Advertisement

ഇസ്ലാമിനെ വിമർശിക്കുന്നവരെ ‘ഇസ്ലാമോഫോബിയ’യുടെ ചാപ്പ അടിച്ച്‌ ‘മൃദു സംഘി’ ആക്കുന്നു; ഫെയ്സ്ബുക്ക് പോസ്റ്റുമായി എമ്മാർ കിനാലൂർ

March 29, 2023
Google News 3 minutes Read
Emmar Kinalur facebook post about Islamophobia

വിമർശങ്ങളെയെല്ലാം ശത്രുതാപരമായി കാണുന്ന സമീപനം പുലർത്തുന്ന ഒരു വിഭാഗം മുസ്ലിങ്ങൾക്കിടയിലുണ്ടെന്ന് അവകാശപ്പെട്ട് എമ്മാർ കിനാലൂരിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ഇസ്ലാമിനെയോ മുസ്ലിങ്ങളെയോ വിമർശിക്കുന്നവരെ ഒറ്റയടിക്ക്‌ ‘ഇസ്ലാമോഫോബിയ’യുടെ ചാപ്പ അടിച്ച്‌ ആക്രമിക്കുകയാണ് ഇവരുടെ രീതി. എന്നാൽ ഇസ്ലാമിനെയും മുസ്ലിങ്ങളെയും അടിക്കാൻ അവസരം പാർത്ത്‌ കഴിയുന്ന സംഘികളും കൃസംഘികളും നവനാസ്തികരുമൊക്കെ നമ്മുടെ സമൂഹത്തിൽ ഉണ്ട്‌ എന്നതും വസ്തുതയാണ്. ( Emmar Kinalur facebook post about Islamophobia ).

ഈ വസ്തുതകൾ പൂർണ്ണമായി അംഗീകരിച്ച്‌ കൊണ്ട്‌ തന്നെയാണ് വിമർശങ്ങളെ ശത്രുതാപരമായി കാണുന്ന സമീപനം പുലർത്തുന്നവരും ഇസ്ലാമിലുണ്ടെന്ന് പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇസ്ലാമിനോ മുസ്ലിംകൾക്കോ മാനഹാനി ഉണ്ടാക്കുന്ന ആക്ഷേപങ്ങളോ വിമർശങ്ങളോ ഏതുകോണിൽ നിന്ന് ഉയർന്നാലും അതേറ്റ്‌ പിടിച്ച്‌ അവസരം മുതലെടുക്കാൻ ഇത്തരക്കാർ രംഗത്ത്‌ വരുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

എമ്മാർ കിനാലൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

വിമർശകരെല്ലാം ശത്രുക്കളോ?

കേരളത്തിൽ മുസ്ലിം ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൊതു ചർച്ച ആയിക്കൊണ്ടിരിക്കുന്നതിനെ പോസിറ്റീവ്‌ ആയും നഗറ്റീവ്‌ ആയും കാണുന്ന ചില കുറിപ്പുകൾ വായിച്ചു.ആ കുറിപ്പുകളോടുള്ള പൊതുവായ പ്രതികരണമായി ചില കാര്യങ്ങൾ പറയുകയാണ്. ഏതെങ്കിലും പ്രത്യേക വിഷയത്തെ മുൻനിർത്തി ഈ പോസ്റ്റിനെ വായിക്കരുതെന്ന് മുൻകൂർ ജാമ്യം അപേക്ഷിക്കുന്നു.

ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ എല്ലാ മതത്തിൽ പെട്ടവരുമായ മനുഷ്യരുടെ ജീവിതവും, അതിൽ പെടുന്ന വിശ്വാസവും ആചാരങ്ങളും എല്ലാം ചർച്ച ചെയ്യപ്പെടും. എല്ലാവരും സോഷ്യൽ ഓഡിറ്റിംഗിന്ന് വിധേയമാകും. സോഷ്യൽ മീഡിയ സജീവമായ ഒരു കാലത്ത്‌ അതിൽ അൽഭുതപ്പെടാനോ ആകുലപ്പെടാനോ ഒന്നുമില്ല- ഇതാണ്, ചർച്ചകളെ സ്വാഗതം ചെയ്യുന്നവരുടെ പക്ഷം. മാത്രമല്ല, സംവാദങ്ങളും സോഷ്യൽ ഓഡിറ്റിംഗും സമുദായ നവീകരണത്തിന്ന് ആക്കം കൂട്ടും എന്നും ഇവർ കരുതുന്നു.

എന്നാൽ, മുസ്ലിംകളെ ഒറ്റ തിരിഞ്ഞ്‌ വിമർശിക്കുകയാണ് പൊതു സമൂഹത്തിൽ ഉയരുന്ന വിമർശനങ്ങളുടെ ലക്ഷ്യം, അത്‌ നിഷ്കളങ്ക വിമർശമല്ല, അതിന്ന് പിന്നിൽ ഇസ്ലാമിനെ അവഹേളിക്കുന്നവരാണ് എന്നതാണ് മറു വിഭാഗം വാദിക്കുന്നത്‌.

ഈ വാദം അപ്പാടെ തള്ളിക്കളയേണ്ടതല്ല. ഇസ്ലാമിനെയും മുസ്ലിംകളെയും അടിക്കാൻ അവസരം പാർത്ത്‌ കഴിയുന്ന സംഘികളും കൃസംഘികളും നവനാസ്തികരുമൊക്കെ നമ്മുടെ സമൂഹത്തിൽ ഉണ്ട്‌ എന്ന വസ്തുതക്ക്‌ നേരെ കണ്ണടച്ചിട്ട്‌ കാര്യമില്ല താനും. ഇസ്ലാമിനോ മുസ്ലിംകൾക്കോ മാനഹാനി ഉണ്ടാക്കുന്ന ആക്ഷേപങ്ങളോ വിമർശങ്ങളോ ഏതുകോണിൽ നിന്ന് ഉയർന്നാലും അതേറ്റ്‌ പിടിച്ച്‌ അവസരം മുതലെടുക്കാൻ അവർ രംഗത്ത്‌ വരും എന്നത്‌ സത്യമാണ്.

Read Also: മുഖ്യമന്ത്രിക്ക് ഇസ്ലാമോഫോബിയ, ആര്‍എസ്എസുമായി ചര്‍ച്ച നടന്നിട്ടില്ല; ജമാ അത്തെ ഇസ്‌ലാമി

ഈ വസ്തുതകൾ പൂർണ്ണമായി അംഗീകരിച്ച്‌ കൊണ്ട്‌ തന്നെ പറയട്ടെ,
വിമർശങ്ങളെ എല്ലാം ശത്രുതാപരമായി കാണുന്ന സമീപനം പുലർത്തുന്ന ഒരു വിഭാഗം മുസ്ലിംകൾക്കിടയിലുണ്ട്‌. ഇസ്ലാമിനെയോ മുസ്ലിംകളെയോ വിമർശിക്കുന്നവരെ ഒറ്റയടിക്ക്‌ ‘ഇസ്ലാമോഫോബിയ’യുടെ ചാപ്പ അടിച്ച്‌ ആക്രമിക്കുകയാണ് ഇവരുടെ രീതി.

മുസ്ലിം സമൂഹത്തിനകത്തുള്ള തെറ്റായ ഒരു കാര്യത്തെ മുസ്ലിംകൾ അല്ലാത്തവർക്ക്‌ വിമർശിക്കാൻ പാടില്ല എന്നുണ്ടോ?. ഇനി വിമർശകർ മുസ്ലികൾ ആണെങ്കിൽ അവരുടെ ജാതകം പരിശോധിച്ച്‌, സംഘടനയും പാർട്ടി ബന്ധങ്ങളും അപഗ്രഥിച്ച്‌, അവർ പ്രാക്റ്റീസിംഗ്‌ ആണോ അല്ലേ എന്നൊക്കെ ഉറപ്പ്‌ വരുത്തി അതിനെ സമീപിക്കുന്ന രീതി ഭൂഷണമാണോ?

ഇങ്ങനെ മുസ്ലിം വിമർശകരുടെ നേരെ കൈചൂണ്ടി ‘തേരേ നാം ഇസ്ലാമോഫിക്‌’ വിളിക്കുന്ന സ്ഥിതി, അതിരു വിടുന്നുണ്ട്‌.
വിമർശിക്കാനുള്ള സ്വാതന്ത്ര്യം അനുഭവിക്കുമ്പോൾ വിമർശനങ്ങളോട്‌ സഹിഷ്ണുത കാണിക്കാനുമാകണം. വർഗീയ ഫാസിസത്തിനെതിരെ പ്രഖ്യാപിത നിലപാട്‌ പുലർത്തുന്നവരെ പോലും, ന്യൂനപക്ഷാവകാശങ്ങൾക്ക്‌ വേണ്ടി ശബ്ദിക്കുന്നവരെ പോലും; അവർ മുസ്ലിം സമുദായത്തിലെ എന്തെങ്കിലും വിഷയത്തിൽ വിമർശം ഉന്നയിക്കുന്ന മാത്രയിൽ ‘മൃദു സംഘി’ ആക്കി മുദ്ര കുത്തിക്കളയുന്ന അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്‌.

ഞങ്ങളുടെ കാര്യത്തിൽ ‘പുറത്ത്‌ നിന്ന്’ ആരും ഇടപെടേണ്ട എന്ന നിലപാട്‌ ഒരു ജനാധിപത്യ സമൂഹത്തിൽ പാടില്ല. ഒരു സമൂഹത്തിനും അങ്ങനെ നിലനിൽക്കാനുമാകില്ല. അങ്ങനെ വരുമ്പോൾ കൂടുതൽ അടഞ്ഞ, സങ്കുചിത സമുദായങ്ങളായി ഓരോ സമുദായവും മാറുകയാവും ഫലം. വിമർശനങ്ങളുടെ ചൂടേറ്റാണ് എല്ലാ സമുദായത്തിലും മാറ്റങ്ങൾ ഉണ്ടായത്‌.

മറ്റുള്ളവർ തങ്ങൾക്കെതിരെ നിരന്തരം ഗൂഢാലോചന നടത്തുന്നു എന്ന വിഭ്രാന്തി ഊണിലും ഉറക്കിലും കൊണ്ടു നടക്കുന്നത്‌ ഒരു തരം സംശയ രോഗമാണ്. എല്ലാവരെയും അകറ്റാനും കൂടുതൽ ശത്രുക്കളെ ഉണ്ടാക്കാനുമേ അത്‌ ഉപകരിക്കൂ.

വിമർശിക്കുന്നവർ എല്ലാം വിരോധികൾ ആണെന്ന് കണക്ക്‌ കൂട്ടിയാൽ പോറലേൽക്കാതെ രക്ഷപ്പെടുക, സമൂഹത്തിനകത്ത്‌ നിലനിൽക്കുന്ന
അന്യായങ്ങളും അനീതികളുമായിരിക്കും. അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു തുറന്ന സമൂഹത്തിൽ, സെക്യുലർ ഇടങ്ങളിൽ ജാതി, മത ഭേദമില്ലാതെ സാമുഹിക വിമർശങ്ങൾ നടക്കണം. സമുദായങ്ങൾക്ക്‌ ഉള്ളിൽ എന്ന പോലെ പുറത്തും വിമർശങ്ങൾ ഉണ്ടാകട്ടെ. അതിൽ അവാസ്തവങ്ങൾ വരുമ്പോൾ ചൂണ്ടിക്കാണിക്കാം, അധിക്ഷേപങ്ങൾക്ക്‌ മാന്യമായി മറുപടി പറയാം. അതിന്ന് പകരം വിമർശകരെ ഡിമൊണൈസ്‌ ചെയ്യരുത്‌.

ദൗർഭാഗ്യവശാൽ, മുസ്ലിംകളുടെ ആഭ്യന്തര രംഗങ്ങളിൽ വിമർശിക്കപ്പെടുന്ന, വിചാരണ ചെയ്യപ്പെടുന്ന ഒരേ കാര്യം ഒരു സെക്യുലർ ഇടത്തിൽ വിമർശിക്കപ്പെടുമ്പോൾ ‘ലെഫ്റ്റ്‌, ലിബറൽ, പ്രോ സംഘി’ അധിക്ഷേപങ്ങൾ ചൊരിഞ്ഞ്‌, നെറികെട്ട ഭാഷയിൽ വ്യക്തിഹത്യ നടത്തി വിമർശകരെ കൂട്ടമായി ഓടിച്ച്‌ വിടുന്നു. അതുവഴി പലപ്പോഴും അന്യായങ്ങൾക്ക്‌ ലെജിറ്റിമസി നേടിക്കൊടുക്കുകയാണ്
ചെയ്യുന്നതെന്ന് അവർ മറന്ന് പോകുന്നു.

Story Highlights: Emmar Kinalur facebook post about Islamophobia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here