Advertisement

അഭിനയത്തിൽ മാത്രമല്ല, സംഘടനാ പാടവത്തിലും ഏറെ മുന്നിൽ; അമ്മയുടെ പ്രസിഡന്റായത് 18 വർഷം തുടർച്ചയായി

March 26, 2023
Google News 2 minutes Read
Innocent as AMMA chief 18 years

അഭിനയം മാത്രമല്ല, സംഘടനാ പാടവവുമുണ്ടെന്ന് തെളിയിച്ച ഇന്നസെന്റ്, 2014ൽ ചാലക്കുടിയെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തി. 18 വർഷം തുടർച്ചയായി അമ്മയുടെ ( Association of malayalam movie artists ) പ്രസിഡന്റായിരുന്നു. ആർഎസ്പി നേതാവായാണ് ഇന്നസെന്റിന്റെ രാഷട്രീയ പ്രവേശം. ( Innocent as AMMA chief 18 years ).

പിതാവ് കമ്യൂണിസ്റ്റുകാരൻ ആയതിനാൽ തനിക്കും അങ്ങനെ ആകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ നേരിട്ട് പാർട്ടി ഭാരവാഹിയാകണമെന്ന ആഗ്രഹം നടക്കാതെ വന്നപ്പോൾ ആർഎസ്പിയിൽ ചേർന്ന കഥ ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. 1970 ൽ ആർഎസ്പി തൃശൂർ ജില്ലാ പ്രസിഡന്റായി. ഒരു സ്ഥാനം തന്നാൽ നിൽക്കാമെന്ന് പറഞ്ഞപ്പോൾ പാർട്ടി വഴങ്ങുകയായിരുന്നു. 1979ൽ ഇരിങ്ങലക്കുട മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ പിന്നീട് ആർഎസ്പിയിൽ നിന്ന് ഇന്നസെന്റിനെ പുറത്താക്കുകയായിരുന്നു. 2006 ൽ നിയമസഭയിലക്ക് പരിഗണിച്ചെങ്കിലും മത്സരിച്ചില്ല.

Read Also: ഇന്നസെന്റിന്റെ വിയോഗം കലാസാംസ്കാരിക രാഷ്ട്രീയ രംഗത്തെ കനത്ത നഷ്ടം; മുഖ്യമന്ത്രി

2014 ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ എൽഡിഎഫ് സ്വതന്ത്രനായി ചാലക്കുടിൽ നിന്ന് മത്സരിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി പി സി ചാക്കോയെ പരാജയപ്പെടുത്തി കന്നിയങ്കത്തിൽ ജയിച്ച് പാർലമെന്റിലെത്തി. ചാലക്കുടിക്കാരുടെ പ്രിയപ്പെട്ട എംപിയായി. ഇടയ്ക്ക് വീണ്ടും കാൻസർ പിടിമുറുക്കി. എംപി ആയപ്പോൾ പാർട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല ശ്രമിച്ചതെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. അഞ്ചിടത്ത് കാൻസർ പരിശോധനാ സംവിധാനങ്ങൾ സ്ഥാപിച്ചത് ഇന്നസെന്റ് പലവേദികളിലും എടുത്തു പറഞ്ഞിട്ടുണ്ട്.

ഒരിക്കൽ എംപി ആയാൽ വീണ്ടും എംപി ആകാൻ തോന്നുമെന്നും അങ്ങനെ തോന്നിയാൽ ആരേയും കുറ്റംപറയാൻ കഴിയില്ലെന്നും ഒരിക്കൽ ഇന്നസെന്റ് പറഞ്ഞു. എന്നാൽ 2019 ൽ ചാലക്കുടിയിൽ നിന്ന് രണ്ടാമങ്കത്തിനിറങ്ങിയെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. ബെന്നി ബെഹനാനോടായിരുന്നു ഇന്നസെന്റിന്റെ തോൽവി. തുടർച്ചയായി 18 വർഷം സിനിമാ സംഘടന അമ്മയുടെ പ്രസിഡന്റായിരുന്നു ഇന്നസെന്റ്. ഇത്രയധികം വർഷം സ്ഥാനത്ത് തുടർന്നത് ഇഷ്ടപ്പെടാതിരുന്ന ഒരു കോൺഗ്രസ് എംപിയെക്കുറിച്ച് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്കായി വഴിമാറിക്കൊടുക്കണം എന്നായിരുന്നു ആവശ്യം. ഒരു കമ്യൂണിസ്റ്റ്, അമ്മയുടെ പ്രസിഡന്റായി തുടരുന്നത് കോൺഗ്രസുകാരന് ഇഷ്ടപ്പെട്ടില്ലെന്നാണ് അതിന് ഇന്നസെന്റ് പറഞ്ഞത്.

2017 ൽ നടി ആക്രമിക്കപ്പെട്ടപ്പോൾ പ്രതി ചേർക്കപ്പെട്ട ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കാൻ വൈകിയതും പിന്നീട് ഇന്നസെന്റ് നടത്തിയ ചില പരാമർശങ്ങളും വിവാദമായി. ഒടുവിൽ 2018 ൽ ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു.

Story Highlights: Innocent as AMMA chief 18 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here