Advertisement

അത്യാധുനിക സൗകര്യങ്ങളോടെ ആശുപത്രി പണിതു, പക്ഷേ എത്തിപ്പെടാന്‍ വഴിയില്ല; ഒടുവില്‍ കാടുമൂടി കെട്ടിടം

March 25, 2023
Google News 2 minutes Read
Govt Ayurvedic Hospital built without road at Kadakkavoor

തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂര്‍ പഞ്ചായത്തില്‍ എല്ലാവിധ സൗകര്യങ്ങളുമായി ഒരു ആയുര്‍വേദ ആശുപത്രി കെട്ടിടം നിര്‍മ്മിച്ചു. പക്ഷേ നിര്‍മ്മിച്ച ശേഷമാണ് കെട്ടിടത്തിലേക്ക് പോകാന്‍ വഴിയില്ലെന്ന കാര്യം അധികൃതര്‍ തിരിച്ചറിഞ്ഞത്. ഉദ്ഘാടനം കഴിഞ്ഞ് നാളുകള്‍ പിന്നിട്ടിട്ടും കാടുമുടി ഉപയോഗശൂന്യമായി കിടക്കുകയാണ് കടയ്ക്കാവൂരിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി.(Govt Ayurvedic Hospital built without road at Kadakkavoor)

കടയ്ക്കാവൂര്‍ പഞ്ചായത്തില്‍ വര്‍ഷങ്ങളായി നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആയുര്‍വേദ ആശുപത്രിക്കാണ് ഈ ദുരവസ്ഥ. പഞ്ചായത്തിന്റെ സ്വന്തം കെട്ടിടം നില്‍ക്കെയാണ് കോടികള്‍ മുടക്കി മറ്റൊരു കെട്ടിടം നിര്‍മ്മിച്ചത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഉദ്ഘാടനവും കഴിഞ്ഞു. പക്ഷേ ആശുപത്രി പ്രവര്‍ത്തനം ഇതുവരെ ആരംഭിച്ചിട്ടില്ല.

ആശുപത്രിയിലേക്ക് എത്താന്‍ വഴിയില്ലെന്നതാണ് പ്രശ്‌നം. കാടുമൂടിയ വഴിയിലൂടെ നടന്നുവേണം കെട്ടിടത്തിലേക്ക് എത്താന്‍. സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് ഇതിന്റെ പ്രധാന കവാടം തുറക്കുന്നത്. കെട്ടിടത്തിന്റെ പുറകുവശം വഴി പുതിയൊരു വഴിയൊരുക്കുന്നു എന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. കഷ്ടിച്ച് ഒരാള്‍ക്ക് നടക്കാന്‍ പാകത്തിന് കല്ലുകെട്ടി കോണ്‍ക്രീറ്റ് ചെയ്തതാണ് ആ വഴി.

Read Also: വയനാട്ടിൽ പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി

20 കിടക്കകളും വീല്‍ ചെയറുകളും അത്യാധുനിക സംവിധാനങ്ങള്‍ എല്ലാം ആശുപത്രിക്കായി വാങ്ങി. നാടിനെ തന്നെ മാതൃകയാകുന്ന രീതിയില്‍ കിടത്തിചികിത്സയുള്ള ആയുര്‍വേദ ആശുപത്രി എന്ന ലക്ഷ്യമായിരുന്നു. പണിയും കഴിഞ്ഞ് ഉദ്ഘാടനവും ചെയ്ത ശേഷമാണ് വഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടത്. ഒപ്പം വെള്ളവും വൈദ്യുതിയും എത്തിയിട്ടില്ല.

കെട്ടിടം നിര്‍മ്മിച്ചതോടുകൂടി തലവര തെളിഞ്ഞത് പ്രദേശത്തെ സാമൂഹ്യവിരുദ്ധന്മാര്‍ക്കാണ്. മദ്യപാനികള്‍ക്ക് എല്ലാ സൗകര്യത്തോടെയും മദ്യപിക്കാനാണ് ഇപ്പോള്‍ ഇവിടെ അവസരം.നാട്ടുകാര്‍ ഉള്‍പ്പെടെ പലതവണ പരാതി പറഞ്ഞെങ്കിലും കാര്യമായി ഇടപെടല്‍ ഒന്നും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. നിലവിലുണ്ടായിരുന്ന ആയുര്‍വേദ ആശുപത്രി കെട്ടിടം നവീകരിച്ചാല്‍ പോരായിരുന്നോ എന്ന ചോദ്യവും ബാക്കിയാണ്.

Story Highlights: Govt Ayurvedic Hospital built without road at Kadakkavoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here