മാർ ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല പരാമർശം; കുറുക്കൻ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് മന്ത്രി എം.ബി. രാജേഷ്

തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി എം.ബി. രാജേഷ് രംഗത്ത്. ആർ.എസ്.എസും ബിജെപിയുമൊക്കെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി നടിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. കുറുക്കൻ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ക്രൈസ്തവർക്ക് നന്നായറിയാം. പുള്ളിപ്പുലിയുടെ പുള്ളി എത്ര തേച്ചാലും മായ്ച്ചാലും പോകില്ല. അത് ജനങ്ങൾക്ക് മനസിലാകും. ആർ എസ് എസിന്റെ വിചാരധാരയിൽ മുസ്ലീങ്ങളും ക്രൈസ്തവരും കമ്മ്യൂണിസ്റ്റുകളും ആണ് ശത്രുക്കളെന്ന് കൃത്യമായി എഴുതി വച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ( MB rajesh responded to Archdiocese Bishop Mar Joseph Pamplany ).
കേന്ദ്രത്തിൻ്റെ മോശം നയത്തിനെതിരായ പ്രതികരണമാണ് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നടത്തിയതെന്ന് ജോസ് കെ. മാണി എം.പി പ്രതികരിച്ചിരുന്നു. റബ്ബർ വിലയിടിവിന് കാരണം കേന്ദ്ര സർക്കാരാണ്. കേന്ദ്ര നയങ്ങൾ തിരുത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കർഷക വിരുദ്ധ കേന്ദ്ര നയങ്ങൾ ചർച്ചയാകുമെന്നും സഭയ്ക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭയ്ക്കും കേരള കോൺഗ്രസിനും കർഷകരെ സഹായിക്കണമെന്നാണ് അഭിപ്രായമെന്നും ജോസ് കെ മാണി വിശദീകരിച്ചു.
തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞത് സഭയുടെ നിലപാടല്ലെന്ന് കെ സി ബി സി പറഞ്ഞിട്ടുണ്ട്. സഭയ്ക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളോടും ഒരേ നിലപാടെന്ന് കെസിബിസി വക്താവ് ജേക്കബ് പാലക്കാപള്ളി വിശദീകരിച്ചു. പാംപ്ലാനി പറഞ്ഞത് കർഷകരുടെ നിലപാടാണ്. കേരളത്തിലെ ഭരണ-പ്രതിപക്ഷ പാർട്ടികൾ കർഷകരെ പരിഗണിക്കുന്നില്ല എന്നത് സത്യമാണെന്നും ജേക്കബ് പാലക്കാപ്പള്ളി 24 നോട് പറഞ്ഞു.
കേന്ദ്രസർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാമെന്ന് സഭ പറഞ്ഞിട്ടില്ലെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പ്രതികരിച്ചിരുന്നു. കത്തോലിക്ക കോൺഗ്രസിന്റെ റാലിയിലെ വിവാദ പ്രസ്‌താവനയാണ് ബിഷപ്പ് തിരുത്തിയത്. കേരളത്തിൽ ഒരു എം.പിപോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നും ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഇടതുമുന്നണിയുമായി സംഘർഷത്തിന് താൽപര്യമില്ല. ഇടത് സർക്കാരിൽ വിശ്വാസംപോയി എന്നും പറഞ്ഞിട്ടില്ല. കർഷകർക്കുവേണ്ടി സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്. റബ്ബറിന് വല വർധിപ്പിക്കാൻ സഹായിക്കുന്ന കക്ഷികളെ കർഷകർ സഹായിക്കും. അത് ബിജെപിയും സഭയും തമ്മിലുള്ള ബന്ധമായി കരുതണ്ട. രാഷ്‌ട്രീയലക്ഷ്യത്തോടെയല്ല പ്രസ്‌താവന നടത്തിയത്. റബ്ബറിന് 300 രൂപയാക്കുന്ന ഏത് പാർട്ടിയേയും പിന്തുണയ്‌ക്കും. ഇത് സഭയുടെ നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ബിഷപ്പ് പറഞ്ഞു.
കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രതികരണം.
Story Highlights: MB rajesh responded to Archdiocese Bishop Mar Joseph Pamplany
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here