ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ടഗോൾ; ലക്സംബർഗിനെ മുക്കി പോർച്ചുഗൽ
യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിന് തകർപ്പൻ ജയം. ഗ്രൂപ്പ് ജെയിൽ ലക്സംബർഗിനെ നേരിട്ട പോർച്ചുഗൽ മടക്കമില്ലാത്ത 6 ഗോളുകൾക്കാണ് വിജയിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോളുകളുമായി തിളങ്ങിയപ്പോൾ ജാവോ ഫെലിക്സ്, ബെർണാഡോ സിൽവ, ഒറ്റാവിയോ, റാഫേൽ ലിയോ എന്നിവരും സ്കോർ ഷീറ്റിൽ ഇടം നേടി.
കളിയുടെ 9ആം മിനിട്ടിൽ തന്നെ പോർച്ചുഗൽ ഗോൾ വേട്ട ആരംഭിച്ചു. ബ്രൂണോ ഫെർണാണ്ടസിൻ്റെ ക്രോസിൽ നിന്ന് ക്രിസ്റ്റ്യാനോയാണ് ഗോളടിച്ചത്. 15ആം മിനിട്ടിൽ ജാവോ ഫെലിക്സിലൂടെ പോർച്ചുഗൽ ലീഡ് ഇരട്ടിയാക്കി. ബെർണാഡോ സിൽവയുടെ ക്രോസിൽ തലവച്ചായിരുന്നു ഫെലിക്സിൻ്റെ ഗോൾ. 18ആം മിനിട്ടിൽ പലീഞ്ഞയുടെ അസിസ്റ്റിൽ നിന്ന് ബെർണാഡോ സിൽവയുടെ ഗോൾ. 31ആം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസ് വീണ്ടും ഗോളിലേക്ക് വഴിയൊരുക്കിയപ്പോൾ ക്രിസ്റ്റ്യാനോ തൻ്റെ രണ്ടാം ഗോൾ നേടി. പിന്നീട് 76ആം മിനിട്ട് വരെ ഗോളുകളൊന്നും പിറന്നില്ല. 77 ആം മിനിട്ടിൽ, പകരക്കാരനായെത്തിയ ഒറ്റാവിയോ വല ചലിപ്പിച്ചു. 88ആം മിനിട്ടിൽ റൂബൻ നെവെസിൻ്റെ അസിസ്റ്റിൽ നിന്ന് ഗോൾ നേടി റാഫേൽ ലിയോ പോർച്ചുഗലിൻ്റെ ജയം പൂർണമാക്കി.
ഗ്രൂപ്പ് സിയിൽ ഇംഗ്ലണ്ട് യുക്രൈനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോല്പിച്ചു. 37ആം മിനിട്ടിൽ ഹാരി കെയ്‌നും 40ആം മിനിട്ടിൽ ബുകായോ സാക്കയും ഇംഗ്ലണ്ടിനായി ഗോൾ നേടി.
Story Highlights: cristiano ronaldo goal portugal luxembourg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here