മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി മുഖ്യമന്ത്രി

മൂന്ന് സുഹൃത്തുക്കളെ രക്ഷിച്ച 10 വയസ്സുകാരന് ഒരു ലക്ഷം രൂപ നൽകി മുഖ്യമന്ത്രി. ഗോവ തലസ്ഥാനത്ത് നിന്ന് 15 കിലോമീറ്റർ അകലെ കുംബർജുവയിലെ നദിയിൽ കുളിക്കാനിറങ്ങിയ മൂന്ന് സുഹൃത്തുക്കളാണ് വെള്ളത്തിൽ മുങ്ങിപോയത്. അങ്കുർകുമാർ സഞ്ജയ് പ്രസാദ് എന്ന പത്ത് വയസുകാരനാണ് ഗോവ സർക്കാർ അവാർഡ് നൽകി ആദരിച്ചത്. ( 10 year old boy saves three friends from drowning )
സുഹൃത്തുക്കൾ മുങ്ങിമരിക്കാൻ തുടങ്ങിയതോടെ ഈ പത്തുവയസ്സുകാരൻ സധൈര്യം സുഹൃത്തുക്കളെ രക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച അങ്കുർകുമാറിന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
“ധീരനായ ഈ ബാലനെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്. അങ്കുർകുമാർ സഞ്ജയ് പ്രസാദ് തന്റെ സമയോചിതമായ പ്രവർത്തനത്തിലൂടെ മൂന്ന് കുട്ടികളെ മുങ്ങിമരണത്തിൽ നിന്ന് രക്ഷിച്ചു. അഭിനന്ദന സൂചകമായി ഒരു ലക്ഷം രൂപയുടെ ചെക്കും നൽകി. അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയിലും ധീരതയിലും ഗോവ അഭിമാനിക്കുന്നു. ശോഭനമായ ഭാവിക്ക് എന്റെ ആശംസകൾ” സാവന്ത് ട്വിറ്ററിൽ ഒരു പോസ്റ്റിൽ പറഞ്ഞു.
10 വയസ്സുകാരന്റെ ധീരമായ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് പ്രതിപക്ഷ നേതാവും നിയമസഭയിൽ അഭിനന്ദന പ്രമേയം അവതരിപ്പിച്ചു. “ആംബുലൻസ് എത്തുന്നതിന് മുമ്പ് അവർക്ക് സിപിആർ നൽകാനും അവരുടെ ജീവൻ രക്ഷിക്കുന്നതിലും അദ്ദേഹം വിജയിച്ചു,” എന്നും കൂട്ടിച്ചേർത്തു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here