Advertisement

നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല; വൈകാരിക പോസ്റ്റുമായി മോഹൻലാൽ

March 27, 2023
Google News 2 minutes Read
mohanlal facebook post innocent

മലയാളികളുടെ പ്രിയപ്പെട്ട നടൻ ഇന്നസെൻ്റിനെ ഓർമിച്ച് മോഹൻലാൽ. നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല എന്ന് മോഹൻലാൽ പറഞ്ഞു. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും എന്നും വളരെ വൈകാരികതയോടെ മോഹൻലാൽ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. (mohanlal facebook post innocent)

മോഹൻലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് … ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും…

Read Also: ‘ക്യാന്‍സര്‍ ചികിത്സയ്ക്ക് ആധുനിക സൗകര്യങ്ങള്‍ വേണം…’; അന്ന് ഇന്നസെന്റ് ലോക്‌സഭയില്‍ പറഞ്ഞത്

ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. കാൻസറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്. കാൻസർ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടൻ ഇന്നസെന്റ് അറിയപ്പെടുന്നത്. കാൻസർ വാർഡിലെ ചിരി എന്നത് ഉൾപ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ഇന്നസെന്റിന് ലഭിച്ചു. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്‌സ് അവാർഡും മറ്റ് നിരവധി അംഗീകാരങ്ങളും ഇന്നസെന്റിനെ തേടിയെത്തി. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് പതിനഞ്ച് വർഷം തുടർന്നു. 2014ൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.

Story Highlights: mohanlal facebook post innocent

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here