ഇവാന് പിന്തുണയുമായി മഞ്ഞപ്പട ആരാധകർ; ട്വിറ്ററിൽ ട്രെൻഡിങ്

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകുമനോവിച്ചിനുള്ള പിന്തുണ ശക്തമാക്കി മഞ്ഞപ്പട ആരാധകർ. ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിയുമായുള്ള നിർണായക മത്സരം ഇവാൻ വുകുമനോവിച്ച് റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബഹിഷ്കരിച്ചത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, വിഷയത്തിൽ ക്ലബ്ബിനെതിരെയും പരിശീലകനെതിരെയും അഖിലേന്ത്യാ ഫുട്ബോൾ ഫെഡെറിറ്റേഷൻ കുറ്റം ചുമത്തിയിരുന്നു. ഇതിൽ ബഹിഷ്‌കരണത്തിന് നേതൃത്വം നൽകിയ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വിലക്ക് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിക്കുന്നതായുള്ള റിപോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് ആരാധകരുടെ കൂട്ടായ നീക്കം. #ISupportIvan എന്ന ഹാഷ്ടാഗിലൂടെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ആരധകരുടെ ആദ്യ ഘട്ട പ്രതിഷേധം. ഹാഷ്ടാഗ് നിലവിൽ ട്വിറ്ററിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. Manjappada campaign for Ivan Vukomanovic trending in Twitter
പരിശീലകന് നൽകുന്ന പിന്തുണ ശക്തമാക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ആഹ്വാനത്തിന് പിന്തുണയുമായി ഒട്ടേറെ ആരാധകരാണ് രംഗത്ത് വരുന്നത്. റഫറിയിങ്ങിലെ പാളിച്ചകൾ ചൂണ്ടിക്കാണിച്ച ഇവാനെതിരെ എഐഎഫ്എഫും ഐഎസ്എൽ സംഘാടകരായ എഫ്എസ്ഡിഎല്ലും പ്രതികാരത്തിന്റെ വാൾത്തലപ്പുകൾ വീശുന്നത് നോക്കിനിൽക്കാൻ സാധിക്കില്ലെന്നും അതിനാൽ പുതിയ പോരാട്ടമുഖത്തിലേക്ക് കിടക്കുകയാണെന്നും മഞ്ഞപ്പട സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ സൂപ്പർ ലീഗിൽ ഏറ്റവുമധികം പിന്തുണ ലഭിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ ബാഹുല്യം ഇന്ത്യൻ ഫുട്ബോളിലെ അധികൃതർക്ക് കാണിച്ചുകൊടുക്കുക തന്നെയാണ് ഈ സംഘടിത നീക്കം കൊണ്ട് ആരാധകർ വ്യക്തമാക്കുന്നത്.
Story Highlights: Manjappada campaign for Ivan Vukomanovic trending in Twitter