അയോഗ്യത റദ്ദാക്കണം; ലക്ഷദ്വീപ് മുൻ എം.പി. മുഹമ്മദ് ഫൈസൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

അയോഗ്യത റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് മുൻ എം.പി. മുഹമ്മദ് ഫൈസൽ നൽകിയ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ശിക്ഷാവിധി സ്റ്റേ ചെയ്‌തതിനെ തുടർന്ന് അയോഗ്യത നീങ്ങിയിട്ടും ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കാത്തത് ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജി ആണ് സുപ്രിം കോടതി കേൾക്കുക. ജസ്റ്റിസ് കെ.എം. ജോസഫും ബി.ബി. നാഗരത്‌നയുമടങ്ങിയ ബെഞ്ചാണ് ബുധനാഴ്ച പരിഗണിക്കാനായി ഇന്നലെ ഹർജി മാറ്റിയത്. ഹർജി പരിഗണിക്കുന്നതിനായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റു ചില കേസുകളുടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തതിനെ തുടർന്ന് മാറ്റുകയായിരുന്നു. (lakshadweep faizal supreme court)
ഈ കേസിൽ ജനപ്രതിനിധിയായി തുടരുക എന്നത് എങ്ങനെ മൗലികാവകാശത്തിന്റെ ഭാഗമാകും എന്ന് ഇന്നലെ കോടതി ആരാഞ്ഞിരുന്നു. തനിക്കെതിരെയുള്ള കേസ് ജനുവരി 25ന് കേരള ഹൈക്കോടതി സ്റ്റേ ചെയ്‌തിട്ടും ജനുവരി 13ന് ഇറക്കിയ അയോഗ്യതാ വിജ്ഞാപനം ലോക്‌സഭാ സെക്രട്ടേറിയറ്റ് പിൻവലിക്കുന്നില്ലെന്ന് ഫൈസൽ ചൂണ്ടിക്കാട്ടി. തന്റെ അയോഗ്യതയെ തുടർന്ന് ലക്ഷദ്വീപിൽ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പിൻവലിച്ചു. തീരുമാനം വൈകിയതിനാൽ ലോക്‌സഭയുടെ രണ്ടു സെഷനുകൾ നഷ്‌ടമായെന്നും ഹർജിക്കാരൻ പരാതിപ്പെടുന്നു.
Read Also: ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റി
2009 ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മുൻ കേന്ദ്രമന്ത്രി പി.എം സയീദിന്റെ മരുമകനും കോൺഗ്രസ് പ്രവർത്തകനുമായ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കവരത്തി ജില്ലാ സെഷൻസ് കോടതി പത്ത് വർഷം തടവ് ശിക്ഷ വിധിച്ചതാണ് എൻ.സി. പി നേതാവായ മുഹമ്മദ് ഫൈസലിന്റെ അയോഗ്യതയ്‌ക്കും ലോക്‌സഭാംഗത്വം റദ്ദാക്കലിനും ഇടയാക്കിയത്. 2014 മുതൽ ലക്ഷദ്വീപ് എം.പിയാണ്. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി ആണ് മുഹമ്മദ് ഫൈസലിന് വേണ്ടി ഹാജരാകുക.
Story Highlights: lakshadweep ex mp mohammed faizal supreme court