിനെതിരെ. മതേതര കൂട്ടായ്മ ശക്തിപ്പെടണമെന്ന് എപ്പോഴും പറയുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്’- സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
പുതിയ കമ്മറ്റികൾക്ക് മുമ്പിൽ പ്രത്യേക സ്ട്രാറ്റജി അവതരിപ്പിക്കുകയും ചെന്നൈയിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ പാർട്ടിയുടെ ഏഴര പതിറ്റാണ്ടിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും.
Story Highlights: muslim league presidents panakkad sadiq ali shihab thangal