എറണാകുളത്ത് വീണ്ടും പൊലീസ് മർദനം; കാക്കനാട് സ്വദേശി റിനീഷനാണ് മുഖത്തും കാലിലും മർദ്ദനമേറ്റത്

എറണാകുളത്ത് വീണ്ടും പൊലീസ് മർദനം എന്ന് പരാതി. എറണാകുളം നോർത്ത് പോലീസ് അകാരണമായി മർദ്ദിച്ചു എന്നാണ് പരാതി. കാക്കനാട് സ്വദേശി റിനീഷനാണ് മുഖത്തും കാലിലും മർദ്ദനമേറ്റത്. ഒരു കാരണവും ഇല്ലാതെ മകനെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് റിനീഷിന്റെ അമ്മ റീന ട്വന്റിഫോറിനോട് പറഞ്ഞു. ( ernakulam police attacked youth )
സംഭവത്തിൽ അന്വേഷണത്തിന് കൊച്ചി പൊലീസ് കമ്മീഷണർ ഉത്തരവിട്ടു. റിനീഷിനെ മർദ്ദിച്ചിട്ടില്ലെന്നും ചോദ്യം ചെയ്തത് പെട്രോളിങ്ങിന്റെ ഭാഗമായാണെന്നും നോർത്ത് പൊലീസ് പറഞ്ഞു. തൃപ്പൂണിത്തുറയിൽ ഉണ്ടായതിന്റെ തനിയാവർത്തനമാണ് സംഭവിച്ചതെന്ന് എംഎൽഎ ഉമ തോമസ് ആരോപിച്ചു.
തൃപ്പൂണിത്തുറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിന് പിന്നാലെയാണ് കൊച്ചിയിൽ വീണ്ടും പോലീസിനെതിരെ പരാതി ഉയരുന്നത്. മാൻപവർ കമ്പനിയിലെ ജീവനക്കാരനാണ് റിനീഷ് ജോലിയുടെ ഭാഗമായാണ് നോർത്ത് പാലത്തിനു സമീപം എത്തിയത്. നാരങ്ങ വെള്ളം കുടിച്ച് വിശ്രമിക്കുന്നതിനിടെ പൊലീസ് എത്തി ചോദ്യം ചെയ്തു എന്നും പിന്നീട് മർദ്ദിക്കുകയായിരുന്നു എന്നും റിനീഷ് പറയുന്നു. അകാരണമായി മകനെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് റിനീഷിന്റെ അമ്മ റീന ആവശ്യപ്പെട്ടു.
കൊച്ചിയിൽ നടക്കുന്നത് പോലീസ് രാജ് എന്നും പാർട്ടി സംരക്ഷിക്കുമെന്ന ബോധ്യമുള്ളതു കൊണ്ടാണ് പോലീസുകാർ ഇങ്ങനെ പെരുമാറുന്നതെന്നും ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു.
എന്നാൽ റിനീഷിനെ മർദിച്ചിട്ടില്ലെന്നാണ് നോർത്ത് പൊലീസ് പറയുന്നത്. പാലത്തിൻറെ താഴെ പതിവായി ലഹരി ഇടപാടുകളും ആയി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നടക്കാറുണ്ടെന്നും പെട്രോളിങ്ങിന്റെ ഭാഗമായി ആണ് ചോദ്യം ചെയ്തതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ നിർദ്ദേശിച്ചു. സെൻട്രൽ എസിപിക്കാണ് അന്വേഷണ ചുമതല.
Story Highlights: ernakulam police attacked youth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here