Advertisement

വനം വകുപ്പിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരിൽ പകുതിയിലധികവും വകുപ്പുതല യോഗ്യതാ പരീക്ഷ വിജയിക്കാത്തവർ

March 23, 2023
Google News 2 minutes Read
Kerala section forest officers under qualified

വനം വകുപ്പിലെ ആയിരത്തോളം സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരിൽ പകുതിയിലധികവും വകുപ്പുതല യോഗ്യതാ പരീക്ഷ വിജയിക്കാത്തവർ. യോഗ്യതയില്ലാത്ത സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരെ പഴയ തസ്തികയിലേക്ക് തരംതാഴ്ത്തണമെന്ന സർവീസ് റൂൾ ചട്ടങ്ങൾ മറികടന്ന് നിരവധി പേരാണ് വിവിധ സർക്കിളുകളിൽ വർഷങ്ങളായി ജോലിചെയ്തുവരുന്നത്. അനധികൃത സ്ഥാനക്കയറ്റം ചോദ്യം ചെയ്ത് വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ( Kerala section forest officers under qualified )

വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരിൽ നിന്നും സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായി പ്രൊമോഷൻ ലഭിച്ചാൽ 3 വർഷത്തിനുള്ളിൽ തന്നെ വകുപ്പുതല യോഗ്യതാ പരീക്ഷ വിജയിച്ചിരിക്കുകയോ 50 വയസ്സ് പൂർത്തിയാവുകയോ വേണം. വനം വന്യജീവി നിയമങ്ങളിലുള്ള കൃത്യമായ അറിവ്, ടിമ്പർ ഓപ്പറേഷൻ, വിവിധ സിവിൽ ജോലികളിലുള്ള സാങ്കേതികവും പ്രായോഗികവുമായ പരിജ്ഞാനം എന്നിവയാണ് യോഗ്യതാ പരീക്ഷയിലെ വിഷയങ്ങൾ. ബന്ധപ്പെട്ട വിഷയങ്ങളുടെ പുസ്തകമോ ഇവയുടെ ഫോട്ടോ കോപ്പിയോ വകുപ്പുതല യോഗ്യതാ പരീക്ഷയിൽ ഉപയോഗിക്കാവുന്നതാണ്.

Read Also: ഇടുക്കി മാങ്കുളത്ത് നിന്നും ആനക്കുളത്ത് എത്തുന്ന പാതയിൽ ട്രെഞ്ച് നിർമ്മിച്ച് വനം വകുപ്പ്

സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായി പ്രമോഷൻ ലഭിച്ചവർ മൂന്നു വർഷത്തിനുള്ളിൽ യോഗ്യതാ പരീക്ഷ പാസായില്ലെങ്കിൽ കേരള സബോർഡിനേറ്റ് സർവീസ് റൂൾ 13 മ പ്രകാരം ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കു തന്നെ ഇവരെ തരംതാഴ്ത്തണമെന്നാണ് സർക്കാർ ഉത്തരവ്. എന്നാൽ ഈ യോഗ്യതാ പരീക്ഷ പാസാകാത്ത നൂറുകണക്കിന് പേരെയാണ് വിവിധ വനം സർക്കിളുകളിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായി തുടരാൻ അനുവദിച്ചിരിക്കുന്നത്. ഇതോടെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ സീനിയോറിറ്റി ലിസ്റ്റിലുള്ളവർക്ക് തങ്ങളുടെ ആദ്യപ്രമോഷന് ദീർഘകാലം കാത്തിരിക്കേണ്ട അവസ്ഥയാണ്.

പതിനഞ്ച് മുതൽ 20 വർഷം വരെ കാത്തിരുന്നാൽ മാത്രമാണ് ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് സെക്ഷൻ ഫോറസ്റ്റ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. കേരള സബോർഡിനേറ്റ് സർവീസ് റൂൾ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ഒരോ വനം സർക്കിളുകളിലും ഇന്ന് നടക്കുന്നത്. തോന്നുംപടി പ്രമോഷൻ നൽകിയും യോഗ്യതാ പരീക്ഷ വിജയിക്കാത്ത ഉദ്യോഗസ്ഥറെ തരംതാഴ്ത്താതെ വർഷങ്ങളോളം ഇതേ തസ്തികയിൽ തുടരാൻ അനുവദിക്കുന്നതും ചൂണ്ടിക്കാണിച്ചാണ് ഒരുവിഭാഗം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.

Story Highlights: Kerala section forest officers under qualified

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here