എലത്തൂർ ട്രെയിൻ തീവയ്പ്പ് ; അന്വേഷണത്തില്‍ പങ്കാളികളായ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര ഏജന്‍സികളെയും അഭിനന്ദിക്കുന്നു; പിണറായി വിജയൻ

ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിൽ യാത്രക്കാരെ അക്രമിച്ച് തീ കൊളുത്തിയതിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടതും പത്തോളം പേര്‍ക്ക് പരുക്കേറ്റതുമായ സംഭവത്തിലെ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. (Pinarayi vijayan praises kerala police and central agencies on elathur issue )
അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടൻ തന്നെ കുറ്റക്കാരെ കണ്ടെത്തുവാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിക്ക് സമീപം പിടികൂടാന്‍ കഴിഞ്ഞു.
കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി പൊലീസ് കസ്റ്റഡിയിലായത്. സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ അക്രമിയെ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് കേരളപോലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണത്തില്‍ പങ്കാളികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും മഹാരാഷ്ട്ര എ.ടി.എസ്, കേന്ദ്ര ഇന്റലിജന്‍സ്, റെയിൽവേ അടക്കം സഹകരിച്ച മറ്റ് ഏജന്‍സികളെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights: Pinarayi vijayan praises kerala police and central agencies on elathur issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here