Advertisement

അന്ന് ആദ്യമായി ഓര്‍മയുടെ ഏതോ കവലയില്‍ വച്ച് ഇന്നസെന്റേട്ടന് വഴി തെറ്റി, ആ കഥ എത്ര ഓര്‍മിച്ചിട്ടും കിട്ടിയില്ല…; വൈകാരികമായ കുറിപ്പുമായി മഞ്ജു വാര്യര്‍

March 27, 2023
Google News 2 minutes Read
Manju Warrier facebook post on Innocent

ഇന്നസെന്റിന്റെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് മലയാളികള്‍ ഇപ്പോഴും മുക്തരായിട്ടില്ല. ഇന്നസെന്റിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ കൊച്ചിയിലേക്കും ജന്മനാട്ടിലേക്കുമെല്ലാം ജനപ്രവാഹം ഒഴുകുകയായിരുന്നു. ഇന്നസെന്റുമായുള്ള തന്റെ വ്യക്തിബന്ധത്തിന്റെ ആഴത്തെക്കുറിച്ച് സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ശ്രദ്ധ നേടുന്നത്. കഥ പറയുന്നതിനിടെ ഓര്‍മയുടെ കവലയില്‍ വഴിതെറ്റിനിന്ന ഇന്നസെന്റിനെ കുറിച്ച് മഞ്ജു ഹൃദയം തൊട്ടെഴുതിയ വാക്കുകള്‍ നോവായി മാറുകയാണ്. ( Manju Warrier facebook post on Innocent)

ഏതു കടലിനക്കരെയായിരുന്നാലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തുന്ന ചിരിപ്പക്ഷിയായിരുന്നു ഇന്നസെന്റേട്ടനെന്ന് മഞ്ജു ഓര്‍ത്തെടുക്കുന്നു. ജീവിതം എത്ര സങ്കീര്‍ണമായ കടങ്കഥയാണെന്ന് തന്നെ ഓര്‍മിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്ത പ്രിയ വ്യക്തിയാണ് ഇന്നസെന്റെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: ആദ്യം കിട്ടിയ ചെറുവേഷങ്ങൾ കുടുംബത്തിന് നാണക്കേടായി; ആദ്യ പ്രതിഫലം 15 രൂപയും; ഇന്നസെന്റ് എന്ന താരം വളർന്നത് കഷ്ടതകളിലൂടെ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ഏതു കടലിനക്കരെയായിരുന്നാലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തുന്ന ചിരിപ്പക്ഷിയായിരുന്നു ഇന്നസെന്റേട്ടന്‍. മണിക്കൂറുകള്‍ നീളും വര്‍ത്തമാനം. ചിലപ്പോഴൊക്കെ ചിരി കൊണ്ട് വയറു നിറച്ചു തന്നു. മറ്റു ചില വേളകളില്‍ മണിച്ചിത്രത്താഴിട്ട് പൂട്ടിയ മനസ്സിന്റെ ചിലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി രഹസ്യകഥകളുടെ ഏടുകളെടുത്ത് നിവര്‍ത്തി. ചില നേരങ്ങളില്‍ ജീവിതം എത്രമേല്‍ സങ്കീര്‍ണമായ പദപ്രശ്നമാണെന്ന് ഓര്‍മിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു.

ഒടുവില്‍, ദുബായിലായിരുന്ന സമയത്താണ് ഇന്നസെന്റേട്ടന്റെ ഫോണ്‍ വന്നത്. അസുഖവിവരത്തിന്റെ ആമുഖം പറഞ്ഞപ്പോള്‍പ്പോലും ഏതോ തമാശക്കഥയുടെ തുടക്കമാണെന്നേ കരുതിയുള്ളൂ. തിരിച്ചെത്തിയിട്ട് നേരിട്ട് കാണണം എന്ന് പറഞ്ഞു. ഇരിങ്ങാലക്കുടയിലെ വീട്ടില്‍പ്പോയി കണ്ടപ്പോള്‍ ഇന്നസെന്റേട്ടന്‍ പതിവുപോലെ ഏതൊക്കയോ അനുഭവലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. പക്ഷേ ഓര്‍മയുടെ ഏതോ കവലയില്‍ നില്‍ക്കെ അദ്ദേഹത്തിന് വഴിതെറ്റി. പറയാന്‍ തുടങ്ങിയ കഥ എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയൊരു ഇന്നസെന്റേട്ടനെ ആദ്യമായി കാണുകയായിരുന്നു. അടുത്ത തവണ കാണുമ്പോള്‍ ഓര്‍മ്മിച്ചു പറയാം എന്ന വാക്കു തന്നാണ് ഇന്നസെന്റേട്ടന്‍ യാത്ര അയച്ചത്. എന്തായിരുന്നു ആ കഥ? എന്നെങ്കിലും കാണുമ്പോള്‍ ഇന്നസെന്റേട്ടന്‍ അത് ഓര്‍ത്ത് പറഞ്ഞുതരാതിരിക്കില്ല…

Story Highlights: Manju Warrier facebook post on Innocent

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement