രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് വൈകിട്ട് കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം; മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിഷയത്തിൽ കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം ഇന്ന്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മറ്റ് എംപിമാരും പ്രകടനത്തിൽ പങ്കെടുക്കും. വൈകിട്ട് ചെങ്കോട്ടയിൽ നിന്നാണ് മാർച്ച് ആരംഭിക്കുന്നത്. രാഹുല്‍ ഗാന്ധി അയോഗ്യതാ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധമുണ്ടായി. പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിഷേധിച്ചത്. ( Solidarity with Rahul Gandhi Congress protest this evening ).
അയോഗ്യതാ വിജ്ഞാപനം സ്പീക്കറുടെ ചെയറിലേക്ക് പ്രതിപക്ഷം കീറിയെറിഞ്ഞു. രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ‘മോദി അദാനി ഭായി’ മുദ്രാവാക്യം വിളിച്ചു. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും രണ്ട് മണി വരെ നിര്‍ത്തിവച്ചു. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിന്ന് വിജയ് ചൗക്കിലേക്ക് എംപിമാര്‍ മാര്‍ച്ച് നടത്തി.
Read Also: ‘നിയമവാഴ്ചയാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്’; രാഹുൽ ഗാന്ധി വിഷയം നിരീക്ഷിച്ചു വരികയാണെന്ന് യുഎസ്
രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ടുപോകാന്‍ ഇന്ന് രാവിലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അടിന്തര പ്രമേയത്തിനുള്ള അനുമതി നല്‍കിയോ ഇല്ലയോ എന്ന് വ്യക്തമാക്കുന്നതിന് മുന്‍പ് തന്നെ പ്രതിഷേധം തുടങ്ങിയിരുന്നു.
ഇതിനിടെ തന്റെ ഔദ്യോഗിക വസതി ഒഴിയാമെന്നറിയിച്ച് രാഹുല്‍ ഗാന്ധി ഡെപ്യൂട്ടി സെക്രട്ടറി ഡോ. മോഹിത് രാജന് കത്തയച്ചു. മുന്‍വിധികളില്ലാതെ നിര്‍ദേശം പാലിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അയോഗ്യതാ നടപടിക്ക് പിന്നാലെ 30 ദിവസത്തിനകം ഔദ്യോഗിക വസതി രാഹുല്‍ ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ ഹൗസിങ് കമ്മിറ്റിയാണ് നോട്ടിസ് നല്‍കിയത്. 2004ല്‍ ലോക്സഭാംഗമായതു മുതല്‍ ഉപയോഗിയ്ക്കുന്ന തുഗ്ലക്ക് ലെയിന്‍ 12-ലെ ബംഗ്ലാവ് ഒഴിയാനായിരുന്നു നിര്‍ദ്ദേശം.
Story Highlights: Solidarity with Rahul Gandhi Congress protest this evening