Advertisement

തമിഴ്‌നാട് ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ ജനം

March 20, 2023
Google News 1 minute Read
Tamil Nadu Budget 2023-24

തമിഴ്‌നാട് സർക്കാരിന്റെ 2023-24 വർഷത്തെക്കുള്ള സാമ്പത്തിക ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ 10 ന് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ അവതരിപ്പിക്കുന്ന ബജറ്റിലെ പ്രധാന പ്രഖ്യാപനം സ്ത്രീ കുടുംബനാഥകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന പദ്ധതിയാണ്. അതേസമയം ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ പ്രതിപക്ഷമായ എഐഎഡിഎംകെ ആക്രമണം കടുപ്പിക്കാൻ ഒരുങ്ങുന്നതോടെ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.

ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതിക്ക് പൊതുജനങ്ങൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ ഡിഎംകെ അധികാരത്തിൽ വന്ന് രണ്ട് വർഷത്തിലേറെയായിട്ടും പദ്ധതിയിൽ കൂടുതൽ പ്രഖ്യാപനം ഉണ്ടായിട്ടില്ല. അടുത്തിടെ ഈറോഡ് ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പദ്ധതി ഉടൻ നടപ്പാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിൽ ഈ പദ്ധതിയുടെ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

കൂടാതെ ബജറ്റിൽ ചില സുപ്രധാന വകുപ്പുതല പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നും പ്രതീക്ഷിക്കുന്നു. യുവാക്കൾക്ക് തൊഴിൽ വർധിപ്പിക്കുന്നതിനുള്ള പദ്ധതി, പ്രഭാതഭക്ഷണ പദ്ധതിയുടെ വിപുലീകരണം തുടങ്ങിയ വിവിധ പ്രത്യേക പ്രഖ്യാപനങ്ങൾ ഇതിൽ ഉൾപ്പെട്ടേക്കാം. ഒപ്പം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഫെഡറേഷനുകൾക്കായി ബജറ്റിൽ സർക്കാർ സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം ഡിഎംകെ സർക്കാരിന് ഇന്നത്തെ സമ്മേളനം നിർണായകമാണ്. ഓൺലൈൻ ചൂതാട്ടം നിരോധിക്കുന്നതിനുള്ള പുതിയ ബിൽ, ഗവർണർ ആർ.എൻ രവി 140 ദിവസം പിടിച്ചുവച്ച ശേഷം നിയമസഭയിലേക്ക് തിരിച്ചയച്ചിരുന്നു. ഇത്തരമൊരു ബിൽ പാസാക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും അതിനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഇത് മൂന്നാം തവണയാണ് തമിഴ്‌നാട് നിയമസഭ ബിൽ അംഗീകരിക്കുന്നത്.

Story Highlights: Tamil Nadu Budget 2023-24

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here