Advertisement

രാഹുൽ ഗാന്ധി മാത്രമല്ല; ലോക്‌സഭാംഗത്വം നഷ്ടപ്പെട്ടമായ മറ്റ് പ്രമുഖരെ അറിയാം

March 23, 2023
Google News 2 minutes Read
Rahul Gandhi

‘എല്ലാ കള്ളന്മാർക്കും മോദിയെന്ന് പേര്’, രാഹുൽ ഗാന്ധിയുടെ ഈ പരാമർശം തെറ്റെന്ന് കണ്ടെത്തിയ സൂറത്ത് കോടതി, വയനാട് എംപിയെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി സമുദായത്തിനെതിരെ വിവാദ പരാമർശങ്ങൾ നടത്തിയെന്നായിരുന്നു രാഹുലിനെതിരെയുള്ള ആരോപണം. ഗുജറാത്തിലെ ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം സൂറത്ത് കോടതി ഉത്തരവ് മറ്റൊരു പ്രതിസന്ധിയായി മാറുകയാണ്. ഒരു എംപിയോ എംഎൽഎയോ രണ്ടോ അതിലധികമോ വർഷം ശിക്ഷിക്കപ്പെട്ടാൽ അയാളുടെ അംഗത്വം നഷ്ടപ്പെടും. വിധിക്കെതിരെ ഒരു മാസത്തിനകം സെഷൻസ് കോടതിയിൽ അപ്പീൽ നൽകേണ്ടതുണ്ട്. സെഷൻസ് കോടതിയും ശിക്ഷ ശരിവച്ചാൽ രാഹുലിന്റെ അംഗത്വം തീർച്ചയായും റദ്ദാക്കപ്പെടും.

ഇത്തരത്തിൽ അംഗത്വം റദ്ദാക്കപ്പെടുന്ന ആദ്യ നേതാവല്ല രാഹുൽ. ഇതിനുമുമ്പ്, കോടതി രണ്ടു വർഷമോ അതിലധികമോ തടവിന് ശിക്ഷിച്ച ഇത്തരം നിരവധി എംപിമാരുടെയും എംഎൽഎമാരുടെയും അംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്. ശിക്ഷയെത്തുടർന്ന് അംഗത്വം നഷ്ടപ്പെട്ട അത്തരത്തിലുള്ള ചില നേതാക്കൾ ആരൊക്കെയാണ്?

അസം ഖാൻ:
സമാജ്‌വാദി പാർട്ടിയുടെ ശക്തനായ നേതാവും രാംപൂരിൽ നിന്നുള്ള എംഎൽഎയുമായ അസംഖാന്റെ അംഗത്വവും സമാന രീതിയിൽ റദ്ദാക്കപ്പെട്ടിട്ടുണ്ട്. റാംപൂരിൽ നിന്ന് തുടർച്ചയായി 10 തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട അസം, പാർലമെന്റ് അംഗവുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസം ഖാൻ അപകീർത്തികരമായ പരാമർശം നടത്തിയെന്നായിരുന്നു ആരോപണം. ഈ കേസിൽ മൂന്ന് വർഷത്തോളം കോടതിയിൽ കേസ് നടക്കുകയും തുടർന്ന് മൂന്ന് വർഷം ശിക്ഷിക്കുകയും ചെയ്തു. ശിക്ഷിക്കപ്പെട്ടതിന് ശേഷം ജാമ്യം ലഭിച്ചെങ്കിലും അസമിന് നിയമസഭാംഗത്വം നഷ്ടപ്പെട്ടു. ഇതിന് ശേഷം കഴിഞ്ഞ വർഷം ഡിസംബറിൽ രാംപൂർ സദർ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥി ആകാശ് സക്‌സേന വിജയിച്ചു.

Azam Khan

അബ്ദുള്ള അസം:
അസംഖാന് പിന്നാലെ അദ്ദേഹത്തിന്റെ മകൻ അബ്ദുള്ള അസമിന്റെ നിയമസഭാ അംഗത്വവും റദ്ദാക്കിയിട്ടുണ്ട്. 15 വർഷം പഴക്കമുള്ള കേസിൽ, മൊറാദാബാദിലെ പ്രത്യേക കോടതി എസ്പി ജനറൽ സെക്രട്ടറി അസംഖാനെയും എംഎൽഎയായ മകൻ അബ്ദുള്ള അസമിനെയും രണ്ട് വർഷം തടവിന് ശിക്ഷിച്ചിരുന്നു. അബ്ദുള്ള അസം റാംപൂരിലെ സ്വാർ സീറ്റിൽ നിന്നുമാണ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ സീറ്റിൽ ഇനി ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

Abdullah Azam:

വിക്രം സൈനി:
മുസാഫർനഗറിലെ ഖത്തൗലിയിൽ നിന്നുള്ള എംഎൽഎ ആയിരുന്ന വിക്രം സൈനിയാണ് അംഗത്വം നഷ്ടപ്പെട്ട മറ്റൊരൾ. 2013 മുസാഫർനഗർ വർഗീയ കലാപത്തിൽ വിക്രം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. അന്ന് വിക്രം സൈനി ഒരു ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്നു. ഈ കേസിൽ അദ്ദേഹത്തിനും ജയിലിൽ പോകേണ്ടിവന്നു. വിക്രം സൈനി ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഖത്തൗലിയിൽ നിന്ന് അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയത് ഭാരതീയ ജനതാ പാർട്ടിയാണ്. ഇതിന് പിന്നാലെ വിക്രം സൈനി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.

Vikram Saini

2022 തെരഞ്ഞെടുപ്പിൽ ബിജെപി അദ്ദേഹത്തെ വീണ്ടും സ്ഥാനാർത്ഥിയാക്കി. ഖത്തൗലി നിയമസഭയിലെ ഒരു സീറ്റുൾപ്പെടെ മുസാഫർനഗറിലെ ആറ് സീറ്റുകളിൽ രണ്ടെണ്ണം മാത്രമാണ് ബിജെപിക്ക് നേടാനായത്. കലാപക്കേസിൽ കഴിഞ്ഞ വർഷം നവംബറിലാണ് വിക്രം സൈനിയെ കോടതി തടവിന് ശിക്ഷിച്ചത്. ഇതേത്തുടർന്നാണ് അദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കിയത്. ഖത്തൗലി സീറ്റ് ഒഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ രാജ്കുമാരി സൈനിക്ക് ബിജെപി ടിക്കറ്റ് നൽകി. എന്നാൽ, ഉപതെരഞ്ഞെടുപ്പിൽ അവർ പരാജയപ്പെട്ടു.

മുഹമ്മദ് ഫൈസൽ:
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനും കോടതി 10 വർഷം തടവ് വിധിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ അംഗത്വം ഇല്ലാതായി. ലക്ഷദ്വീപ് ലോക്‌സഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള വിജ്ഞാപനവും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിരുന്നു. എന്നാൽ പിന്നീട് കേരള ഹൈക്കോടതി ശിക്ഷ സ്റ്റേ ചെയ്തു. ഇപ്പോൾ ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.എം സയീദിനെയും മുഹമ്മദ് സാലിയയെയും മർദിച്ചെന്നാണ് ഫൈസലിനെതിരെയുള്ള ആരോപണം. ഈ കേസിൽ 32 പേരെ പ്രതികളാക്കിയതിൽ നാലുപേരെ കോടതി ശിക്ഷിച്ചു. മുഹമ്മദ് ഫൈസലും ഇവരിൽ ഉൾപ്പെട്ടിരുന്നു.

Muhammad Faizal

മംമ്താ ദേവി:
ജാർഖണ്ഡിലെ രാംഗഢ് നിയമസഭാ സീറ്റിൽ നിന്നുള്ള എം.എൽ.എ മംമ്താ ദേവി അയോഗ്യയായതിനാൽ ഈ സീറ്റ് ഒഴിഞ്ഞുകിടന്നു. ഹസാരിബാഗ് ജില്ലയിലെ പ്രത്യേക കോടതിയാണ് മംമ്തയ്ക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചത്. 2016ലെ കലാപത്തിനും കൊലപാതകശ്രമത്തിനുമുള്ള കേസിലാണ് ശിക്ഷിക്കപ്പെട്ടത്. രാംഗഡ് ജില്ലയിലെ ഗോലയിൽ നടന്ന അക്രമാസക്തമായ പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു കേസ്.

Mamta Devi

ഖബ്ബു തിവാരി:
ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് അയോധ്യയിലെ ഗോസായ്ഗഞ്ച് സീറ്റിൽ നിന്നുള്ള എംഎൽഎ ആയിരുന്ന ഖബ്ബു തിവാരി എന്ന ഇന്ദ്ര പ്രതാപ് സിംഗിന്റെ അംഗത്വം 2021-ൽ നഷ്ടമായി. വ്യാജ മാർക്ക് ഷീറ്റ് കേസിൽ ഖബ്ബു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2021 ഒക്ടോബർ 18 ന് കോടതി അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു.

Qabu Tiwari

കുൽദീപ് സിംഗ് സെൻഗാർ:
ഉന്നാവോ ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിന്റെ അംഗത്വവും നഷ്‌ടപ്പെട്ടു. ബലാത്സംഗ കേസിൽ കുൽദീപ് സെൻഗാറിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

Kuldeep Singh Sengar

അശോക് ചന്ദേൽ:
ഹമീർപൂർ ജില്ലയിലെ മുൻ ഭാരതീയ ജനതാ പാർട്ടി എം.എൽ.എ അശോക് കുമാർ സിംഗ് ചന്ദേലിനും ഒരു കൊലപാതക കേസിൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇതേത്തുടർന്ന് ചന്ദേലിന്റെ നിയമസഭാ അംഗത്വം ഇല്ലാതായി.

Ashok Chandel

അനന്ത് കുമാർ സിങ്:
ബിഹാറിലെ മൊകാമ എംഎൽഎ അനന്ത് കുമാർ സിങ്ങിന്റെ അംഗത്വവും ഇത്തരത്തിൽ റദ്ദാക്കിയിരുന്നു. സിംഗിന്റെ വസതിയിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. ഈ കേസിൽ പട്‌ന കോടതിയാണ് ഇയാളെ ശിക്ഷിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ അംഗത്വം ഇല്ലാതായി.

Ananth Kumar Singh

അനിൽ കുമാർ സാഹ്‌നി:
വഞ്ചന കേസിൽ ആർജെഡി എംഎൽഎ അനിൽ കുമാർ സാഹ്നിയെ ഡൽഹി സിബിഐ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. ഇതേത്തുടർന്നാണ് ബിഹാർ നിയമസഭയിൽ നിന്ന് അദ്ദേഹത്തെ അയോഗ്യനാക്കിയത്. കുർഹാനി അസംബ്ലി സീറ്റിനെ പ്രതിനിധീകരിക്കുന്ന സാഹ്നിയെ ഓഗസ്റ്റ് 29-ന് കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് ദിവസത്തിന് ശേഷം മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. കൂടാതെ യാത്ര ചെയ്യാതെ വ്യാജ എയർ ഇന്ത്യ ഇ-ടിക്കറ്റുകൾ ഉപയോഗിച്ച് യാത്രാ അലവൻസ് നേടാൻ ശ്രമിച്ചതിന് 2012 ൽ റോസ് അവന്യൂ കോടതി അദ്ദേഹത്തെ ശിക്ഷിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിന് ഒപ്പമുണ്ടായിരുന്ന സാഹ്നി രാജ്യസഭാംഗമായിരുന്നു. 23.71 ലക്ഷം രൂപയുടെ ക്ലെയിമുകളാണ് ഇയാൾ സമർപ്പിച്ചിരുന്നത്.

Anil Kumar Sahni

Story Highlights: Not just Rahul Gandhi, Politicians who have lost their Lok Sabha membership

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here