നെതന്യാഹുവിനെതിരെ പണിമുടക്കി ഇസ്രായേലി നയതന്ത്രജ്ഞരും; ലോകമെമ്പാടുമുള്ള ഇസ്രായേല്‍ എംബസികള്‍ ഒന്നൊന്നായി അടയുന്നു

നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഇസ്രായേലില്‍ ജനകീയ സമരങ്ങള്‍ ശക്തമാകുന്നതിനിടെ സുപ്രധാന പ്രഖ്യാപനവുമായി ഇസ്രായേലിലെ ഏറ്റവും വലിയ ട്രെയ്ഡ് യൂണിയിന്‍ ഹിസ്ടാഡ്രുട് നാഷണല്‍ ലേബര്‍ യൂണിയന്‍. ലോകമെമ്പാടും ഇസ്രായേലി ദൗത്യങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന നയതന്ത്രജ്ഞരുള്‍പ്പെടെ പ്രധാനമന്ത്രിക്കെതിരായി പണിമുടക്കിലാണെന്ന് യൂണിയന്‍ അറിയിച്ചു. (Israeli Embassies Around the World Go on Strike Against Netanyahu’s Judicial Overhaul)
ഒരു അറിയിപ്പുണ്ടാകുന്നത് വരെ അമേരിക്കയിലെ ഇസ്രായേല്‍ എംബസി തുറന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന് ഇസ്രായേല്‍ എംബസി വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഇസ്രായേല്‍ എംബസി പ്രവര്‍ത്തനം നിലച്ചു കഴിഞ്ഞു. അംബാസിഡര്‍ അടക്കം മുഴുവന്‍ ഉദ്യോഗസ്ഥരും പണി മുടക്കിലാണ്.
അടിയന്തര സേവനങ്ങള്‍ മാത്രമാണ് ഇസ്രായേല്‍ ദൗത്യങ്ങളില്‍ നിന്ന് നല്‍കി വരുന്നതെന്ന് ട്രേഡ് യൂണിയന്‍ വക്താവ് യാനിവ് ലെവി പറഞ്ഞു. അംബാസിഡര്‍മാരും കോണ്‍സുല്‍ ജനറല്‍മാരും പണി മുടക്കിലാണ്.
രാജ്യത്ത് ജഡ്ജിമാരെ നിയമിക്കുന്ന സമിതിയുടെ മേല്‍ സര്‍ക്കാരിന് നിര്‍ണായക അധികാരം നല്‍കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെയാണ് ഇസ്രായേലില്‍ പ്രതിഷേധം ശക്തമാകുന്നത്. അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ താത്പര്യങ്ങള്‍ക്കായാണ് ഈ നീക്കമെന്നാണ് എതിര്‍കക്ഷികളുടെ ആരോപണം. അധികാരത്തിന് യോഗ്യനല്ലെന്ന് കരുതുന്ന നേതാവിനെ നീക്കം ചെയ്യുന്ന കോടതി വിധികളില്‍ പോലും രാഷ്ട്രീയം കലരുമെന്നാണ് ഇക്കൂട്ടരുടെ വാദം.
എന്നാല്‍ കോടതികള്‍ അവരുടെ അധികാരങ്ങള്‍ മറികടക്കുന്നത് തടയുന്നതിനാണ് പുതിയ പരിഷ്‌കാരങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് നെതന്യാഹുവിന്റെ നിലപാട്. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചവര്‍ നെതന്യാഹുവിന്റെ വസതിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു. ഇസ്രായേലി പതാകകളുമായി വസതിയിലെത്തിയ പ്രതിഷേധക്കാര്‍ ചെടിച്ചട്ടികളടക്കം തല്ലിപ്പൊട്ടിച്ചു.
തലസ്ഥാനമായ ടെല്‍ അല്‍വീവില്‍ ഇസ്രായേല്‍ പതാകയേന്തിയ പ്രതിഷേധക്കാര്‍ രണ്ട് മണിക്കൂറുകളോളം പ്രധാന ഹൈവേയില്‍ ഗതാഗതം തടസ്സപ്പെടുത്തി. ജറുസലേമിലെ പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് മൂന്ന് പേരെ അറസ്റ്റുചെയ്തു. അതിനിടെ നെതന്യാഹു നിര്‍ബന്ധിത രാജി വയ്ക്കണമെന്ന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി.
Story Highlights: Israeli Embassies Around the World Go on Strike Against Netanyahu’s Judicial Overhaul
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here