‘ശരീരത്തില്‍ പൊള്ളലേറ്റിട്ടില്ല, തലയ്ക്ക് സാരമായ പരുക്ക്; എലത്തൂര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

കോഴിക്കോട് എലത്തൂരില്‍ അജ്ഞാതന്‍ ട്രെയിനിന് തീകൊളുത്തിയ സംഭവത്തില്‍ മരിച്ച മൂന്ന് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റഹ്മത്ത്, സഹറ, നൗഫീഖ് എന്നിവരാണ് മരിച്ചത്. ഇവരുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളില്ല. ട്രെയിനില്‍ നിന്ന് ചാടിയ സമയത്ത് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ ട്രെയിനില്‍ നിന്ന് ചാടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ തലയ്ക്ക് പിന്നില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്.(Post-mortem completed in Elathur train fire accident)
എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് മട്ടന്നൂര്‍ സ്വദേശി റഹ്മത്തിന്റേയും സഹോദരിയുടെ മകള്‍ രണ്ട് വയസുകാരി സഹറയുടേയും മൃതദേഹങ്ങള്‍ കിട്ടിയത്. പെട്രോള്‍ ആക്രമണം ഭയന്ന് ട്രെയിനില്‍ നിന്ന് റഹ്മത്തും കുഞ്ഞും എടുത്ത് ചാടിയെന്നാണ് യാത്രക്കാര്‍ പറയുന്നത്. മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ കിടക്കുന്ന മൂന്ന് മൃതദേഹങ്ങള്‍ കണ്ടത്. ഇദ്ദേഹം ഉടന്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.
ഇന്നലെ രാത്രി 9 മണിയോടെയാണ് ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസില്‍ അജ്ഞാതന്‍ തീവച്ചത്. സംഭവത്തില്‍ ഒന്‍പത് പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ പ്രിന്‍സ് എന്നയാളെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ മറ്റുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്.
Story Highlights: Post-mortem completed in Elathur train fire accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here