പേട്ടയില്‍ സ്ത്രീ ആക്രമിക്കപ്പെട്ട സംഭവം; ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്

തിരുവനന്തപുരം പേട്ടയിൽ സ്ത്രീയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലും പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചില്ല.
മരുന്നു വാങ്ങാൻ രാത്രി വീട്ടിൽനിന്ന് പോയ സ്ത്രീയെ ആണ് ബൈക്കിൽ എത്തിയ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. അക്രമം നടന്ന തിങ്കളാഴ്ച അപ്പോൾ തന്നെ തൊട്ടടുത്തുള്ള പേട്ട പൊലീസിനെ വിവരം അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ വ്യാഴാഴ്ച ആക്രമിക്കപ്പെട്ട സ്ത്രീ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതിനു ശേഷമാണ് പൊലീസ് വീട്ടിലെത്തി യുവതിയുടെ മൊഴിയെടുത്തത്.
Read Also: പേട്ടയിൽ സ്ത്രീയെ ആക്രമിച്ച സംഭവം; കൃത്യ നിർവഹണത്തിൽ വീഴ്ച്ച വരുത്തിയ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
സ്ത്രീയെ തടഞ്ഞു നിർത്തി ആക്രമിച്ച മൂലവിളാകത്തും പരിസര പ്രദേശങ്ങളിലും പൊലീസ് ഇന്നലെയും പരിശോധന നടത്തിയിരുന്നു. യുവതിയുടെ സഹായത്തോടെ രേഖാ ചിത്രം തയ്യാറാക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.അതേസമയം പൊലീസ് വീഴ്ചയിൽ രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തെങ്കിലും പ്രതിയിലേക്ക് എത്താൻ കഴിയാത്തത് പൊലീസിന് കൂടുതൽ തലവേദനയാകുന്നുണ്ട്.സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും പ്രതിയോടിച്ച ബൈക്ക് ഏതാണെന്നോ നമ്പറോ മനസ്സിലാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.
Story Highlights: Sexual assault in thiruvananthapuram investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here