ലക്ഷക്കണക്കിന് വിശ്വാസികളുടെ പങ്കാളിത്തം; ലോകത്തെ ഏറ്റവും വലിയ സമൂഹ ഇഫ്താറിന് മക്കയിലെ ഹറം പള്ളിയില്‍ തുടക്കമായി
ലോകത്തിലെ ഏറ്റവും വലിയ സമൂഹ ഇഫ്താറിന് മക്കയിലെ ഹറം പള്ളിയില്‍ തുടക്കമായി. ഇന്നലെ വൈകുന്നേരം നടന്ന ആദ്യത്തെ ഇഫ്താറില്‍ ലക്ഷക്കണക്കിനു വിശ്വാസികളാണ് പങ്കെടുത്തത്. റമദാന്റെ ആദ്യദിനം 10 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചു.(World’s largest community Iftar at Haram mosque Mecca)
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികള്‍ ഒരുമിച്ചിരുന്ന് ലളിതമായ ആഹാരം കഴിച്ച് നോമ്പ് തുറക്കുന്ന അപൂര്‍വ കാഴ്ചയ്ക്കാണ് ഹറം പള്ളി സാക്ഷ്യം വഹിച്ചത്. ഉംറ നിര്‍വഹിക്കാനും, പ്രാര്‍ഥിക്കാനുമായി എത്തിയവരായിരുന്നു ഈ വര്‍ഷത്തെ പ്രഥമ ഇഫ്താറിന് ഹറം പള്ളിയില്‍ സംഗമിച്ചവരില്‍ കൂടുതലും. റമദാന്‍ മാസം അവസാനിക്കുന്നത് വരെ ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം നല്‍കുന്ന ഈ ഇഫ്താര്‍ സംഗമം തുടരും. ഇവിടെ ഇഫ്താറിന് വിരിക്കുന്ന മേശവിരിയുടെ മാത്രം നീളം 12 കിലോമീറ്ററില്‍ കൂടുതല്‍ വരും. മഗ്രിബ് വാങ്കിനും നിസ്‌കാരത്തിനും ഇടയില്‍ 10 മിനുറ്റ് കൊണ്ട് എല്ലാവരും നോമ്പ് തുറന്നു പൂര്‍ത്തിയാകും.
കാരക്കയും സംസം വെള്ളവുമാണ് നോമ്പ് തുറക്കുള്ള പ്രധാന വിഭവങ്ങള്‍. അറബ് ഗഹ്വ, റൊട്ടി തുടങ്ങിയവ കഴിക്കുന്നവരും ഉണ്ട്. ഏതാണ്ട് 50 ലക്ഷത്തോളം കാരക്കയും 20 ലക്ഷത്തോളം ഗ്ലാസ് സംസം വെള്ളവും ഇഫ്താര്‍ സമയത്ത് വിശ്വാസികള്‍ ഉപയോഗിക്കുന്നതായാണ് കണക്ക്. സര്‍ക്കാര്‍ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളുമെല്ലാമാണ് വിശ്വാസികള്‍ക്ക് നോമ്പ് തുറ വിഭവങ്ങള്‍ എത്തിക്കുന്നത്.
Read Also: ദുബായിലെ പാർക്കുകൾ റമദാനിൽ കൂടുതൽ സമയം തുറക്കും
നോമ്പ് തുറ സംഘടിപ്പിക്കുന്നവര്‍ നേരത്തെ ബന്ധപ്പെട്ട വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന നിബന്ധനയുണ്ട്. 10 ലക്ഷത്തിലധികം വിശ്വാസികള്‍ വരെ ഒരുമിച്ച് നോമ്പ് തുറക്കുന്ന ഈ ഇഫ്താര്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇഫ്താറായാണ് കണക്കാക്കപ്പെടുന്നത്. ഇന്നലെ മാത്രം 10,37,000 ത്തോളം തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചതായി ഹറം കാര്യവിഭാഗം വെളിപ്പെടുത്തി.
Story Highlights: World’s largest community Iftar at Haram mosque Mecca
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here