Advertisement

ബിൽക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനെതിരായ ഹർജി ഇന്ന് പരിഗണിക്കും

March 27, 2023
Google News 1 minute Read

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ-കൂട്ടക്കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ചതിനെതിരായ ഹർജി സുപ്രിംകോടതിയുടെ പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ കെ.എം. ജോസഫും ബി.വി. നാഗരത്നയും അടങ്ങുന്ന ബെഞ്ച് ആണ് കേസിൽ വാദം കേൾക്കുക. ബിൽക്കിസിനൊപ്പം രാഷ്ട്രീയ, പൗരാവകാശ പ്രവർത്തകർ സമർപ്പിച്ച ഹർജികളും ബെഞ്ച് പരിഗണിക്കും.

2002-ലെ ഗുജറാത്ത് കലാപകാലത്ത് രക്ഷപ്പെടുന്നതിനിടെ ഗർഭിണിയായ ബിൽക്കിസ്‍ ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നു വയസ്സുള്ള മകളുൾപ്പെടെ കുടുംബത്തിലെ ഏഴുപേരെ കൂട്ടക്കൊല ചെയ്തെന്നുമാണ് കേസ്. ശിക്ഷിക്കപ്പെട്ട പ്രതികൾ മോചനം തേടി സുപ്രിം കോടതിയെ സമീപിച്ചത് കഴിഞ്ഞ വർഷമാണ്. ഗുജറാത്ത് സർക്കാരിനോട് വിഷയം പരിശോധിച്ച് തീരുമാനമെടുക്കാൻ സുപ്രിം കോടതി ഉത്തരവിട്ടത് കഴിഞ്ഞ മേയ് 13-നായിരുന്നു. ഈ ഉത്തരവാണ് ചില ഹർജികളിൽ ചോദ്യം ചെയ്യുന്നത്. ബിൽക്കിസും ഈ ആവശ്യമുന്നയിച്ച് ഹർജി നൽകിയിരുന്നു. എന്നാൽ, ഹർജി സുപ്രിം കോടതി തള്ളി. പിന്നീടാണ് അവർ ഗുജറാത്ത് സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് ഹർജി സമർപ്പിച്ചത്. സുപ്രിം കോടതി വിഷയം പരിശോധിക്കാൻ ആവശ്യപ്പെട്ട് രണ്ടുമാസം കഴിഞ്ഞപ്പോൾ എല്ലാ പ്രതികളെയും വിട്ടയക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 15ന് 11 പ്രതികൾ മോചിതരായി.

ജയിലിലെ നല്ല നടപ്പ് പരിഗണിച്ചാണ് പ്രതികളെ ജയിൽ മോചിതരാക്കിയത് എന്നാണ് കേന്ദ്ര, സംസ്ഥാന സർക്കാർ നൽകുന്ന വിശദീകരണം. ശിക്ഷാ കാലയളവിൽ ഏകദേശം മൂന്ന് വർഷത്തോളമാണ് പ്രതികൾക്ക് ആകെ പരോൾ ലഭിച്ചത്. പ്രതികൾ 14 വർഷം തടവ് അനുഭവിച്ചതായി സുപ്രിംകോടതിയിൽ ഗുജറാത്ത് സർക്കാർ വാദിച്ചിരുന്നു. ജയിലിൽ പ്രതികളുടെ സ്വഭാവം നല്ലതായിരുന്നുവെന്ന് സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു.

Story Highlights: bilkis bano case supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here