സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വി സിയായി ഡോ. സജി ഗോപിനാഥ് ഇന്ന് ചുമതലയേല്‍ക്കും

സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സിലര്‍ ആയി ഡോ. സജി ഗോപിനാഥ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തുമണിക്ക് സര്‍വകലാശാലയില്‍ എത്തി സ്ഥാനമേല്‍ക്കും. ഡിജിറ്റല്‍ സര്‍വകലാശാല വിസി ആയ സജി ഗോപിനാഥിന് അധിക ചുമതലയായാണ് കെടിയു വിസി സ്ഥാനം കൂടി നല്‍കിയത്. മുന്‍ വിസി സിസാ തോമസ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച പശ്ചാത്തലത്തിലാണ് ചുമതല മാറ്റം. സര്‍ക്കാര്‍ നല്‍കിയ മൂന്നംഗ പാനലില്‍ നിന്ന് ഇന്നലെയാണ് ഗവര്‍ണര്‍ സജീ ഗോപിനാഥിനെ വി സിയായി നിയമിച്ച് വിജ്ഞാപനമിറക്കിയത്. നേരത്തെ സര്‍ക്കാര്‍ സജി ഗോപിനാഥിന്റെ പേര് ശുപാര്‍ശ ചെയ്തപ്പോള്‍ ഗവര്‍ണര്‍ അത് നിരാകരിച്ചിരുന്നു. (Dr. Saji Gopinath will take charge of Technical University temporary VC)
അനുമതിയില്ലാതെ വി സി സ്ഥാനം ഏറ്റെടുത്തത് വീഴ്ചയെന്ന് കാട്ടി സിസാ തോമസിന് സര്‍ക്കാര്‍ ഇന്നലെ കുറ്റാരോപണ പത്രിക നല്‍കിയിരുന്നു. അനുമതിയില്ലാതെ വി സി സ്ഥാനം ഏറ്റെടുത്തതിനാല്‍ സിസാ തോമസ് വഹിച്ചിരുന്ന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ചുമതലകളില്‍ വീഴ്ചയുണ്ടായെന്നും ഇത് അച്ചടക്ക നടപടി സ്വീകരിക്കേണ്ട സാഹചര്യമുണ്ടാക്കിയെന്നും കുറ്റാരോപണ പത്രികയില്‍ പറയുന്നു.
Read Also: അനുമതിയില്ലാതെ സ്ഥാനം ഏറ്റെടുത്തത് വീഴ്ച; സിസാ തോമസിന് കുറ്റാരോപണ പത്രിക നല്‍കി സര്‍ക്കാര്‍
അനുമതി ഇല്ലാതെ വി സി സ്ഥാനം ഏറ്റെടുത്തത് വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി സിസാ തോമസിന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയായാണ് കുറ്റാരോപണ പത്രികയും നല്‍കിയിരിക്കുന്നത്. സിസാ തോമസിനോട് ഇന്ന് ഹിയറിംഗിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സിസാ ഇന്ന് എത്തിയിരുന്നില്ല. വിരമിക്കല്‍ സംബന്ധമായ തിരക്കുകളുണ്ടെന്നും അതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നുമായിരുന്നു സിസാ തോമസിന്റെ മറുപടി. വിരമിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പാണ് സിസാ തോമസിന് സര്‍ക്കാര്‍ കുറ്റാരോപണ പത്രിക നല്‍കിയത്.
കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന സിസാ തോമസിന്റെ ആവശ്യം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിരാകരിച്ചിരുന്നു. സര്‍ക്കാരിന് തുടര്‍നടപടിയുമായി മുന്നോട്ടു പോകാമെന്നായിരുന്നു ട്രൈബ്യൂണല്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കെടിയു വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിനെതിരെ നടപടിയെടുക്കും മുന്‍പ് സര്‍ക്കാര്‍ അവരെ കേള്‍ക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
Story Highlights: Dr. Saji Gopinath will take charge of Technical University temporary VC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here